ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന് യു.എസ്
വാഷിങ്ടണ്‍: ഇറാന്‍ നിശ്ചിത പരിധിയിലധികം യുറേനിയം സമ്പുഷ്ടീകരിക്കുകയാണെങ്കില്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തി അവരെ ഒറ്റപ്പെടുത്തുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. വന്‍ശക്തി രാജ്യങ്ങളുമായി ഒപ്പുവച്ച ആണവകരാറില്‍നിന്ന് പിന്‍മാറുകയാണെന്ന് ഞായറാഴ്ച ഇറാന്‍ പ്രഖ്യാപിച്ചതിനോടു പ്രതികരിക്കുകയായിരുന്നു പോംപിയോ.
ആണവപദ്ധതികള്‍ക്കു വേണ്ടി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം കൂട്ടുന്നില്ലെന്ന് ലോകരാജ്യങ്ങള്‍ ഉറപ്പാക്കണം. ഇറാനിയന്‍ ഭരണകൂടം ആണവശക്തി കൈവരിക്കുന്നത് ലോകത്തിന് വന്‍ ഭീഷണിയായിരിക്കുമെന്ന് പോംപിയോ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇറാന്‍ ശ്രദ്ധിക്കുന്നതാണ് അവര്‍ക്കു നല്ലതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കി. പരിധിയിലധികം യുറേനിയം സമ്പുഷ്ടീകരിക്കുന്നത് നല്ലതല്ല. ഇതിനോട് യു.എസ് എങ്ങനെ പ്രതികരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറഞ്ഞില്ലെങ്കിലും ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ 2015ലെ ആണവകരാറില്‍ സമ്മതിച്ചതിനപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അടിയന്തരയോഗം വിളിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു. ഇറാന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ബ്രിട്ടനും ജപ്പാനും ആവശ്യപ്പെട്ടു. ഇറാന്റെ നിലപാടില്‍ ജര്‍മനി ആശങ്ക അറിയിച്ചപ്പോള്‍ ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ എല്ലാ രാജ്യങ്ങളും തയാറാവണമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."