ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമം: ചരിത്രപശ്ചാത്തലം
പുനര്‍ജനി എന്ന വനിതാ അഭിഭാഷകസമിതി കോഴിക്കോട്ടു സംഘടിപ്പിച്ച ഗാര്‍ഹികപീഡന നിരോധന നിയമ സെമിനാറില്‍ കേരള ഹൈക്കോടതി ജഡ്ജി കമാല്‍പാഷ ഇസ്‌ലാമിക ശരീഅത്ത് സംബന്ധിച്ചു ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞ പരാമര്‍ശങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു:
1. ഒരു പാഴ്‌സി തീരുമാനിച്ച നിയമാണ് നിലവില്‍ മുസ്‌ലിം ശരീഅത്ത് നിയമമായി നിലനില്‍ക്കുന്നത്.
2. ഖുര്‍ആന്‍ പ്രകാരം സ്ത്രീക്കും എക്‌സ്ട്രാ ജുഡീഷ്യല്‍ വിവാഹമോചനത്തിന് അധികാരമുണ്ട്.
3. പുരുഷന്മാര്‍ക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്കും എന്തുകൊണ്ടു നാലു ഭര്‍ത്താക്കന്മാര്‍ ആയിക്കൂടാ?
ഈ പരാമര്‍ശങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോയെന്നാണ് ഇവിടെ പരിശോധിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച നിയമസംഹിതയാണു ശരീഅത്ത് എന്നും അതു മുസ്‌ലിംകള്‍ പിന്തുടരേണ്ടതാണെന്നും ഖുര്‍ആനില്‍ (5:48, 45:18) പറയുന്നുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തുതന്നെ കേരളത്തില്‍ ഇസ്‌ലാം കടന്നുവന്നിട്ടുണ്ട് എന്നതിനാല്‍ മുസ്‌ലിംകള്‍ അനുസരിച്ചിരുന്നെങ്കിലും ഭരണതലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. എ.ഡി 712 ല്‍ സിന്ധും മുള്‍ട്ടാനും കീഴടക്കിയ മുഹമ്മദ്ബിന്‍ ഖാസിന്റെ കാലത്തു ബ്രാഹ്മണാബാദിലെ മുസ്‌ലിം പട്ടാളക്കാര്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് ബാധകമാക്കിയിരുന്നു. മറ്റുള്ളവര്‍ക്കു ബാധകമാക്കിയിരുന്നില്ല.
ഇന്ത്യയിലെ ഇസ്‌ലാമിക ശരീഅത്തിന്റെ അവസ്ഥയെ 712 മുതല്‍ ഔറംഗസീബിന്റെ ഭരണം അവസാനിക്കുന്ന 1707 വരെ, അതുമുതല്‍ ശിപായി ലഹളയെ തുടര്‍ന്നു ബഹദൂര്‍ഷായുടെ ഭരണം അവസാനിക്കുന്ന 1857 വരെ, അതുമുതല്‍ സ്വാതന്ത്ര്യപ്പുലരിവരെ, സ്വതന്ത്ര ഇന്ത്യയില്‍ ഇന്നുവരെ എന്നിങ്ങനെ നാലുഘട്ടങ്ങളായി തിരിക്കാം. ഈ ഘട്ടങ്ങളിലൊക്കെ വ്യത്യസ്തതോതില്‍ ഇവിടെ നിലനിന്നതാണ് ശരീഅത്ത് നിയമം.
മുഹമ്മദ് ഗോറിയുടെ ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ഖുത്തുബുദ്ദീന്‍ ഐബക്കിന്റെ കാലത്താണ് (1206 മുതല്‍ 10 വരെ) ഇസ്‌ലാമിക ശരീഅത്ത് ശരിയായ അര്‍ഥത്തില്‍ ഇവിടെ നടപ്പാക്കിയത്. അല്‍ത്തുമിഷും റസിയാ സുല്‍ത്താനയും ഇതു തുടര്‍ന്നു. ശരീഅത്തിനെ മതപരം (തശ്‌രീഇയ്യ്), മതേതരം (ഗൈര്‍ തശ്‌രീഇയ്യ്) എന്നിങ്ങനെ തരംതിരിച്ചിരുന്നു. മതേതര ശരീഅത്ത് അമുസ്‌ലിംകള്‍ക്കും ബാധകമായിരുന്നു. വ്യാപാരം, പരസ്പരകൈമാറ്റം, കച്ചവടക്കരാറുകള്‍ എന്നിവയാണു രണ്ടാമത്തെ വകുപ്പില്‍പ്പെട്ടത്.
