മെഡിക്കല്‍ കോളജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി
മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ യുവതി ക്ലോസറ്റില്‍ പ്രസവിച്ചതുമായിബന്ധപ്പെട്ടുള്ള കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് മെഡിക്കല്‍ സൂപ്രണ്ട് വിശദമായി റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരായ യുവതിയുടെ ബന്ധുക്കള്‍ക്ക് സൂപ്രണ്ടിന്റെ ഈ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരുടെ തുടര്‍ തീരുമാനമനുസരിച്ച് കേസ് മുന്നോട്ടു കൊണ്ടുപോകുമെന്നും കമ്മിഷന്‍ അംഗം മോഹന്‍കുമാര്‍ പറഞ്ഞു.
മലപ്പുറം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംഭവത്തില്‍ 16 പേരില്‍ നിന്ന് മൊഴിയെടുത്തുവെന്ന് റിപ്പോര്‍ട്ട് നല്‍കിയ സൂപ്രണ്ട് മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരിക്കെതിരെ നടപടിയെടുത്തതായും പറയുന്നു.
സംഭവം വളരെ ദൗര്‍ഭാഗ്യകരമായി എന്നുള്ള കുറ്റസമ്മതവും സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തുകയല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കാത്തതാണ് മെഡിക്കല്‍ കോളജിലെ അധിക പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും കമ്മിഷന്‍ പറഞ്ഞു. 64 പരാതികളാണ് ഇന്നലെ നടന്ന സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇതില്‍ നാലു പുതിയ കേസുകളാണ്. 21 കേസുകള്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഏഴിമല നാവിക അക്കാദമിയില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നേവല്‍ ഓഫിസര്‍ ട്രെയിനി തിരൂര്‍ കാനല്ലൂര്‍ സ്വദേശി സൂരജ് ഗൂഡപ്പയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ഒരു പരാതിയും ഇന്നലെ കമ്മിഷന്‍ മുന്‍പാകെ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."