റോബര്‍ട്ട്, ഇനിയാരാണ് തോറ്റവരെക്കുറിച്ച് സംസാരിക്കുക
1993ന്റെ അവസാനത്തില്‍ സുദാനിലെ ഖാര്‍ത്തൂമില്‍വച്ച് താന്‍ പരിചയപ്പെട്ട ലജ്ജാലുവായ കോടീശ്വരന്‍ ശൈഖിനെക്കുറിച്ച് 2005ല്‍ പ്രസിദ്ധീകരിച്ച 'ദ ഗ്രേറ്റ് വാര്‍ ഫോര്‍ സിവിലൈസേഷന്‍: ദി കോണ്‍ക്വസ്റ്റ് ഓഫ് ദി മിഡില്‍ ഈസ്റ്റ്' എന്ന തന്റെ പുസ്തകത്തില്‍ റോബര്‍ട്ട് ഫിസ്‌ക് പറയുന്നുണ്ട്. സുദാനിലെ തുറമുഖത്ത് നിന്ന് ഖാര്‍ത്തൂമിലേക്കുണ്ടായിരുന്ന 1200 കിലോമീറ്റര്‍ റോഡിന് പകരം അസാധ്യമെന്ന് കരുതിയ പുതിയ റൂട്ടിലൂടെ 800 കിലോമീറ്ററില്‍ റോഡ് നിര്‍മിച്ച് എന്‍ജിനീയറിങ് വൈഭവം കാട്ടിയൊരാള്‍. പിന്നീട് ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഉസാമ ബിന്‍ ലാദനായിരുന്നു അത്. മുജാഹിദീന്‍ ഇതിഹാസത്തിന്റെ പര്‍വത യോദ്ധാവെന്നും സഊദിയുടെ സ്വന്തം യുദ്ധവീരനെന്നുമാണ് ഉസാമയെ അന്നും പിന്നീടും ഫിസ്‌ക് വിശേഷിപ്പിച്ചത്. യുദ്ധങ്ങളെയും പൗരസ്ത്യരെയും കുറിച്ച് പടിഞ്ഞാറിന്റെ ന്യായങ്ങളിലൊന്നും ഫിസ്‌ക് വിശ്വസിച്ചിരുന്നില്ല. ശത്രുക്കളെക്കുറിച്ചുള്ള അമേരിക്കന്‍ വായ്ത്താരികള്‍ ഏറ്റുപിടിച്ചുമില്ല. അമേരിക്ക ഒരാളെ ഭീകരനാണെന്ന് പ്രഖ്യാപിച്ചതുകൊണ്ട് മാത്രം തനിക്കയാള്‍ ഭീകരനാവുന്നില്ലെന്ന് ഫിസ്‌ക് കരുതിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നമ്മോട് വിടപറഞ്ഞ ഫിസ്‌ക് നമ്മുടെ കാലം കണ്ട ഏറ്റവും മികച്ച യുദ്ധകാര്യ പത്രപ്രവര്‍ത്തകനാണ്. ഫിസ്‌ക് കണ്ടത്ര യുദ്ധമൊന്നും മറ്റാരും കണ്ടിട്ടില്ല. 1982ല്‍ ഇസ്‌റാഈല്‍ സൈനിക ജനറലായിരുന്ന ഏരിയര്‍ ഷാരോണിന്റെ നേതൃത്വത്തില്‍ ഷാബ്ര, ഷത്തീല അഭയാര്‍ഥി ക്യാംപുകളില്‍ നടത്തിയ കൂട്ടക്കൊല നേരില്‍ക്കണ്ട റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ് ഫിസ്‌ക്.
