സ്‌കൂള്‍ വാഹനങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമാക്കും: ആര്‍.ടി.ഒ
കൊല്ലം: പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ വാഹനങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ആര്‍.ടി.ഒ ആര്‍ തുളസീധരന്‍പിള്ള അറിയിച്ചു. സ്‌കൂള്‍വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് പത്തുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെന്നുള്ളത് അധികൃതര്‍ ഉറപ്പാക്കണം. ഇവര്‍ മോട്ടോര്‍വാഹന വകുപ്പോ പൊലിസോ നല്‍കിയിട്ടുള്ള പ്രത്യേക പരിശീലനവും നേടിയിരിക്കണം. ഡ്രൈവര്‍മാര്‍ മുന്‍കാലങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിനും അമിതവേഗത്തിനും അപകടകരമായി വാഹനം ഓടിച്ചതിനും ഒരുതവണയെങ്കിലും ശിക്ഷിക്കപ്പെട്ടവരോ ആണെങ്കില്‍ അവരെ ഒഴിവാക്കുമെന്നും ആര്‍.ടി.ഒ പറഞ്ഞു.
വാഹനത്തിനുള്ളില്‍ നിയമാനുസൃതമായ ഫസ്റ്റ് എയ്ഡ് ബോക്‌സ്, തീ അണയ്ക്കാനുള്ള ഉപകരണം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നിയമാനുസൃതമായ എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ പാടില്ല. കുട്ടികളെ കുത്തിനിറച്ച് സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഓരോ വാഹനത്തിലും യാത്രചെയ്യുന്ന കുട്ടികളുടെ വിശദവിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണം.
സ്‌കൂള്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും ഇടതുവശത്തും സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കണം. പിന്നിലായി പൊലിസ്, ഫയര്‍ഫോഴ്‌സ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍, ജില്ലാ ദുരന്ത നിവാരണ ബോര്‍ഡ് തുടങ്ങിയ അവശ്യ സേവനങ്ങളുടെ ഫോണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം.
പരമാവധി 50 കി.മി വേഗതയില്‍ മാത്രം ഓടിക്കാവുന്ന രീതിയില്‍ വേഗമാനകം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കണം. കുട്ടികള്‍ക്ക് വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനും സഹായിക്കാനായി ഒരു അറ്റന്‍ഡര്‍ ഉണ്ടായിരിക്കണം. സ്‌കൂള്‍ വാഹനങ്ങള്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസമുണ്ടാക്കാതെ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാത്രമായുള്ള ഫിറ്റ്‌നസ് പരിശോധന മെയ് 31 ന് ആശ്രാമം മൈതാനത്ത് രാവിലെ എട്ടു മുതല്‍ നടക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."