തെങ്ങ് കൃഷിക്കായി ആപ്പ്
കോഴിക്കോട്: തെങ്ങു കൃഷിക്കായി ആപ്പ് വരുന്നു. തെങ്ങ് കൃഷി, തേങ്ങപറിക്കല്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തുടങ്ങി തെങ്ങു കയറ്റക്കാര്‍ക്കും അവരുടെ മക്കളുടെയും വിവാഹ അന്വേഷണത്തിനു പോലും ഉതകുന്ന വിധത്തിലുള്ള അപ്ലിക്കേഷനാണ് കേരമിത്രം പദ്ധതിയിലൂടെ കേരളമിത്രം സൊസൈറ്റി നടപ്പിലാക്കുന്നത്.
അപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചിരുന്നു. ആപ്പ് ഇപ്പോള്‍ പ്ലേ സ്‌റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാമെങ്കിലും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഒരു വര്‍ഷത്തേക്ക് 350 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.
കേരകര്‍ഷകരേയും തെങ്ങുകയറ്റ തൊഴിലാളികളേയും തമ്മില്‍ ആധുനിക സംവിധാനത്തിലൂടെ ബന്ധിപ്പിച്ച് സേവനം പരസ്പരം ഉറപ്പുവരുത്തുന്നതാണ് കേരമിത്രം മൊബൈല്‍ ആപ്പെന്ന് കേരളമിത്രം സൊസൈറ്റി പ്രസിഡന്റെ് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ തെങ്ങുകയറ്റത്തൊഴിലാളികളെ ആവശ്യമുള്ള കേരകര്‍ഷകര്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ആപ്പിന്റെ ലക്ഷ്യം. രണ്ടാംഘട്ടമായി കര്‍ഷകരില്‍നിന്നു തേങ്ങ നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനായുളള പദ്ധതികള്‍ നടപ്പിലാക്കും. മൂന്നാംഘട്ട ലക്ഷ്യം തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് അന്തര്‍ദേശീയ വിപണിയില്‍ എത്തിക്കുക എന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."