ഇറാന് രഹസ്യ ആണവ സംഭരണശാല- ഗുരുതര ആരോപണവുമായി ഇസ്‌റാഈല്‍
യു.എന്‍: ഇറാന് രഹസ്യ ആണവ സംഭരണശാലയുണ്ടെന്ന് ഇസ്‌റാഈല്‍. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഐക്യരാഷ്ട്ര സഭ പൊതു സമ്മേളനത്തിലാണ് പുതിയ ആരോപണം ഇസ്രായേല്‍ ഉന്നയിച്ചത്. ഇറാന്‍ തലസ്ഥാനത്തിന് സമീപത്തായാണ് ആണവശാലയെന്നും യു.എന്‍ ഇത് പരിശോധിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.
സംസാരത്തിനിടെ സംഭരണശാല സ്ഥിതി ചെയ്യുന്നുവെന്ന് പറയുന്നതിന്റെ രേഖാചിത്രങ്ങളും നെതന്യാഹു കാണിച്ചു. ഇറാന്റെ നിലപാട് 2015ലെ ആണവ ഉടമ്പടിയുടെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവായുധം ഇപ്പോഴും വികസിപ്പിക്കുന്നു എന്നതിനുള്ള തെളിവാണിത്. സംഭരണശാലയില്‍ വലിയ ആണവ ശേഖരവും അസംസ്‌കൃത വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഇറാന്റെ രഹസ്യ ആണവായുധ പദ്ധതിയുടെ ഭാഗമാണ് സംഭരണശാലയെന്നും നെതന്യാഹു വ്യക്തമാക്കി.
നെതന്യാഹുവിന്റെ ആരോപണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വ്യാജവും അര്‍ഥ ശൂന്യവും അനാവശ്യവുമായ ആരോപണങ്ങളാണ് ഇസ്രായേല്‍ ഉന്നയിച്ചതെന്ന് വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."