പശ്ചിമേഷ്യയിലെ മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക മാറ്റി സ്ഥാപിക്കുന്നു
റിയാദ്: പുതിയ ഭീഷണികളെ നേരിടാന്‍ അമേരിക്ക പശ്ചിമേഷ്യയിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കുന്നു.
നേരത്തെ സജ്ജമാക്കിയ നാലിടങ്ങളിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അവിടെനിന്നു മാറ്റി പുതിയ കേന്ദ്രങ്ങളില്‍ ഉപയോഗിക്കാനാണ് അമേരിക്ക ശ്രമം ആരംഭിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ ഇറാനില്‍ നിന്നുള്ള ഭീഷണിക്ക് പുറമെ റഷ്യയില്‍നിന്നും ചൈനയില്‍നിന്നുമുള്ള പുതിയ ഭീഷണികളെയും മറികടക്കാനാണ് പുതിയ നീക്കമെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കാര്യത്തിനായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാത്യുസ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കി.
അറബ് മേഖലയില്‍ നേരത്തെ തയ്യാറാക്കിയിരുന്ന നാലു മിസൈല്‍ പ്രതിരോധ സംവിധാനമാണ് പിന്‍വലിക്കുന്നത്. കുവൈത്തില്‍നിന്നുള്ള രണ്ടും ജോര്‍ദാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലുള്ള ഓരോ മിസൈല്‍ പ്രതിരോധ സംവിധാനമായ അമേരിക്കന്‍ പാട്രിയറ്റ് മിസൈലുകളാണ് അമേരിക്ക പിന്‍വലിക്കുന്നത്.
എന്നാല്‍ ഇത് ഏതു ഭാഗത്തേക്കാണ് പുതുതായി സ്ഥാപിക്കുന്നതെന്നോ മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ല. ഇവിടെനിന്ന് എടുത്തുമാറ്റുന്ന മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ നവീകരണത്തിനു ശേഷമായിരിക്കും പുതിയ കേന്ദ്രങ്ങളിലേക്കു മാറ്റുക. ഈ രാജ്യങ്ങള്‍ കൂടാതെ സഊദിയിലും അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
ഇറാനുമായി തുറന്ന ഏറ്റുമുട്ടലിന് അമേരിക്ക തുനിയുമ്പോള്‍ തന്നെയാണ് പശ്ചിമേഷ്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഭീഷണി നേരിടാന്‍ സജ്ജമാക്കിയ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ അമേരിക്ക മാറ്റം വരുത്തുന്നത്.
സിറിയന്‍ പ്രതിസന്ധിയെ തുടര്‍ന്ന് റഷ്യയുമായി ഇടഞ്ഞു നില്‍ക്കുന്ന അമേരിക്ക ചൈനയുമായും അകല്‍ച്ചയിലാണ്. ഈ ഭീഷണികളെ മറികടക്കാനാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.
നിലവില്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ മൂന്നാം തലമുറയില്‍പെട്ട പിഎസി 3എംസിഇ പാട്രിയറ്റ് മിസൈലുകളാണ് ഉപയോഗിക്കുന്നത്. പതിനാലു രാജ്യങ്ങളിലാണ് പാട്രിയറ്റ് മിസൈല്‍ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതെന്നു സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ പഠനത്തിലെ മിസൈല്‍ പ്രതിരോധ പ്രോജക്റ്റ് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."