കര്‍ക്കിടക വാവുബലി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊല്ലം: തിരുമുല്ലവാരത്ത് ഓഗസ്റ്റ് രണ്ടിനു നടക്കുന്ന കര്‍ക്കിടകവാവ് ബലിയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വാവുബലിയുടെ മേല്‍നോട്ടം വഹിക്കാന്‍ തിരുവനന്തപുരം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ കെ.ആര്‍. മോഹന്‍ലാലിനെ നിയമിച്ചു.
ജില്ലാ കലക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പു മേധാവികളുടെ സഹകരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജപ്രേമ പ്രസാദിന്റെ നേതൃത്വത്തില്‍ നടപ്പാക്കി. പുരോഹിതര്‍ക്ക് ലൈസന്‍സ് നല്‍കി. ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചു. കടല്‍തീരത്തു ബലിയിടാനുള്ള മണ്ഡപങ്ങള്‍ സജ്ജമാക്കി. അമ്പലത്തിലെ വഴിപാടു വിതരണം ചെയ്യാനായി താല്‍കാലിക ഷെഡ് നിര്‍മിച്ചു. തിലഹോമം നടത്താനുള്ള സൗകര്യവും ഒരുക്കി. ഭക്തജനത്തിരക്കു നിയന്ത്രിക്കാന്‍ ബാരിക്കേഡ് നിര്‍മിച്ചു. ക്ഷേത്രത്തില്‍ ചെയ്യേണ്ട സിവില്‍, ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി.
ബലി ദിവസമായ ഓഗസ്റ്റ് രണ്ടിനു പുലര്‍ച്ചെ രണ്ടിനു ബലി ആരംഭിക്കും. 350 പേര്‍ക്ക് ഒരേസമയം പിതൃതര്‍പണം അനുഷ്ഠിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിയ്ക്ക് കാര്‍മികത്വം വഹിക്കാന്‍ 20 പുരോഹിതന്‍മാരെയും നിയോഗിച്ചു. പിതൃതര്‍പ്പണത്തിനുള്ള ടിക്കറ്റുകള്‍ മുന്‍കൂറായി തിരുമുല്ലവാരം ക്ഷേത്രത്തിലും കൊല്ലത്തെ മറ്റു പ്രധാന അമ്പലങ്ങളിലും വിതരണം ചെയ്തു തുടങ്ങി. ക്ഷേത്രോപദേശക സമിതിയുടേയും മറ്റു വിവിധ സംഘടനകളുടേയും സഹകരണത്തോടെയാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വിവേകാനന്ദ പാറയുടെ മാതൃകയില്‍ തിരുമുല്ലവാരത്തു മണ്ഡപം സ്ഥാപിക്കുമെന്നും ക്ഷേത്രം ശ്രീകോവില്‍ പുനരുദ്ധരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചവറ: പന്മന ആശ്രമത്തില്‍ ബലിതര്‍പണത്തിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരേസമയം 200 പേര്‍ക്ക് ബലിയിടാനുള്ള ഒരുക്കങ്ങളാണു പ്രത്യേകം തയാറാക്കിയ പന്തലില്‍ ഏര്‍പ്പെടുത്തിയത്. സമാധിക്ഷേത്രം മേല്‍ശാന്തി താമരമഠം നാരായണന്‍ നമ്പൂതിരി, ത്രിപുരസുന്ദരി ക്ഷേത്രം ശാന്തി ഓലകെട്ടി മഹേഷ് ശാന്തി തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."