മതം മാറിയ പെണ്‍കുട്ടിയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി
കൊച്ചി: മകളെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നാരോപിച്ചു പിതാവു നല്‍കിയ ഹരജി അനുവദിച്ച ഹൈക്കോടതി മകളുടെ വിവാഹം അസാധുവാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
സേലത്തെ ഹോമിയോ കോളജില്‍ പഠിക്കാന്‍ പോയ മകള്‍ അഖിലയെ ഒപ്പമുള്ള ചിലര്‍ നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും 23 കാരിയായ മകളെ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് വൈക്കം സ്വദേശിയായ പിതാവ് അശോകന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
മതം മാറ്റത്തെ തുടര്‍ന്നുള്ള ഈ കേസും സമാന വിഷയത്തില്‍ പാലക്കാട് ചെറുപ്പുളശേരി പൊലിസ് രജിസ്റ്റര്‍ചെയ്ത മറ്റൊരു കേസും ഡി.ജി.പി നേരിട്ട് അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ഹരജിക്കാരനും കുടുംബത്തിനും പൊലിസ് സംരക്ഷണം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതിയില്‍ വന്ന ഹരജിയില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മഞ്ചേരിയിലെ സത്യസരണി എജ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന ഇസ്‌ലാം സ്വീകരിച്ചതെന്നും വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ഇഷ്ടമില്ലെന്നും അഖില കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
അഖിലയെ തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാന്‍ സിറിയയിലേക്ക് കടത്തുമെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് പിതാവ് കോടതിയില്‍ ബോധിപ്പിച്ചതോടെ വിശദീകരണത്തിനായി യുവതിയെ വീണ്ടും ഹൈക്കോടതിയില്‍ ഹാജരാക്കിയത്. താന്‍ ഡിസംബര്‍ 19 ന് ഷഫീന്‍ ജഹാന്‍ എന്നയാളെ വിവാഹം കഴിച്ചെന്ന് അഖില കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
മലപ്പുറം കോട്ടക്കല്‍ തന്‍വീറുല്‍ ഇസ്‌ലാം സംഘം സെക്രട്ടറി നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പണമടച്ചതിന്റെ രസീതും ഹാജരാക്കിയിരുന്നു. ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ വിവാഹം കഴിച്ചതിനെ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. വിവാഹം രജിസ്റ്റര്‍ചെയ്തു നല്‍കരുതെന്ന് പഞ്ചായത്ത് സെക്രട്ടറിയോടു കോടതി നിര്‍ദേശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."