ഹൈദരാബാദില്‍ ടി.ആര്‍.എസ് മുന്നേറ്റം തുടരുന്നു: തൊട്ടുപിന്നില്‍ ഉവൈസിയും, ബി.ജെ.പിക്ക് കനത്ത തിരിച്ചടി
തെലങ്കാന: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (ജി.എച്ച്.എം.സി) തെരഞ്ഞെടുപ്പില്‍ മുന്നേറ്റം തുടര്‍ന്ന് ടി.ആര്‍.എസ്. ബാലറ്റ് പേപ്പറുകള്‍ എണ്ണിത്തുടങ്ങിയതോടെ ഏറ്റവും പുതിയ കണക്കനുസരിച്ച് 71 സീറ്റുകളിലാണ് ടി.ആര്‍.എസ് മുന്നിട്ട് നില്‍ക്കുന്നത്. 37 സീറ്റില്‍ എ.ഐ.എം.ഐ.എമ്മും മുന്നേറുന്നുണ്ട്. അതേ സമയം വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മുന്നിലായിരുന്ന ബി.ജെ.പി 33 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഹൈദരാബാദില്‍ ടി.ആര്‍.എസ് ഭരണം തുടരാനാണ് സാധ്യത. 2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു.150 വാര്‍ഡുകളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. 24 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ആകെ 74.67 ലക്ഷം വോട്ടര്‍മാരാണുള്ളത്. 34.50 ലക്ഷം (46.55 ശതമാനം) പേരാണ് ഇത്തവണ വോട്ട് ചെയ്തത്. 26ാം നമ്പര്‍ വാര്‍ഡിലെ 69ാം പോളിങ്ങ് സ്റ്റേഷനില്‍ ബാലറ്റ് പേപ്പറില്‍ അച്ചടി പിശക് കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.
ബാലറ്റ് പേപ്പറുകള്‍ ആയതിനാല്‍ ഫലങ്ങള്‍ വൈകുന്നേരമോ രാത്രിയിലോ മാത്രമേ പൂര്‍ണ്ണമാവൂ എന്നാണ് സൂചന. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയത്.
ലീഡ് കുത്തനെ കുറയുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കളെ അണിനിരത്തിയാണ് ബി.ജെ.പി ക്യാംപയിന് നേതൃത്വം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ പ്രചാരണ പരിപാടിക്കായി ഹൈദരാബാദില്‍ എത്തിയിരുന്നു.
ബി.ജെ.പി നേതാക്കള്‍ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഹൈദരാബാദില്‍ റോഹിങ്ക്യകള്‍ക്കും പാകിസ്താനികള്‍ക്കും വോട്ടുണ്ടെന്ന് വരെ ബി.ജെ.പി പ്രചാരണം നടത്തി. യോഗി ആദിത്യനാഥ് ഹൈദരാബാദിന്റെ പേരുമാറ്റി ഭാഗ്യനഗര്‍ എന്നാക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."