എരുമകളില്ലാതായ എരുമക്കാരന്‍ തെരുവ്
പാലക്കാട്: 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് എരുമകളുടെ കച്ചവടം തകൃതിയായി നടന്ന തെരുവാണ് കാലാന്തരങ്ങളില്‍ എരുമക്കാര തെരുവായി മാറിയത്. 19ാം വാര്‍ഡായ ഈ തെരുവില്‍ ആകെ എഴുപത്തിയഞ്ച് കുടുംബങ്ങളാണ് താമസിച്ചിരുന്നത്.
അതില്‍ ഓരോ വീടുകളിലും അഞ്ചും ആറും എരുമകളായി ഇരുന്നുറോളം എരുമകള്‍ അന്നവിടെ ഉണ്ടായിരുന്നു. ഇവരുടെ പ്രധാന തൊഴിലും വരുമാന മാര്‍ഗവും ഈ എരുമകളെ ആശ്രയിച്ചായിരുന്നു. യാദവ സമുദായത്തില്‍പ്പെട്ട ഇവര്‍ക്ക് കന്നുകാലികള്‍ ആരാധന ദൈവങ്ങള്‍ കൂടിയായിരുന്നു. എരുമകളെ മേയ്ക്കുന്നതിലും പാല്‍കറക്കുന്നതിലുമൊക്കെയാണ് ഇവര്‍ സന്തോഷം കണ്ടെത്തിയിരുന്നത്.
ഒരു കാലത്ത് തമിഴ് ഗ്രാമീണ ജനതയുടെ പ്രധാന ദൗര്‍ബല്യമെന്നത് എരുമ വ്യവസായമാണ്. വീടുകളില്‍ എരുമകളുടെ എണ്ണം വര്‍ധിക്കുന്തോറും സമൃദ്ധിയും ഐശ്വര്യവും വര്‍ധിക്കുമെന്നാണ് ഇവിടത്തെ വിശ്വാസ പ്രമാണം. ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ ഒരേ സമുദായത്തിനകത്തു തന്നെ വിവാഹം ചെയ്യണമെന്നത് നിര്‍ബന്ധമായിരുന്നു.
കാലമേറെ കഴിയുന്തോറും യുഗം മാറുന്നതിനനുസരിച്ച് ആളുകളുടെ ജീവിതശൈലികളും മാറിയിരിക്കുന്നു. എരുമ കച്ചവടവും, കന്നുകാലി ചന്തകളും നടന്നിരുന്ന സ്ഥലത്ത് ഇന്ന് ഷോപ്പിങ് കോപ്ലക്‌സുകളും, വന്‍ കെട്ടിടങ്ങളും മറ്റും ഇടംപിടിച്ചിരിക്കുന്നു. എന്നാല്‍ ഇന്നേക്ക് 25 വര്‍ഷമായി എരുമക്കാര തെരുവില്‍ എരുമ കച്ചവടക്കാരൊ, അത് വളര്‍ത്തുന്നവരൊ ആരും തന്നെയില്ല. എങ്കിലും ഇവര്‍ ഇന്നും സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി അവരുടെ കുടുംബക്ഷേത്രത്തില്‍ പൂജകളും ആഘോഷങ്ങളും മുടങ്ങാതെ നടത്തുന്നുണ്ട്.
വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സ്‌കൂളുകളില്‍ പോയിത്തുടങ്ങി. ആണ്‍മക്കളെല്ലാം ഓട്ടോ ഡ്രൈവറായും മറ്റ് ജോലികള്‍ക്കും പോകുന്നവരാണ്. നഗരസഭ അവര്‍ക്കു വേണ്ട ധനസഹായങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരമധ്യത്തിലുളള എരുമക്കാര തെരുവ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എരുമകളെ വിലക്ക് വാങ്ങാനെത്തുന്നവരുടെ പ്രധാന കേന്ദ്രമായിരുന്നു.
പണ്ട് കാലത്തെ പോലെ ഇന്ന് ആരും എരുമ കച്ചവടത്തിന് പോകുന്നില്ല അന്ന് പോയവരില്‍ മിക്കവരും ഇപ്പോള്‍ ജീവിച്ചിരിപ്പുമില്ല എന്നാണ് ഇവിടത്തുകാര്‍ പറയുന്നത്. ഇന്നിവിടെ ആകെ ഇരുപത് കുടുംബങ്ങളാണ് താമസിക്കുന്നത്, ബാക്കിയുള്ളവര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി പാര്‍ത്തു.
എരുമകളുടെ കഴുത്തില്‍ മുടിയന്‍ കയറുകള്‍കൊണ്ട് കൂട്ടിക്കെട്ടി പൊള്ളാച്ചിയില്‍നിന്ന് കോയമ്പത്തൂരില്‍നിന്ന് എത്താറുള്ള തമിഴ് കൊങ്ങന്‍മാരായ എരുമ വ്യാപാരികളുടെ സങ്കേതവും എരുമക്കാര തെരുവ് തന്നെയായിരുന്നു. എരുമ വ്യവസായം കണ്‍മറഞ്ഞെങ്കിലും പഴമയുടെ പ്രൗഢിയുമായി എരുമക്കാര തെരുവ് നഗരത്തിന്റെ ഹൃദയഭാഗത്ത് ഇന്നും സ്ഥിതിചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."