സ്‌കൂളിനു മുന്നില്‍ 'ബൈക്കില്‍ സര്‍ക്കസ് '; നടപടി വേണമെന്ന് ആവശ്യം
ചെറുവത്തൂര്‍: പിലിക്കോട് സി. കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നില്‍ ചിലര്‍ കാട്ടുന്ന ബൈക്ക് അഭ്യാസങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റി സ്ഥിരമായി എത്തുന്ന ചിലരും മറ്റുള്ളവരുടെ ബൈക്ക് ഓടിച്ചെത്തുന്ന വിദ്യാര്‍ഥികളും നടത്തുന്ന അഭ്യാസങ്ങള്‍ അതിരു കടക്കുന്നതായാണു പരാതി.
ഹെല്‍മറ്റ് പോലും ഇല്ലാതെ മൂന്നുപേരെയും കയറ്റി അമിത വേഗതയില്‍ വരുന്ന ബൈക്കുകള്‍ രാവിലെ സ്‌കൂളിനു മുന്നിലെ പതിവുകാഴ്ചയാണ്. കുട്ടിഡ്രൈവര്‍മാര്‍ക്കും ബൈക്കില്‍ അഭ്യാസം കാട്ടുന്നവര്‍ക്കുമെതിരേ പൊലിസ് നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളിലേക്കു വരുന്ന വിദ്യാര്‍ഥികളുടെയുള്‍പ്പെടെ ശ്രദ്ധപിടിച്ചു പറ്റാന്‍ സ്ഥിരമായി എത്തുന്ന ചിലരാണ് അഭ്യാസപ്രകടനങ്ങള്‍ക്കു പിന്നിലെന്നു പറയപ്പെടുന്നു.
ദേശീയപാതയില്‍ പിലിക്കോട് ഹയര്‍സെക്കന്‍ഡറിക്കു മുന്നില്‍ അമിതവേഗതയില്‍ വന്ന ബൈക്ക് പെട്ടെന്ന് വളച്ചപ്പോള്‍ ഭാഗ്യം കൊണ്ടുമാത്രമാണ് കഴിഞ്ഞ ദിവസം അപകടം വഴിമാറിയത്. യൂനിഫോമിട്ട കുട്ടികളായിരുന്നു ബൈക്കില്‍.
ലൈസന്‍സും ഹെല്‍മറ്റും ഇല്ലാതെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാഹനമോടിക്കുന്നതു തടയാന്‍ ഇടയ്ക്ക് നടപടികള്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യമായ പരിശോധന ഇല്ലാത്തതാണ് സ്‌കൂള്‍ പരിസരത്തെ ബൈക്ക് അഭ്യാസങ്ങള്‍ വ്യാപകമാകാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."