അമുസ്‌ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമമാണു ബാധകമാക്കിയിരുന്നത്. മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല. അമുസ്‌ലിംകളുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതു ഖാസിയായാലും ചക്രവര്‍ത്തിയായാലും ബന്ധപ്പെട്ട മതവിഭാഗത്തിലെ പണ്ഡിതരുടെ സാന്നിധ്യത്തിലും അവരുമായി നടത്തിയ കൂടിയാലോചനയിലൂടെയുമാണ് അമുസ്‌ലിംവ്യക്തനിയമം സംബന്ധിച്ച തീരുമാനമെടുത്തിരുന്നത്.
മദ്യപാനം, നിരോധിതബന്ധത്തിലൂടെയുള്ള വിവാഹം തുടങ്ങിയവയ്ക്കുള്ള ശരീഅത്ത് ശിക്ഷ മുസ്‌ലിംകള്‍ക്കു മാത്രമേ നടപ്പാക്കിയിരുന്നുള്ളു. വ്യഭിചാരം, കൊലപാതകം, മോഷണം, പിടിച്ചുപറി, കൊള്ള തുടങ്ങിയവയ്ക്കുള്ള ശരീഅത്ത് ശിക്ഷ എല്ലാവര്‍ക്കും ബാധകമായിരുന്നു. ഇന്ത്യയിലും മുഫ്തിമാരുടെ സഹായത്തോടെ ഖാസിമാരാണു കേസുകള്‍ തീര്‍പ്പാക്കിയിരുന്നത്. കൊല്ലപ്പെടുന്നവന്റെ ബന്ധുക്കള്‍ ചോരപ്പണംവാങ്ങി കുറ്റവാളിക്കു മാപ്പുകൊടുക്കുന്ന സമ്പ്രദായം സുല്‍ത്താന്‍ ബാല്‍ബന്റെ കാലത്തു നടപ്പാക്കിയിരുന്നു. നഷ്ടപരിഹാരം നല്‍കി ശിക്ഷയില്‍നിന്നു മുക്തമാക്കുന്ന ഈ വ്യവസ്ഥ ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ളതാണ്.
ദിയോശിര്‍ എന്ന സ്ഥലത്തുനിന്നു സമ്പാദിച്ച സ്വത്ത് പൊതുഖജനാവിലേയ്ക്കു ചേരേണ്ടതാണെന്ന നിര്‍ദേശം അംഗീകരിക്കാന്‍ മടിച്ച അലാവുദ്ദീന്‍ ഖില്‍ജിയെന്ന ഭരണാധികാരിയോട് ഖാസി മുഈനുദ്ദീന്‍ നല്‍കുന്ന മറുപടി ഇങ്ങനെയായിരുന്നു: ''അങ്ങ് മഹാന്മാരായ ഖലീഫമാരുടെ മാതൃക പിന്തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഓരോ പട്ടാളക്കാരനും ന്യായമായി അവകാശപ്പെട്ടതോ, ചീഫ് ഓഫിസര്‍ക്ക് അനുവദിച്ചിട്ടുള്ളതോ, യഥാര്‍ഥ ചെലവോ എടുക്കാം. അധികപ്പറ്റായി എടുക്കുന്നതിന് അല്ലാഹുവിനോടു മറുപടി പറയേണ്ടിവരും.'' സുല്‍ത്താനും നിയമത്തിന് അതീതനല്ലെന്ന ഓര്‍മപ്പെടുത്തലാണിവിടെ.
ചീഫ് ജസ്റ്റിസ് , അദ്ദേഹത്തിന്റെ കീഴില്‍ ഖാസിമാര്‍ എന്നിങ്ങനെയായിരുന്നു അക്കാലത്തെ നീതിന്യായസംവിധാനം. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്ത് അദ്ദേഹം തന്നെയായിരുന്നു സുപ്രിംകോടതി. അദ്ദേഹത്തെ സഹായിക്കാന്‍ നാലു മുഫ്തിമാരും. മുഹമ്മദ് ബിന്‍ തുഗ്ലക്ക് നിയമലംഘനത്തിന്റെ കാര്യത്തില്‍ മതപണ്ഡിതന്മാര്‍ക്കുപോലും ഇളവുകൊടുത്തിരുന്നില്ല.
