കേരളത്തിലെ ഇസ്‌ലാമിന്റെ ചരിത്രംപറയാന്‍ പൈതൃക മ്യൂസിയം ഒരുങ്ങുന്നു
കൊടുങ്ങല്ലൂര്‍: കേരളത്തിലെ ഇസ്്‌ലാമിന്റെ ചരിത്രം പറയാന്‍ പെരുമാള്‍ പൈതൃക മ്യൂസിയം ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ അത്യാധുനിക പൈതൃക മ്യൂസിയമെന്ന സവിശേഷതയോടെയാണ് ചേരമാന്‍ മ്യൂസിയം അണിയറയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുന്നത്.
ചേരമാന്‍ ജുമാ മസ്ജിദിനോട് ചേര്‍ന്ന് 6800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയാറാക്കുന്ന മ്യൂസിയത്തിന് ഒരുകോടി പതിനെട്ട് ലക്ഷം രൂപയാണ് ചിലവ്. സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ തയാറാക്കുന്ന ഡിജിറ്റല്‍ മ്യുസിയത്തില്‍ ലൈറ്റ് ആന്‍ഡ്് സൗണ്ട്, പാനല്‍, ടച്ച് സ്‌ക്രീന്‍, കിയോസ്‌ക് എന്നിങ്ങനെ വ്യത്യസ്ത സംവിധാനങ്ങള്‍ വഴി ചരിത്രത്തെ കണ്ടറിയാനുള്ള അവസരമുണ്ടാകും.
67 പാനലുകളിലായി കേരളവും അറേബ്യയും തമ്മിലുള്ള വാണിജ്യ ബന്ധത്തില്‍ തുടങ്ങി ഇസ്്‌ലാമിന്റെ വരവ്, ഐതീഹ്യം, ചരിത്ര നാള്‍വഴികള്‍ എന്നിങ്ങനെ കേരള ചരിത്രവും ഇസ്‌ലാമിക ചരിത്രവും ഇഴപിരിഞ്ഞ ഇന്നലെകളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഇതിലൂടെ കണ്‍മുന്നില്‍ കാണാനാകും. കണ്ണൂരിലെ മാപ്പിള തെയ്യമുള്‍പ്പടെ ഇസ്്‌ലാമിക പൈതൃകത്തിന്റെ സമഗ്ര പഠനത്തിന് സഹായിക്കുന്ന മുഴുവന്‍ വിവരങ്ങളും മ്യൂസിയത്തിലുണ്ടാകും.
ചിത്ര സഹിതം മലയാളത്തിലും ഇംഗ്ലീഷിലും ചരിത്രം പാനലില്‍ രേഖപ്പെടുത്തും. വിവിധ മാപ്പിള കലകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം നല്‍കുന്ന വിഡിയോ ഷോ, ശബ്ദരേഖ, ടച്ച് സ്‌ക്രീന്‍ വഴി ചരിത്ര ശേഖരം വായിക്കാനുള്ള സംവിധാനം എന്നിവയുമുണ്ടാകും. പതിനഞ്ചാം നൂറ്റാണ്ട് മുതലുള്ള അമൂല്യമായ അറബി മലയാള ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരം മ്യൂസിയത്തിന്റെ സവിശേഷതയാണ്. രണ്ട് ലക്ഷത്തോളം പേജുകളിലായാണ് ഇവ ഒരുക്കിയിട്ടുള്ളത്. കേരളത്തിന്റെയും ഇസ്്‌ലാമിക പൈതൃകത്തിന്റെയും വ്യക്തമായ ചിത്രം നല്‍കുന്ന മ്യൂസിയം ഡിസംബറില്‍ നാടിനു സമര്‍പ്പിക്കും.
ഡല്‍ഹി ജാമിയ മില്ലിയ യൂനിവേഴ്‌സിറ്റി പശ്ചിമേഷ്യ വിഭാഗം മേധാവി ഡോ. ഇല്യാസ്, ഡോ. അഷറഫ് കടക്കല്‍, ഡോ. സി. ആദര്‍ശ്, ഡോ. പി.എ മുഹമ്മദ് സഈദ് എന്നിവരുടെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ മ്യൂസിയം ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."