അതേക്കുറിച്ച് അദ്ദേഹം എഴുതി: 'കൂട്ടക്കൊല തുടര്‍ന്നുകൊണ്ടിരിക്കെ രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞാന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പ്രവേശിച്ചു. പിന്നെ അമേരിക്കന്‍ റിപ്പോര്‍ട്ടറുമൊത്ത് ഒരു കുടിലിന്റെ മുറ്റത്ത് അപ്പോള്‍ കൊല്ലപ്പെട്ട യുവതിയുടെ അരികില്‍ ഒളിച്ചിരുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാന്‍ മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഞങ്ങള്‍ക്ക് ഇഴഞ്ഞുനീങ്ങേണ്ടി വന്നു. അന്ന് വൈകുന്നേരം, തന്റെ വസ്ത്രങ്ങളില്‍ ചോരയുടെയും വിയര്‍പ്പിന്റെയും കടുത്ത ഗന്ധമായിരുന്നു. മരണത്തിന്റെ ഗന്ധം നിറഞ്ഞുനിന്ന വസ്ത്രങ്ങള്‍ അന്ന് ഞാന്‍ കത്തിച്ചു കളഞ്ഞു' . അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശക്കാലത്ത് സോവിയറ്റ് സൈന്യം ജലാലാബാദിലെ ഉള്‍ഗ്രാമത്തില്‍വച്ച് ഫിസ്‌കിനെ തടഞ്ഞുനിര്‍ത്തി. ഒരു സോവിയറ്റ് സൈനിക വാഹനത്തിലാണ് തിരിച്ച് നഗരത്തിലെത്തിച്ചത്. അതേക്കുറിച്ച് ഫിസ്‌ക് പറയുന്നുണ്ട്. വാഹനത്തില്‍ ഒരു ഓഫിസര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. അയാള്‍ ഇടതുവശത്തിരിക്കുന്ന എന്റെ കയ്യില്‍ യന്ത്രത്തോക്ക് തന്നു പുറത്തേക്ക് നീട്ടിയിരിക്കാന്‍ പറഞ്ഞു. യുദ്ധഭൂമിയില്‍ സൈനിക നീക്കങ്ങള്‍ നടത്തുമ്പോള്‍ വാഹനത്തിന് പുറത്തേക്ക് തോക്കുമായി തലയിട്ട് ഒരു സൈനികന്‍ ജാഗ്രതയോടെ നിലയുറപ്പിക്കും. അസാധാരണമായെന്തെങ്കിലും കണ്ടാല്‍ വെടിവയ്ക്കണം. തോക്കുമായി പുറത്തേക്ക് നോക്കിയിരുന്നു ഫിസ്‌ക്. നഗരത്തിലെത്തുന്നത് വരെ ഏറ്റുമുട്ടലൊന്നുമുണ്ടായില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍ വെടിവയ്ക്കുമായിരുന്നോയെന്ന് താന്‍ പലപ്പോഴും ഞെട്ടലോടെ ഓര്‍ത്തിരുന്നെന്ന് ഫിസ്‌ക് പറയുന്നു.
1946ല്‍ കെന്റിലെ മൈഡ്‌സ്റ്റോണില്‍ സൈനികനായ വില്യം ഫിക്‌സിന്റെ മകനായി ജനിച്ച റോബര്‍ട്ട് ബ്രിട്ടിഷ് പൗരത്വത്തിനൊപ്പം ഐറിഷ് പൗരത്വം കൂടി സ്വീകരിച്ചിരുന്നു. പൗരസ്ത്യ ലോകത്ത് ബ്രിട്ടിഷ് എന്നതിനേക്കാള്‍ ഐറിഷ് എന്നറിയപ്പെടാനായിരുന്നു ഫിസ്‌കിന് താല്‍പര്യം. ഉസാമ ബിന്‍ലാദനെ ആദ്യമായി പരിചയപ്പെടുമ്പോള്‍ താന്‍ ഐറിഷാണെന്നാണ് ഫിസ്‌ക് പറഞ്ഞത്. എന്നാല്‍ അതൊരു നുണയാണെന്ന തനിക്കു തന്നെ അറിയാമായിരുന്നുവെന്ന് ഫിസ്‌ക് എഴുതിയിട്ടുണ്ട്. പൗരത്വമുണ്ടെങ്കിലും അയര്‍ലന്‍ഡില്‍ പഠിച്ചിട്ടേയുള്ളൂ. ജനിച്ചത് ബ്രിട്ടിഷുകാരനായിട്ടാണ്. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള പിതാവ് വില്യമിനെ അനുസരണക്കേടിന് സൈന്യം ശിക്ഷിച്ചു. മറ്റൊരു സൈനികനെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ചതിനായിരുന്നു അത്. റോബര്‍ട്ടിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ സംഭവം. 'ഈവനിങ് ക്രോണിക്കി'ളില്‍ ട്രെയിനി റിപ്പോര്‍ട്ടറായി ജോലി തുടങ്ങുമ്പോള്‍ 18 വയസു മാത്രമായിരുന്നു റോബര്‍ട്ടിന്. യുദ്ധങ്ങളില്‍ എന്തു നടക്കുന്നുവെന്നറിയാനായിരുന്നു അന്നു മുതല്‍ താല്‍പര്യം. പിതാവ് പറഞ്ഞുകൊടുത്ത യുദ്ധത്തിന്റെ കഥകള്‍ ഫിസ്‌കിന്റെ മനസിലുണ്ടാകണം. ലോകം കണ്ട ഏറ്റവും മികച്ച യുദ്ധ റിപ്പോര്‍ട്ടറായുള്ള ഫിസ്‌കിന്റെ വളര്‍ച്ചയുടെ തുടക്കം അങ്ങനെയാണ്.
