സോളാര്‍: സരിതാ നായരെ കണ്ടിട്ടില്ലെന്ന് എ.ഡി.ജി.പി പത്മകുമാര്‍
കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ്. നായരെയും കൂട്ടുപ്രതി ബിജു രാധാകൃഷ്ണനെയും നേരിട്ടു കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തിട്ടില്ലെന്നു ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍. ഇന്നലെ സോളാര്‍ കമ്മിഷനു മുന്‍പാകെ ഹാജരായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേസന്വേഷണത്തില്‍ കൈക്കടത്തിയിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിച്ച സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കേസുകള്‍ ഏതുവിധമാണ് അന്വേഷിച്ചതെന്നു തനിക്കറിയില്ല. ടീം സോളാര്‍ 40 ലക്ഷം തട്ടിയെന്നു കാണിച്ചു പെരുമ്പാവൂര്‍ സ്വദേശി മുടിക്കല്‍ സജാദ് എന്നയാള്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
തന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഹരികൃഷ്ണനാണ് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്നു സരിതയെ അറസ്റ്റ് ചെയ്തതെന്നും എ.ഡി.ജി.പി പറഞ്ഞു. പിടിച്ചെടുത്ത രേഖകള്‍ അന്വേഷണോദ്യോഗസ്ഥരുടെ പക്കലുണ്ട്. പിടിച്ചെടുത്ത വാനിറ്റി ബാഗ്, ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍, അന്‍പത്തിയേഴായിരം രൂപ, കാര്‍ എന്നിവ തന്റെ പക്കലുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തട്ടിപ്പുമായി ബന്ധപ്പെട്ടു സരിതയ്ക്ക് എറണാകുളം നോര്‍ത്ത് ടൗണ്‍ സ്‌റ്റേഷനില്‍ കേസുള്ളതായി അറിയില്ല.
ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തു വിവിധ സ്റ്റേഷനുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുണ്ടെന്നറിയിച്ചു തനിക്ക് ടീം സോളാര്‍ എക്‌സിക്യൂട്ടിവ് സരിത അയച്ച സന്ദേശങ്ങള്‍ക്കു മറുപടി നല്‍കുക മാത്രമാണ് ചെയ്തത്.
പിന്നീട് മന്ത്രി അനൂപ് ജേക്കബ് ടീം സോളാര്‍ എന്ന കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി വിവരം നല്‍കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.ഐ.ടിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ച വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞത്.
ടീം സോളാറിന്റെ പരിപാടി പൊലിസ് അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്തതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നൂറോളം ചോദ്യങ്ങള്‍ ചോദിച്ച കമ്മിഷനോട് വളരെ നിസംഗമായാണ് എ.ഡി.ജി.പി പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."