ഷെര്‍ഷാ സൂരിയുടെ കാലത്താണ് (1540 മുതല്‍ 56 വരെ) നീതിന്യായരംഗത്തു കാര്യമായ പരിഷ്‌കാരങ്ങള്‍ വരുന്നത്. ക്രിമിനല്‍ നിയമം കൈകാര്യം ചെയ്യാന്‍ ശിഖ്ദാര്‍ എന്ന പേരില്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. സിവില്‍ക്കേസുകള്‍ മുന്‍സിഫുമാര്‍ കൈകാര്യം ചെയ്തു. ആമീന്‍, ക്ലാര്‍ക്ക്, ഫോട്ടേദാര്‍ തസ്തികകളുമുണ്ടാക്കി. ശരീഅത്തു കോടതികള്‍ക്കു പുറമെ മറ്റുകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിവില്‍കോടതികളുമുണ്ടായിരുന്നു. സിവില്‍ ജഡ്ജിമാരെല്ലാം മതപണ്ഡിതരും കര്‍മശാസ്ത്ര നിപുണരും തന്നെയാകണമെന്നു നിര്‍ബന്ധമില്ലായിരുന്നു. വില്ലേജുകളില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഖാസിയെ അറിയിക്കാനുള്ള ചുമതല വില്ലേജ് ഭരണാധികാരിയായ മുഖദ്ദമിനായിരുന്നു.
അക്ബറിന്റെ കാലത്ത് കുറേക്കൂടി പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. ഇസ്‌ലാമിക തെളിവുനിയമത്തോടൊപ്പം ഹിന്ദു തെളിവുനിയമവും അതുപ്രകാരമുള്ള ശിക്ഷകളും നടപ്പാക്കി. സുല്‍ത്താന്‍ നേരിട്ടു പരാതികേള്‍ക്കാനായി 'ദൗദത്തുഖാന' സ്ഥാപിച്ചു. അക്ബറും ജഹാംഗീറും പ്രതിക്രിയ ശിക്ഷയില്‍ മാറ്റം വരുത്തി. ചക്രവര്‍ത്തിയില്‍നിന്നുള്ള അനവാദമില്ലാതെ വധശിക്ഷ നടപ്പാക്കരുതെന്നു ജഹാംഗീര്‍ വിധിച്ചു. കേസില്‍ തെറ്റായ തീരുമാനമെടുക്കുന്നവരെയും കേസുകേള്‍ക്കുന്നതില്‍ കാലതാമസം വരുത്തുന്നവരെയും ഔറംഗസീബ് പിരിച്ചുവിട്ടിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്തും മുഫ്തിമാരുടെയും മൗലവിമാരുടെയും സഹായത്തോടെ ഇസ്‌ലാമിക ശരീഅത്ത് പ്രകാരമാണ് മുസ്‌ലിംകളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്നത്. വാറന്‍ ഹേസ്റ്റിങ്‌സിന്റെ കാലത്ത് അറബി, പേര്‍ഷ്യന്‍ നിയമഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്താന്‍ തുടങ്ങി. വിവാഹം, ജാതി, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദുക്കള്‍ക്കു ശാസ്ത്രത്തിന്റെ നിയമമനുസരിച്ചും മുസ്‌ലിംകള്‍ക്കു ഖുര്‍ആനിന്റെ നിയമമനുസിച്ചുമാണു തീര്‍പ്പുകല്‍പ്പിക്കേണ്ടതെന്നു 1772 ലെ ഹേസ്റ്റിങ്‌സിന്റെ ജുഡീഷ്യല്‍ പ്ലാന്‍ അനുസരിച്ചു ബ്രിട്ടീഷുകാര്‍ നിശ്ചയിച്ചു.