'സണ്‍ഡേ എക്‌സ്പ്രസി'ല്‍ ചേര്‍ന്നതായിരുന്നു ഫിസ്‌കിന്റെ ജീവിതത്തിലെ വഴിത്തിരിവ്. 1972ല്‍ ബെല്‍ഫാസ്റ്റിലെത്തി 'ടൈംസി'ന്റെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ലേഖകനായി യുദ്ധരംഗത്തുനിന്ന് റിപ്പോര്‍ട്ടുചെയ്യാന്‍ തുടങ്ങി. 1976ല്‍ അദ്ദേഹം പത്രത്തിന്റെ മിഡില്‍ ഈസ്റ്റ് ലേഖകനായി. ടൈംസിനെ മര്‍ഡോക്ക് വിഴുങ്ങുകയും നിഷ്പക്ഷതയില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തതോടെ റോബര്‍ട്ട് പത്രം വിട്ടു. അദ്ദേഹത്തിനായി 'ഇന്‍ഡിപെന്‍ഡന്റ്' കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്‍ഡിപെന്‍ഡന്റിനെ ലോകമറിയിച്ചത് റോബര്‍ട്ടിന്റെ റിപ്പോര്‍ട്ടുകളാണ്. അപകടകരമായ പ്രദേശങ്ങളിലേക്ക് മറ്റാര്‍ക്കും മുമ്പെത്തുമായിരുന്നു അദ്ദേഹം. ഇംഗ്ലീഷെന്ന പോലെ അറബിയും സംസാരിക്കുകയും എഴുതുകയും ചെയ്യും. രണ്ടു അഫ്ഗാന്‍ യുദ്ധങ്ങള്‍, രണ്ടു ഇറാഖ് യുദ്ധങ്ങള്‍, ഇറാന്‍ വിപ്ലവം, സിറിയന്‍ ആഭ്യന്തര യുദ്ധം, ലബനാന്‍ യുദ്ധങ്ങള്‍, ഇസ്‌റാഈലിന്റെ അധിനിവേശങ്ങളും കൂട്ടക്കൊലകളും, അര്‍മേനിയന്‍ കൂട്ടക്കൊല, ബോസ്‌നിയന്‍ വംശഹത്യ, സുദാനിലെ സംഘര്‍ഷങ്ങള്‍ തുടങ്ങി ഫിസ്‌ക് നേരിട്ടുചെന്ന് റിപ്പോര്‍ട്ട് ചെയ്യാത്ത സമകാലിക സംഭവങ്ങളില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സഊദി അറേബ്യ കൊലപ്പെടുത്തിയ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഫിസ്‌കിന്റെ സുഹൃത്തായിരുന്നു. സുദാനില്‍ വച്ച് ആദ്യമായി ഫിസ്‌കിനെ ഉസാമക്ക് പരിചയപ്പെടുത്തുന്നത് ഖഷോഗിയാണ്. പിന്നാലെ ഫിസ്‌കിനെ കാണാന്‍ ഉസാമ നേരിട്ട് താല്‍പര്യം പ്രകടിപ്പിച്ചു. ഉസാമയെ അഭിമുഖം നടത്തിയ ഏക പാശ്ചാത്യ പത്രപ്രവര്‍ത്തകനും മൂന്നു തവണ അഭിമുഖം നടത്തിയ ഏക പത്രപ്രവര്‍ത്തകനുമായിരുന്നു ഫിസ്‌ക്. ഉസാമയെ അമേരിക്ക വേട്ടയാടിക്കൊണ്ടിരുന്ന കാലത്തായിരുന്നു അവസാന രണ്ടു അഭിമുഖവുമെന്നതായിരുന്നു ശ്രദ്ധേയം. ഈ രണ്ടു തവണയും ഉസാമയായിരുന്നു ഫിസ്‌കിനെ അഭിമുഖത്തിനായി തന്റെ ഒളിയിടങ്ങളിലേക്ക് കൊണ്ടുപോയത്. ഉസാമയ്ക്കായിരുന്നു ഫിസ്‌കിനോട് സംസാരിക്കാന്‍ താല്‍പര്യം. ഉസാമയുടെ അഭിമുഖത്തിനായി ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍ ശ്രമം നടത്തിക്കൊണ്ടിരുന്ന സമയത്തായിരുന്നു ഇത്.
