നെരുമ്പ്രത്തും ശ്രീസ്ഥയിലും പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി
പഴയങ്ങാടി/ തളിപ്പറമ്പ്: നെരുമ്പ്രത്തും പരിയാരം ശ്രീസ്ഥയിലും പുലി ഇറങ്ങിയതായി അഭ്യൂഹം. നെരുമ്പ്രം അതിയടം സാംസ്‌കാരിക വേദി വായനശാലക്ക് സമീപം താമസിക്കുന്ന പി.പി ലതികയുടെ വീട്ടുപറമ്പിലാണ് പുലിയുടേതെന്ന് തോന്നിക്കുന്ന കാല്‍പാടുകള്‍ കണ്ടത്. ചൊവ്വാഴ്ച രാത്രി വീട്ടുപറമ്പില്‍ നിന്ന് പതിവില്‍ നിന്ന് വ്യത്യസ്തമായ ശബ്ദം കേട്ട് ഇന്നലെ രാവിലെ പരിസരം പരിശോധിച്ചപ്പോഴാണ് പുലിയുടേതെന്ന് തോന്നിക്കുന്ന വലിയ കാല്‍പാടുകള്‍ കണ്ടെത്തിയത്. ഫോറസ്റ്റ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം കാല്‍പ്പാട് കാട്ടുപൂച്ചയുടേതാണെന്ന് അറിയിച്ചു. വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്.
പരിയാരം ശ്രീസ്ഥയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. പ്രദേശത്ത് ഏതാനും മാസമായി കാട്ടുപോത്ത് ഭീതി നിലനില്‍ക്കുന്നതിനിടെയാണ് പുലിപേടിയും പടര്‍ന്നത്. പരിയാരം പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുറച്ചു ദിവസമായി ഈ ഭാഗത്തെ വളര്‍ത്തുപൂച്ചകളെയും പട്ടികളെയും കാണാതായതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കണ്ടെത്തിയ കാലടയാളം പുലിയുടേതല്ലെന്ന് റിട്ട. ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ എന്‍.പി പ്രഭാകരന്‍ പറഞ്ഞു.
വലിയ കാട്ടുപൂച്ചയുടെയോ നായ്ക്കറ്റന്‍ എന്നറിയപ്പെടുന്ന കഴുതപ്പുലിയുടേതോ ആയിരിക്കാനാണ് സാധ്യതയെന്ന് അറിയിച്ചു. നാല് സ്ഥലങ്ങളിലാണ് കാലടയാളം കണ്ടെത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ പ്രദേശത്ത് പരിശോധന നടത്തുമെന്നു തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ സോളമന്‍ തോമസ് ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."