സമ്പൂര്‍ണ വൈദ്യുതീകരണം: ജില്ലയില്‍ 14,947 പുതിയ കണക്ഷനുകള്‍
മലപ്പുറം: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ 14,947 പുതിയ വൈദ്യുതി കണക്ഷനുകള്‍. മഞ്ചേരി, തിരൂര്‍, നിലമ്പൂര്‍ സര്‍ക്കിളുകള്‍ക്കു കീഴിലായി കഴിഞ്ഞ മാര്‍ച്ച് 31നകം അപേക്ഷിച്ചവര്‍ക്കാണ് കണക്ഷന്‍. 18.82 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ പൂര്‍ത്തീകരണം.
ഇതിനായി 310.411 കിലോമീറ്റര്‍ സിംഗിള്‍ ഫേസ് ലൈന്‍ വലിച്ചു. ഏറനാട് (1,067), കൊണ്ടോട്ടി (1,134), മഞ്ചേരി (967), മലപ്പുറം (843), പെരിന്തല്‍മണ്ണ (1,305), മങ്കട(1,635), വേങ്ങര (586), കോട്ടക്കല്‍ (732), പൊന്നാനി (684), താനൂര്‍ (663), തവനൂര്‍ (826), തിരൂര്‍ (246), തിരൂരങ്ങാടി (506), വള്ളിക്കുന്ന് (623), നിലമ്പൂര്‍ (1,119), വണ്ടൂര്‍ (1,211) എന്നിങ്ങനെയാണ് മണ്ഡലംതലത്തിലുള്ള പുതിയ കണക്ഷനുകള്‍.
ഇതില്‍ നിലമ്പൂരിലെ പുഞ്ചക്കൊല്ലി, മുണ്ടക്കടവ് കോളനികളിലേക്ക് 7.2 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിള്‍ വനത്തിലൂടെ സ്ഥാപിച്ചു. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് വൈദ്യുതി ബോര്‍ഡ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ജില്ലാതല പ്രഖ്യാപനം നാളെ രാവിലെ പത്തിനു നിലമ്പൂര്‍ ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി എം.എം മണി നിര്‍വഹിക്കും. സമ്മേളനോദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ എം.ഐ ഷാനവാസ്, ഇ.ടിമുഹമ്മദ് ബഷീര്‍, പി.വി.അബ്ദുല്‍ വഹാബ്, നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ രപാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.ഡി.എം വി. രാമചന്ദ്രന്‍, എ.ജെ ലിനി, ടി.എം അജിത് കുമാര്‍, എസ്. പരമേശ്വരന്‍, ശോശാമ്മ കുരുവിള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."