ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത,മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കന്‍ കേരളം-തമിഴ്‌നാട് തീരങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യത. ജാഗ്രത മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെത്തുടർന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 10 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും നാളെ വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വന്ന വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നാളെ മുതല്‍ ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."