19ാം നൂറ്റാണ്ടിന്റെ പകുതിയായപ്പോള്‍ ഇന്ത്യയിലെ നിയമങ്ങള്‍ ക്രോഡീകരിച്ച് ഒന്നാക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു. അതിനായി ലോ കമ്മിഷനുകളെ നിയോഗിച്ചു. എന്നാല്‍, ഒന്നും രണ്ടും നാലും കമ്മിഷനുകള്‍ മുസ്‌ലിം വ്യക്തിനിയമം ക്രോഡീകരിക്കുന്നതിന് എതിരായിരുന്നു. മതനിയമങ്ങളുടെ ആധികാരികത മതത്തില്‍ അധിഷ്ഠിതമായതിനാല്‍ നിയമനിര്‍മാണസഭയ്ക്ക് അതില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു 1853 ലെ ലോ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് , 1937
നാട്ടാചാരത്തിനു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള തത്വമായിരുന്നു ഹിന്ദുനിയമത്തിലെപ്പോലെ മുസ്‌ലിംനിയമത്തിലും ബ്രിട്ടീഷ് ജഡ്ജിമാര്‍ കൈക്കൊണ്ടിരുന്നത്. ഇതു മുസ്‌ലിംസമുദായത്തിനു ബുദ്ധിമുട്ടുണ്ടാക്കി. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നു. ഇസ്‌ലാമിക ശരീഅത്ത് മുസ്‌ലിംകള്‍ക്കു ബാധകമാക്കുന്നതിനു നിയമനിര്‍മാണം നടത്തണമെന്നു ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആവശ്യപ്പെട്ടു.
നാട്ടാചാരങ്ങള്‍ മറ്റൊരുതരത്തില്‍ ഉണ്ടായിരുന്നാലും കേസിലെ കക്ഷികള്‍ മുസ്‌ലിംകളാണെങ്കില്‍ വിവാഹം, വിവാഹമോചനം, ജീവനാംശം, മഹര്‍, രക്ഷാകര്‍തൃത്വം, ദാനം, ട്രസ്റ്റ് വസ്തുക്കള്‍, വഖഫ് തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചാണു തീര്‍പ്പുകല്‍പ്പിക്കേണ്ടതെന്നാണ് ബില്ലിലെ വ്യവസ്ഥ. 1937ല്‍ പാസാക്കിയ ഈ നിയമത്തിനു ശരീഅത്ത് അപ്ലിക്കേഷന്‍ ആക്റ്റ് എന്നാണു പേര്.
ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കണമെന്ന് ആവശ്യപ്പെടാന്‍ മുസ്‌ലിംകളെ സഹായിക്കുന്ന ഏകനിയമമാണിത്. ശരീഅത്ത് ആക്റ്റ് മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത്ത് നിയമം നടപ്പിലാക്കിക്കിട്ടുന്നതിന് തുറന്ന അവകാശം നല്‍കുകയാണ് ചെയ്യുന്നത്. അതുമാറ്റുന്നത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം എന്നെത്തേക്കും തീരാനഷ്ടമായി ഭവിക്കും. അതുകൊണ്ടാണ് ശരീഅത്ത് നിയമം ഭേദഗതി ചെയ്യാന്‍ പറ്റില്ലെന്ന് മുസ്‌ലിംകള്‍ ശക്തിയായി വാദിക്കുന്നത്. അതിന്റെ പ്രയോക്താക്കളെ മുസ്‌ലിംകള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ആവശ്യമുള്ളവര്‍ക്കു ശരീഅത്ത് നിയമം സ്വീകരിക്കാമെന്നും നാട്ടാചാരം സ്വീകരിക്കാനുള്ള അവകാശം നിലനിര്‍ത്തണമെന്നുമുള്ള മുഹമ്മദലി ജിന്നയുടെ ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് ഈ നിയമം പാസാക്കിയത് എന്നും ഓര്‍ക്കേണ്ടതുണ്ട്. നാട്ടാചാരങ്ങളും സമ്പ്രദായങ്ങളും എന്തുതന്നെയായാലും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അതിന് നിയമത്തിന്റെ സ്ഥാനമില്ല എന്നും അവര്‍ക്ക് അവരുടെ ശരീഅത്ത് നിയമമാണ് ബാധകം എന്നും അംഗീകരിക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനം മാത്രമാണ് 1937ലെ ശരീഅത്ത് സംബന്ധിച്ച ആക്റ്റ്. അതിന്റെ പേരുതന്നെ ശരീഅത്ത് അപ്ലിക്കേഷന്‍ ആക്റ്റ്, അഥവാ ശരീഅത്ത് ബാധകമാക്കല്‍ ആക്റ്റ്, എന്നാണ്; ശരീഅത്ത് ആക്റ്റ് എന്നല്ല. ഇങ്ങനെയൊരു നിയമം ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കിത്തന്നതിന്റെ പ്രസക്തി ഇക്കാലത്ത് സങ്കല്‍പ്പത്തിന് അതീതമാണ്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."