മടപ്പള്ളി: പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളെന്ന് വീണ്ടും സി.പി.എം
വടകര: മടപ്പള്ളി കോളജ് വിഷയത്തില്‍ ഇരട്ടത്താപ്പുമായി സി.പി.എം ഒഞ്ചിയം ഏരിയാ നേതൃത്വം. കോളജിലെ പ്രശ്‌നപരിഹാരത്തിനായി കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച സി.പി.എം മുഖംരക്ഷിക്കാനായി വീണ്ടും തീവ്രവാദ പ്രസ്താവനയുമായി രംഗത്ത്. കോളജില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് തീവ്രവാദികളാണെന്ന കണ്ടെത്തലിലാണ് ഇടതുപക്ഷം.
കോളജിലുണ്ടായ പ്രശ്‌നങ്ങളിലെ തീവ്രവാദ ബന്ധം അന്വേഷണ വിധേയമാക്കണമെന്നാണ് ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് പ്രസ്താവനയില്‍ പറഞ്ഞത്. സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ചത് മടപ്പള്ളിയില്‍ അക്രമത്തിനു നേതൃത്വം നല്‍കിയ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പങ്കെടുക്കുന്നതു കൊണ്ടാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
എന്നാല്‍ അക്രമങ്ങളെ ശക്തമായി അപലപിച്ച് ഇടതുമുന്നണിയിലെ മറ്റു കക്ഷികള്‍ യോഗത്തിനെത്തിയിരുന്നു. കലക്ടര്‍ മുന്‍കൂട്ടി യോഗത്തെ കുറിച്ച് അറിയിച്ചില്ലെന്നും പ്രസ്താവനയിലുണ്ട്. ഇതു കലക്ടറും യോഗത്തില്‍ നിഷേധിച്ചിട്ടുണ്ട്.
തങ്ങള്‍ പ്രതികളായ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം നിരുത്തരവാദപരമായ പ്രസ്താവനകളിറക്കി കാര്യങ്ങള്‍ വഷളാക്കുന്ന നേതൃത്വത്തിനെതിരേ പാര്‍ട്ടി അണികളിലും മുറുമുറുപ്പ് ഉയര്‍ന്നിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകനു പോലും മര്‍ദനമേറ്റ വിഷയത്തില്‍ പാര്‍ട്ടി ഒളിച്ചുകളിക്കുകയാണെന്ന് നാട്ടുകാരും കുറ്റപ്പെടുത്തുന്നു.
പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാത്ത സി.പി.എം നിലപാട് ഘടകകക്ഷികളും അംഗീകരിക്കുന്നില്ല. കോളജ് വിഷയത്തില്‍ ഇതോടെ സി.പി .എം ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."