ബുറെവി ഇന്ന് ലങ്കന്‍ തീരം തൊടും; കേരളവും അതീവ ജാഗ്രതയില്‍
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കന്‍ തീരത്ത് എത്തും. കേരളവും അതീവ ജാഗ്രതയിലാണ്. തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ബുറെവി കന്യാകുമാരി തീരം തൊടുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തമിഴ്‌നാട്ടിലും തെക്കന്‍ കേരളത്തിലും അതിതീവ്ര മഴയുണ്ടായേക്കും. ഇന്ന് തെക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നില്ല. ആറ് എന്‍.ഡി.ആര്‍.എഫ് സംഘത്തെ വിവിധ ഇടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. രണ്ട് ടീമുകള്‍ കൂടി സംസ്ഥാനത്ത് എത്തും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ക്യാമ്പുകള്‍ സജ്ജമാക്കി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.
ബുറെവി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തും നാശമുണ്ടാക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലിന് പുലര്‍ച്ചെയായിരിക്കും കാറ്റ് തീരത്തെത്തുക. കാരയ്ക്കലിലും പാമ്പനുമിടയിലാണ് കാറ്റ് കര തൊടുക. പുതുച്ചേരി, കാരയ്ക്കല്‍ മേഖലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരത്തും ലക്ഷദ്വീപിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."