ദേശമംഗലത്തെ ഉരുള്‍പൊട്ടല്‍: ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചില്ല
ദേശമംഗലം: ഉരുള്‍പൊട്ടല്‍ ദുരന്തം എല്ലാം തകര്‍ത്തെറിയുകയും തങ്ങളുടെ പ്രിയപ്പെട്ട നാല് പേരുടെ ജീവന്‍ കവരുകയും ചെയ്തിട്ടും, ഗവണ്‍മെന്റിന്റെ ആനുകൂല്യങ്ങളൊന്നും ലഭിയ്ക്കാതെ വേദനയുടെ കയത്തില്‍ കൊറ്റമ്പത്തൂര്‍ കോളനി നിവാസികള്‍. വീടുകളിലേക്ക് ഇനിയൊരിക്കലും മടങ്ങാന്‍ കഴിയാത്ത വിധം പ്രകൃതിദുരന്തം എല്ലാം തകര്‍ത്തെറിഞ്ഞിട്ട് മാസം ഒന്ന് പിന്നിട്ട് കഴിഞ്ഞു. ദുരിതബാധിതരായ ആകെയുള്ള 33 കുടുംബങ്ങളില്‍ 22 കുടുംബങ്ങളും ഇന്നും ദേശമംഗലം പഞ്ചായത്ത് കോംപ്ലക്‌സിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്.
ക്യാംപില്‍ കഴിഞ്ഞിരുന്ന എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ വീതം കൈമാറിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഈ പാവങ്ങള്‍ക്ക് ചില്ലി കാശ് ലഭിച്ചിട്ടില്ല. ക്യാംപ് സന്ദര്‍ശനത്തിനെത്തുന്ന അധികൃതരോടും, ജനപ്രതിനിതികളോടും ഇവര്‍ തങ്ങളുടെ സങ്കടം നിരന്തരം ഉണര്‍ത്തുന്നതാണെങ്കിലും മറുപടിയോ, നടപടിയോ ഉണ്ടായിട്ടില്ല.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 128 പേരെയാണ് ദുരിതാശ്വാസ ക്യാംപിലേയ്ക്ക് മാറ്റിയിരുന്നത്. ഇതില്‍ ഒരു വയോധിക കടുത്ത ശ്വാസം തടസം മൂലം ക്യാംപില്‍ വെച്ച് മരണമടഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇതും ഈ പാവപ്പെട്ടവരുടെ തീരാവേദനയാണ്. എല്ലാം ഭദ്രമാണെന്ന് നിരന്തരം അവകാശവാദമുന്നയിക്കുന്നവര്‍ തങ്ങളുടെ വേദന കണ്ടില്ലെന്ന് നടിയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രതിഷേധിയ്ക്കാന്‍ പോലും കരുത്ത് നഷ്ടപ്പെട്ട ഈ പാവങ്ങള്‍ ചോദിയ്ക്കുമ്പോള്‍ അതിന് മറുപടി പറയാന്‍ പോലും അധികൃതരില്ല എന്നതാണ് സ്ഥിതി.
അതിനിടെ പ്രളയക്കെടുതി മൂലം ദുരിതത്തിലായ പട്ടികജാതികുടുംബങ്ങള്‍ക്ക് സമാശ്വാസമായി രണ്ടര ലക്ഷം രൂപ അനുവദിച്ചതായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. ഓഫിസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ദേശമംഗലം, വരവൂര്‍ ,എരുമപ്പെട്ടി, മുള്ളൂര്‍ക്കര, തെക്കുംകര എന്നി അഞ്ചു പഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭ പ്രദേശങ്ങളിലുമുള്ള 50 കുടുംബങ്ങള്‍ക്ക് 5000 രൂപ വീതമാണ് സമാശ്വാസമായി നല്‍കിയത്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചതെന്ന് പട്ടിക ജാതി വികസന ഓഫിസര്‍ എം.ആര്‍. വിജിരാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."