യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചു
ഫറോക്ക്: നഗരസഭയിലെ മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യോഗ അജന്‍ഡകള്‍ ചര്‍ച്ചകൂടാതെ പാസാക്കിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചു.
ഫറോക്ക് നഗരസഭാ സെക്രട്ടറി കെ. ദിനേശ്കുമാറിനെയാണ് മണിക്കൂറുകളോളം കൗണ്‍സില്‍ ഹാളില്‍ തടഞ്ഞുവച്ചത്. പൊലിസെത്തി അനുനയത്തിനു ശ്രമിച്ചെങ്കിലും ചര്‍ച്ച ചെയ്യാത്ത തീരുമാനങ്ങള്‍ മിനുട്സില്‍ രേഖപ്പെടുത്തരുതെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിയും ചര്‍ച്ചയ്ക്കെടുക്കാതെ വിഷയങ്ങള്‍ മിനുട്സിലുണ്ടാകില്ലെന്ന് ഉറപ്പു നല്‍കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെ തുടങ്ങിയ കൗണ്‍സില്‍ യോഗത്തില്‍ ഉച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം നടന്നത്. മാലിന്യം കത്തിച്ചതുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ തര്‍ക്കത്തിനിടെ 2018-19 പദ്ധതികള്‍ പോലുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതെ പാസാക്കി യോഗം പിരിച്ചുവിട്ടതായി അറിയിച്ച് ചെയര്‍പേഴ്സണ്‍ യോഗ ഹാളില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണു യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചത്. ഇതിനിടെ പൊലിസ് യോഗ ഹാളിലെത്തി പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സെക്രട്ടറിയും ചെയര്‍പേഴ്സനും കക്ഷിനേതാക്കളും ചര്‍ച്ച നടത്തി അജന്‍ഡകള്‍ അടുത്ത കൗണ്‍സിലിലേക്ക് മാറ്റിവച്ചതായി അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഫറോക്ക് എസ്.ഐ എം.കെ അനില്‍കുമാറിന്റ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘമാണു നഗരസഭയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."