ഹജ്ജില്‍ രാഷ്ട്രീയ, വിഭാഗീയ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ല: സല്‍മാന്‍ രാജാവ്
ജിദ്ദ: ഹാജിമാരുടെ പ്രവാഹം പുരോഗമിക്കവേ, ഹജ്ജിന്റെ ആതിഥേയ രാഷ്ട്രത്തിന്റെ ഭരണാധികാരി സല്‍മാന്‍ രാജാവ് തീര്‍ഥാടകര്‍ക്ക് ആയാസരഹിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ അനുഷ്ഠാനം ആശംസിച്ചു. രാജ്യത്തെ കര-വ്യോമ-സമുദ്ര കവാടങ്ങളിലും ഹജ്ജ് സ്ഥലങ്ങളിലേക്കുള്ള വഴികളിലും പ്രവര്‍ത്തിക്കുന്ന എല്ലാ അനുബന്ധ സര്‍ക്കാര്‍ ഏജന്‍സികളോടും തീര്‍ഥാടകര്‍ക്ക് സര്‍വ സൗകര്യങ്ങളുമൊരുക്കുന്നതില്‍ അശേഷം അമാന്തം വരുത്തരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വാരാന്ത്യ സഊദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു ഇരു തിരുഗേഹങ്ങളുടെ സേവകനായ സഊദി ഭരണാധികാരി. ഹജ്ജിന്റെയും അതിന്റെ പ്രദേശങ്ങളുടേയും പാവനതയും വിശുദ്ധിയും പരിപൂര്‍ണമായി പാലിക്കണമെന്നും ആത്മീയ കാര്യങ്ങളില്‍ മാത്രമായിരിക്കണം ശ്രദ്ധയെന്നും അദ്ദേഹം തീര്‍ഥാടകരെയും ഓര്‍മിപ്പിച്ചു.രാഷ്ട്രീയ, വിഭാഗീയ മുദ്രാവാക്യങ്ങള്‍ക്ക് ഹജ്ജ് വേളയില്‍ സ്ഥാനമില്ല. ഒരു നിലയ്ക്കും അത്തരം നീക്കങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലുംവച്ചു പൊറുപ്പിക്കുകയില്ല. കര്‍ശനമായി അത്തരം നീക്കങ്ങളെ നേരിടുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
ഹജ്ജ് സ്ഥലങ്ങളില്‍
ഒട്ടക നിരോധനം
ജിദ്ദ: മക്ക, മറ്റു ഹജ്ജ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഒട്ടക നിരോധനം ഏര്‍പ്പെടുത്തി. സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ട്ടാവും കേന്ദ്ര ഹജ്ജ് സമിതി അധ്യക്ഷനും മക്കാ ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ആരോഗ്യ വിഭാഗം അധികൃതരില്‍ നിന്നുള്ള ഉപദേശങ്ങള്‍ പരിഗണിച്ചാണ് രാജകുമാരന്റെ തീരുമാനം. മാരകമായ 'കൊറോണ' രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇതു തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഹജ്ജ് സീസണില്‍ മക്കയില്‍ ഒട്ടക നിരോധനം നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."