ലണ്ടനിലെ ഓഫിസിലേക്ക് ഒരു ദിവസം ഉസാമയുടെ ലണ്ടന്‍ കോണ്‍ടാക്ടിന്റെ ഫോണ്‍കോള്‍ വന്നപ്പോഴേക്കും ചാടിയിറങ്ങുകയായിരുന്നില്ല ഫിസ്‌ക്. ക്ഷമയോടെ സോഴ്‌സുകളില്‍ വ്യക്തത വരുത്തി ഉസാമ തന്നെയാണ് തന്നെ കാണാന്‍ വിളിക്കുന്നതെന്ന് കാത്തിരുന്ന് ഉറപ്പുവരുത്തിയാണ് ജലാലാബാദിലേക്ക് പുറപ്പെടുന്നത്. ഹിന്ദുക്കുഷ് മലനിരകളിലെവിടെയോയുള്ള ഒളിത്താവളത്തിലേക്ക് ഒരുപറ്റം അറബ് പോരാളികള്‍ക്കൊപ്പം രഹസ്യമായി നടത്തിയ ഈ അതിസാഹസിക യാത്രയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഫിസ്‌ക് തന്റെ പുസ്തകം ആരംഭിക്കുന്നത് തന്നെ. പൗരസ്ത്യ ദേശങ്ങളിലേക്ക് പത്രപ്രവര്‍ത്തനത്തിന്റെയും സന്നദ്ധപ്രവര്‍ത്തനത്തിന്റെയും മറവില്‍ അമേരിക്കയും സയണിസ്റ്റുകളും ചാരന്‍മാരെ ഇറക്കുമതി ചെയ്യുന്ന കാലത്ത് ഉസാമ ഫിസ്‌കിനെ വിശ്വസിച്ചിരുന്നു. പാശ്ചാത്യരും കമ്മ്യൂണിസ്റ്റുകളും ചേര്‍ന്ന് പ്രചരിപ്പിച്ച രണ്ടു നുണകള്‍ തന്റെ പുസ്തകത്തില്‍ ഫിസ്‌ക് തുറന്നുകാട്ടിയിട്ടുണ്ട്. അതിലൊന്ന് ഉസാമ ലോകത്ത് മുഴുവന്‍ ഇസ്‌ലാമിക ഭീകരത കയറ്റിയയക്കുന്ന ഭീകരനാണെന്നതായിരുന്നു. ഇസ്‌ലാമിക ലോകത്ത് പാശ്ചാത്യരും സയണിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും നടത്തുന്ന അധിനിവേശത്തെ ചെറുക്കുകയെന്ന പരിമിതമായ രാഷ്ട്രീയലക്ഷ്യം മാത്രമേ ഉസാമക്കുണ്ടായിരുന്നുള്ളൂ. അയാള്‍ അത് മാത്രമേ ചെയ്തിട്ടുമുള്ളൂ. സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് പിന്നില്‍ ഉസാമയാണെന്ന് തനിക്ക് ബോധ്യമായിട്ടില്ലെന്നും ഫിസ്‌ക് എഴുതി.
