ഇത്രയേ വേണ്ടതുള്ളൂ: പിഴവില്ലാതെ പാര്‍ഥാ സെന്റര്‍ നിവര്‍ന്നു നില്‍ക്കുന്നു; സെന്റര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി
തിരുവനന്തപും: ഏറെ വിവാദമായ കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ പാര്‍ഥ കണ്‍വന്‍ഷന്‍ പിഴവുകളില്ലാതെ നിവര്‍ന്നു നില്‍ക്കാനൊരുങ്ങുന്നു.
കണ്‍വന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയായി. തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയുള്ള ഉത്തരവിറക്കിയത്.
നഗരസഭാ സെക്രട്ടറി കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തണം. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചെറിയ ചില കണ്ണടക്കലുകള്‍ വരുത്തിയിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു ആത്മഹത്യ കേരള രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തിയപ്പോള്‍ ആ പിഴവുകളും പിഴവുകളല്ലാതെയാവുകയാണ്.ഇത്രയേ വേണ്ടതുള്ളൂ.
ഇതോടെ നാഥനില്ലാതായ ഒരു കുടുംബത്തിന്റെ കണ്ണുതുടക്കാനെങ്കിലും ആയേക്കാം. അവരുടെ നഷ്ടം ഒരിക്കലും നികത്തപ്പെടില്ലെങ്കിലും ഒരു കൈ സഹായം.
സെന്ററിന്റെ പിഴവുകള്‍ തിരുത്തിയുള്ള പ്ലാന്‍ ഈ മാസം എട്ടിന് ആന്തൂര്‍ നഗരസഭയ്ക്കു സമര്‍പ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു അധികൃതര്‍.
ചീഫ് ടൗണ്‍ പ്ലാനറുടെ പരിശോധനയില്‍ കണ്ടെത്തിയ നാലു പിഴവുകളില്‍ മൂന്നെണ്ണവും ഇതിനോടകം പരിഹരിച്ചു. കണ്‍വന്‍ഷന്‍ സെന്ററിനു പിന്നില്‍ തുറസായ സ്ഥലത്ത് ജലസംഭരണി സ്ഥാപിച്ചെന്ന പിഴവാണ് ഇനി തിരുത്താനുള്ളത്. അതും തിരുത്തി സെന്റര്‍ തുറക്കാനുള്ള പദ്ധതികള്‍ക്കാണ് ജീവന്‍ വയ്ക്കുന്നത്.
ജലസംഭരണി സ്ഥാപിച്ചതില്‍ ഇളവുതേടി മന്ത്രി എ.സി.മൊയ്തീനു നല്‍കിയ അപേക്ഷയില്‍ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
റാംപ്, ബാല്‍ക്കണി, ശുചിമുറി എന്നിവയുമായി ബന്ധപ്പെട്ട പിഴവുകളാണ് പരിഹരിച്ചത്. അതുകൂടി ലഭിച്ചാല്‍ പുതുക്കിയ പ്ലാന്‍ സമര്‍പ്പിക്കാനാവും. ഇതിനിടെ മറ്റു പിഴവുകളെല്ലാം പരിഹരിച്ചതായി പാര്‍ഥ ബില്‍ഡേഴ്‌സ് നഗരസഭാ സെക്രട്ടറിയെ അറിയിച്ചു. പിഴവുകള്‍ പരിഹരിച്ചത് നഗരസഭാ സംഘം തിങ്കളാഴ്ച പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."