പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ പുതുതായി ഒന്നുമില്ലെന്നും മുന്‍പുള്ള വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും കോണ്‍ഗ്രസ്. പുതിയ ഇന്ത്യയെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെങ്കിലും ബജറ്റ് പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചതാണെന്നും കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള പദ്ധതികളില്ല.
പുതിയ സംരംഭങ്ങള്‍ ഉള്‍പ്പെടുത്തിയതുമില്ല. ഇന്ത്യയെ വികസനത്തിന്റെയും പുരോഗതിയുടെയും സ്വപ്ന ലോകമായാണ് ബജറ്റിലൂടെ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ തൊഴിലില്ലായ്മ, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാല്‍ രാജ്യം പൊറുതിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റില്‍ സാധാരണക്കാരന് ഒന്നുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ മോത്തിലാല്‍ വോറ കുറ്റപ്പെടുത്തി. ഇന്ധനവില ഏറ്റവും ഉയര്‍ന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അതിനിടെയാണ് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ ബജറ്റിലൂടെ പ്രഖ്യാപിച്ചതെന്നും ശശി തരൂര്‍ എം.പി പറഞ്ഞു. സാധാരണക്കാരനെ ശക്തമായി ബാധിക്കുന്ന തീരുമാനമാണിത്. പെട്രോള്‍ വില വര്‍ധനവിലൂടെ മുഴുവന്‍ വസ്തുക്കളുടെയും വില വര്‍ധിക്കും. ജി.ഡി.പി ഒരിക്കലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. സാമ്പത്തിക സര്‍വേയില്‍ പരാമര്‍ശിക്കപ്പെട്ട കണക്കുകളും ജി.ഡി.പിയും തമ്മില്‍ യോജിപ്പുണ്ടോ എന്നതു സംബന്ധിച്ച് യഥാര്‍ഥത്തില്‍ യാതൊരു ധാരണയുമില്ല. വസ്തുതയും പ്രഖ്യാപനങ്ങളും തമ്മില്‍ വന്‍ വ്യത്യാസമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്‌സഭയില്‍ അവതരിപ്പിച്ചത് വിരസമായ ബജറ്റാണെന്ന് പി. ചിദംബരം പറഞ്ഞു. മൊത്ത വരുമാനം, ചെലവ്, കമ്മി എന്നിവ പ്രതിപാദിക്കാത്ത ബജറ്റ് പല കാര്യങ്ങളിലും വ്യക്തതയില്ലാത്തതാണ്. തൊഴിലുറപ്പ് പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, ആരോഗ്യം എന്നീ മേഖലകളെ കുറിച്ച് പരാമര്‍ശിക്കാത്ത ആദ്യ ബജറ്റാണിത്.
എസ്.സി-എസ്.ടി, ന്യൂനപക്ഷ, വനിതാ വിഭാഗങ്ങളെ കുറിച്ചും ബജറ്റ് പ്രസംഗത്തിലില്ല. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഒരു പുതിയ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ചിദംബരം കുറ്റപ്പെടുത്തി. ബജറ്റ് തുണിയില്‍ പൊതിഞ്ഞെത്തിയ ധനകാര്യ മന്ത്രിയെ പരിഹസിക്കാനും ചിദംബരം മറന്നില്ല. ഭാവിയില്‍ കോണ്‍ഗ്രസിന്റെ ധനകാര്യമന്ത്രി തന്റെ ഐപാഡിലായിരിക്കും ബജറ്റുമായി വരികയെന്ന് ചിദംബരം പറഞ്ഞു.
സാധാരണയായി ബ്രീഫ്‌കേസുമായാണ് ബജറ്റ് അവതരണത്തിനു ധനമന്ത്രിമാര്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണ അശോകചിഹ്നം പതിച്ച ചുവന്ന തുണിയില്‍ പൊതിഞ്ഞ ഫയലുകളുമായാണ് നിര്‍മലാ സീതാരാമന്‍ തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്.
ബജറ്റില്‍ രാജ്യത്ത് പുത്തനുണര്‍വ് നല്‍കുന്നതോ പുതിയ നിര്‍ദേശങ്ങളോ ഇല്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പ്രതികരിച്ചു. സാമ്പത്തിക പുനരുത്ഥാനത്തിനായി നിര്‍ദേശങ്ങളോ പുതിയ തൊഴിലുകളുണ്ടാക്കുന്ന പദ്ധതികളോ ഗ്രാമീണ, നഗര വികസനത്തിനുള്ള പദ്ധതികളോ ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
ഗ്രാമീണരും കര്‍ഷകരും പാവങ്ങളും വന്‍ പ്രതിസന്ധിയാണു നേരിടുന്നത്. കേവലം വാക്കുകളിലൂടെ അവരുടെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു. ദാരിദ്ര്യം, ക്ഷാമം എന്നിവ ഈ ബജറ്റ് കൊണ്ട് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും സുര്‍ജെവാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."