രണ്ടാമത്, അമേരിക്ക ആയുധങ്ങള്‍ നല്‍കി വളര്‍ത്തിയ ഫ്രാന്‍കസ്‌റ്റൈന്‍ ഭൂതമാണ് ഉസാമയെന്നത് കമ്മ്യൂണിസ്റ്റ് നുണയാണ്. അക്കാര്യം തന്റെ പുസ്തകത്തിന്റെ ആദ്യ പേജുകളില്‍ തന്നെ ഫിസ്‌ക് പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശക്കാലത്ത് സഊദിയുടെ നേതൃത്വത്തില്‍ അറബ് നാടുകളില്‍നിന്ന് അഫ്ഗാനിസ്ഥാനില്‍ പോരാടാന്‍ അറബ് സൈന്യത്തെ ഒരുക്കാനുള്ള നീക്കംനടന്നു. സൈന്യത്തിന് സഊദി രാജകുമാരന്‍ തന്നെ നേതൃത്വം നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, സഊദി രാജകുമാരന്‍ അതിന് തയാറായില്ല. ആ ചുമതലയാണ് സഊദി കോടീശ്വരന്‍ ഉസാമ ബിന്‍ ലാദന്‍ ഏറ്റെടുത്തത്. ആയുധങ്ങളും പണവും സഊദി നല്‍കി. അഫ്ഗാനിസ്ഥാനിലെത്തിയ ഉസാമ അറബ് സൈന്യത്തെ നയിച്ചു. തന്റെ എന്‍ജിനീയറിങ് വൈഭവം കൊണ്ട് തുരങ്കങ്ങളും റോഡുകളുമുണ്ടാക്കി ഒളിപ്പോരിനുള്ള സജ്ജീകരണങ്ങളൊരുക്കി. 10 കൊല്ലത്തെ യുദ്ധത്തില്‍ അന്നത്തെ ലോകത്തെ വലിയ സൈനിക ശക്തിയായിരുന്ന സോവിയറ്റ് യൂണിയന്‍ ദരിദ്രരായ അഫ്ഗാനിസ്ഥാനോട് തോറ്റു. ഉസാമ സഊദിയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു.
ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന് പിന്നാലെ അമേരിക്കയ്ക്ക് ഇറാഖിനെ ആക്രമിക്കാന്‍ സൈനികത്താവളമൊരുക്കാന്‍ സഊദി തീരുമാനിച്ചതോടെയാണ് ഉസാമ സഊദിയുമായി പിണങ്ങുന്നത്. അമേരിക്കയെ സഊദിയില്‍ താവളമൊരുക്കാന്‍ അനുവദിക്കരുതെന്നും അഫ്ഗാന്‍ മാതൃകയില്‍ ഇറാഖ് സൈന്യത്തെ തന്റെ അറബ് സൈന്യം ഉപയോഗിച്ച് നേരിടാമെന്നുമായിരുന്നു ബിന്‍ലാദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സഊദി സമ്മതിച്ചില്ല. അമേരിക്കന്‍ സൈന്യം ഇറാഖില്‍ നടത്തിയ കൂട്ടക്കൊലയും ബലാത്സംഗവും കണ്ട ഉസാമ സഊദിയുടെ സ്ഥിരം വിമര്‍ശകനായി. സഊദി പൗരത്വം നഷ്ടപ്പെട്ട അദ്ദേഹം ആദ്യം സുദാനിലേക്കും പിന്നാലെ അഫ്ഗാനിസ്ഥാനിലേക്കും പലായനം ചെയ്തു. ഉസാമയെ പിടിക്കാന്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ബോംബിട്ടപ്പോള്‍ നീണ്ട യുദ്ധങ്ങളില്‍ നശിച്ചുപോയ ഒരു രാജ്യത്തിന്റെയും ജനതയുടെയും അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ജോര്‍ജ്ജ് ബുഷ് ബോംബിടുന്നതെന്ന് റോബര്‍ട്ട് ഫിസ്‌ക് എഴുതി. യുദ്ധങ്ങളെ ഫിസ്‌കിനോളം വെറുത്ത മറ്റൊരാളില്ല. യുദ്ധഭൂമികളില്‍ കണ്ട ശവങ്ങളുടെ ഗന്ധം ജീവിതകാലം മുഴുവന്‍ വേട്ടയാടിയിട്ടുണ്ടെന്നും ഫിസ്‌ക് പറഞ്ഞു. യുദ്ധത്തെ തെറ്റും ശരിയുമായുള്ള പോരാട്ടമായാണ് സര്‍ക്കാര്‍ വിശേഷിപ്പിക്കാറ്. വിജയത്തെയും തോല്‍വിയെയും കുറിച്ചാണ് പറയാറ്. എന്നാല്‍ യുദ്ധഭൂമിയില്‍ വിജയവും തോല്‍വിയുമൊന്നും തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫിസ്‌ക് എഴുതി. അവിടെ മരണവും മരണത്തിന്റെ ദുരിതങ്ങളും മാത്രമാണ് കണ്ടത്. തോറ്റുപോയ മനുഷ്യരാശി മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."