കാവടംപാലം നോക്കുകുത്തി
പനമരം: കണിയാമ്പറ്റ, നടവയല്‍, പൂതാടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ചീക്കല്ലൂര്‍ കാവടം പുഴക്ക് കുറുകെ പതിനഞ്ച് വര്‍ഷം മുന്‍പ് കോടികള്‍ മുടക്കി നിര്‍മാണം നടത്തിയ പാലം അധികൃതരുടെയും ജനപ്രതിനിധികളുടെയും നിസംഗത മൂലം ആര്‍ക്കും ഉപകരിക്കാതെ പോകുന്നു.
പാലത്തിലേക്ക് പ്രവേശിക്കാന്‍ അപ്രോച്ച് റോഡ് നിര്‍മാണം വൈകുന്നതാണ് ഒരു നാടിനെ മുഴുവന്‍ ദുരിതത്തിലാക്കുന്നത്. ഇടതു ഭരണകാലത്ത് അന്ന് എം.എല്‍.എ ആയിരുന്ന എം.വി ശ്രേയാംസ്‌കുമാറിന്റെ ശ്രമഫലമായാണ് പാലത്തിന് പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫ് തറക്കല്ലിടല്‍ നടത്തിയത്. യുദ്ധകാലാടിസ്ഥാനത്തില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം നിയമക്കുരുക്കിലായതാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി റോഡ് നിര്‍മാണം നിലക്കാന്‍ കാരണമായത്. വയലില്‍ കൂടി അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തി എട്ട് മീറ്റര്‍ വീതിയില്‍ വഴിവിട്ട് നല്‍കുകയും നാട്ടുകാര്‍ ശ്രമദാനമായി വഴി വെട്ടി മണ്ണിടല്‍ പ്രവൃത്തി തുടങ്ങുകയും ചെയ്തു.
എന്നാല്‍ വിട്ട് നല്‍കിയ സ്ഥലത്തിന് പുറമേ എട്ട്മീറ്ററിന് പകരം പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ അധികം മണ്ണിട്ടത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി കോടതിയില്‍ പോയതോടെയാണ് അപ്രോച്ച് റോഡ് നിര്‍മാണം നിലച്ചത്. ഇതിനിടയില്‍ എല്‍.ഡി.എഫ്. ഭരണം മാറി യു.ഡി.എഫ്. അധികാരത്തില്‍ വന്നു. എം.വി ശ്രേയാംസ്‌കുമാര്‍ റോഡിന്റെ കുരുക്കുകള്‍ നീക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കണിയാമ്പറ്റ പഞ്ചായത്ത് പ്രശ്‌നത്തില്‍ ഇടപെട്ടു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷവും കോടതി വിധി പ്രകാരം കേസ് ഒഴിവായി കിട്ടുകയും ചെയ്തു. എന്നാല്‍ റോഡ് നിര്‍മാണം ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണി സ്ഥാനാര്‍ഥികളും വോട്ട് പിടിച്ചതും റോഡും പാലവും യാഥാര്‍ഥ്യമാക്കും എന്ന ഉറപ്പിന്‍മേലാണ്. എന്നാല്‍ നാളിതുവരെ ജനങ്ങളെ പറ്റിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചത്. അപ്രോച്ച്‌റോഡ് യാഥാര്‍ത്യമായാല്‍ നടവയല്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പനമരം, ബത്തേരി ചുറ്റാതെ പതിനെട്ട് കിലോമീറ്റര്‍ ദൂരം കൊണ്ട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ എത്താന്‍ സാധിക്കും. കണിയാമ്പറ്റ പഞ്ചായത്തിന്റെ രണ്ട് വാര്‍ഡുകളായ നടവയല്‍, നെല്ലിയമ്പം പ്രദേശത്തെ ജനങ്ങള്‍ക്ക് പനമരം ചുറ്റാതെ നേരിട്ട് കണിയാമ്പറ്റയുമായി ബന്ധപ്പെടാനും റോഡ് നിര്‍മാണം നടത്തിയാല്‍ സാധിക്കും എന്നിരിക്കേ സര്‍ക്കാരോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."