പൊതുതാത്പര്യ ഹരജിയില്‍ തെളിവെടുപ്പിനായി കമ്മിഷനെത്തി
കല്ലേറ്റുംങ്കര: ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് സമീപത്തെ മരങ്ങളിലെ കിളി ശല്യവുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജിയില്‍ കമ്മിഷന്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ മുന്‍സിഫ് ജയപ്രഭുവാണ് അടിയന്തിര നോട്ടിസിനും കമ്മിഷന്‍ പരിശോധനക്കും ഉത്തരവിട്ടത്. പൊതുപ്രവര്‍ത്തകനായ പിന്റോ ചിറ്റിലപ്പിള്ളി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
ഇരിങ്ങാലക്കുട റെയില്‍വെ സ്റ്റേഷന് സമീപമുളള മരങ്ങളുടെ ചില്ലകള്‍ റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്നതും അതിലെ പക്ഷികളുടെ വിസര്‍ജ്യങ്ങള്‍ മൂലം പ്രദേശത്തെ അസഹ്യമായ പരിസര മലിനീകരണം ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 18,19 ദിവസങ്ങളില്‍ റോഡില്‍ പക്ഷി കാഷ്ടം ചെളി രൂപത്തിലായുണ്ടായത് മൂലം വാഹനാപകടങ്ങളുംഉണ്ടായിരുന്നു.
ഹരജി പ്രകാരം ഇന്ത്യന്‍ റെയില്‍വെക്കു വേണ്ടി റീജിണല്‍ മാനേജര്‍ പാലക്കാട് ഡിവിഷന്‍, ഇരിങ്ങാലക്കുട സ്റ്റേഷന്‍ മാസ്റ്റര്‍ , ആളൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് , പി.ഡബ്ലിയൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇരിങ്ങാലക്കുട ഡിവിഷന്‍ എന്നിവര്‍ക്കു നോട്ടിസയച്ചു.
ഹരജി പ്രകാരം വാഹന യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനും കിളികളെ ഹനിക്കാതെ അവ മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനുമാണ് ആവശ്യപ്പെടുന്നത്. അഡ്വ ബിബിന്‍ ഏകാംഗമായ കമ്മിഷനെത്തിയാണ് തെളിവെടുപ്പ് നടത്തിയത് .റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."