സഊദികുവൈത് അതിര്‍ത്തിയിലെ ന്യൂട്രല്‍ സോണില്‍ എണ്ണയുല്‍പാദനം പുനഃരാരംഭിക്കാന്‍ ധാരണ
റിയാദ്: പരമാധികാര പ്രശ്‌നത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച സഊദികുവൈത് അതിര്‍ത്തിയിലെ ന്യൂട്രല്‍ സോണില്‍ എണ്ണയുല്‍പാദനം പുനഃരാരംഭിക്കാന്‍ ധാരണ. ഇരു രാജ്യങ്ങളും തമ്മില്‍ ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് എണ്ണ സമ്പുഷ്ടമായ ഈ മേഖലകളില്‍ നിന്നും എണ്ണയുത്പാദനം പുനരാരംഭിക്കാന്‍ ധാരണയിലെത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂട്രല്‍ സോണിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അടുത്തിടെ നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കുന്നതിന് സാധിച്ചതായാണ് വെളിപ്പെടുത്തല്‍.
1922 ല്‍ സഊദി അറേബ്യയും കുവൈത്തും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള 5700 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ന്യൂട്രല്‍ സോണില്‍ രണ്ടു പ്രധാന എണ്ണപ്പാടങ്ങളാണ് ഉള്ളത്. ഇതില്‍ അല്‍വഫ്‌റ കര എണ്ണപ്പാടവും ഖഫ്ജി സമുദ്ര എണ്ണപ്പാടവുമാണ്. ന്യൂട്രല്‍ സോണ്‍ വിഭജിക്കുന്നതിനും മേഖലയുടെ പകുതി വീതം തങ്ങളുടെ രാജ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും മേഖലയിലെ എണ്ണ സമ്പത്ത് പങ്കുവെക്കലും എണ്ണ വ്യവസായ മേഖലയുടെ മാനേജ്‌മെന്റും സംയുക്തമായി തുടരുന്നതിനും എഴുപതുകളില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാല്‍, പരമാധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായതിനാല്‍ നേരത്തെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 2014, 2015 വര്‍ഷങ്ങല്‍ ഈ എണ്ണപ്പാടങ്ങള്‍ ഇരു രാജ്യങ്ങളും നടക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്നും എണ്ണയുല്‍പാദനം നടന്നിട്ടില്ല.
പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ എണ്ണ തോതില്‍ ഉല്‍പാദിപ്പിക്കുന്നതിന് ന്യൂട്രല്‍ സോണിലെ എണ്ണപ്പാടങ്ങള്‍ക്ക് ശേഷിയുണ്ട്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ അംഗ രാജ്യമായ ഇക്വഡോറിന്റെ ആകെ ഉല്‍പാദനത്തിന് സമമാണിത്. കഴിഞ്ഞ മാസം ജൂണില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് മുന്നോടിയായി പുതിയ രേഖകള്‍ക്ക് രൂപം നല്‍കുന്നതിന് ഇരു രാജ്യങ്ങളും ശ്രമിച്ചു വരികയാണ്. അടുത്ത ചര്‍ച്ച ഈ മാസം കുവൈത്തില്‍ നടക്കും. സാങ്കേതിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങള്‍ക്ക് ഇരു രാജ്യങ്ങളും അന്തിമ രൂപം നല്‍കിയാല്‍ ഖഫ്ജി, അല്‍വഫ്‌റ എണ്ണപ്പാടങ്ങളില്‍ എണ്ണയുല്‍പാദനം പുനരാരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒപെക്കിലെ തങ്ങളുടെ ക്വാട്ട പ്രകാരം ന്യൂട്രല്‍ സോണില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണ സഊദിയും കുവൈത്തും പങ്കുവെക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."