സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസില്‍ ഭിന്നത
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നും രണ്ട് എം.എല്‍.എമാരുടെ പങ്കിനെകുറിച്ചും അന്വേഷിക്കണമെന്നുമാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ അന്വേഷണം ആവശ്യപ്പെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അന്വേഷണം വേണ്ടെന്ന് ഉമ്മന്‍ചാണ്ടിയും നിലപാടെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് സോളാര്‍ വിവാദം വീണ്ടുമുയരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആയുധമാക്കുന്നതിനോട് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കള്‍ക്കും താല്‍പര്യമില്ല. അന്വേഷണം വന്നാല്‍ വീണ്ടും സോളാര്‍ ചര്‍ച്ചയാകുന്നതിലാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ക്ക് ആശങ്ക. മാത്രമല്ല, അന്വേഷണം ആവശ്യപ്പെടുന്നത് ആരോപണവിധേയരായ മറ്റു നേതാക്കള്‍ക്കെതിരായ കുറ്റം സമ്മതിക്കുന്നതിനു തുല്യമാകുമെന്ന മറുവാദവും ഉയര്‍ന്നു. വിവാദം വീണ്ടും സജീവ ചര്‍ച്ചയാക്കുന്നതിന് ഇതിടയാക്കുമെന്നും വിലയിരുത്തലുണ്ട്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സമാന നിലപാട് സോളാര്‍ കേസിലും വേണമെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നു. അന്വേഷണ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായമുണ്ടായശേഷം മാത്രം പ്രതികരിക്കാമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്.
സോളാര്‍ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാര്‍ ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തെന്ന കേരളാകോണ്‍ഗ്രസ് ബി മുന്‍ നേതാവ് ശരണ്യമനോജിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും വിവാദമുണ്ടായിരിക്കുന്നത്. ലൈംഗിക പീഡനത്തെക്കുറിച്ച് സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഗണേഷ് കുമാര്‍ ഇടപെട്ട് എഴുതി ചേര്‍ത്തെന്നായിരുന്നു ശരണ്യമനോജിന്റെ വെളിപ്പെടുത്തല്‍. രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേയ്ക്ക് അന്വേഷണ സംഘം കടക്കാനിരിക്കേയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
എന്നാല്‍ ശരണ്യമനോജിന്റെ വാക്കുകള്‍ തള്ളിയ പരാതിക്കാരി, ഉമ്മന്‍ചാണ്ടിക്കെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതികരിച്ചിരുന്നു. വെളിപ്പെടുത്തല്‍ തള്ളി പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന ഇരയുടെ വാക്കുകള്‍ ഉപയോഗിച്ചാണ് സി.പി.എം പ്രതിരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."