കോര്‍കമ്മിറ്റി അംഗങ്ങളെ ഡല്‍ഹിക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: ഗ്രൂപ്പുകള്‍ക്ക് അതീതനായി സ്വന്തം നിലയില്‍ തീരുമാനമെടുക്കുന്ന പ്രസിഡന്റ് ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഭാരവാഹികളെ പ്രഖ്യാപിച്ചതില്‍ പ്രശ്‌നങ്ങളുണ്ടെന്നും സംസ്ഥാന കമ്മിറ്റിയേയും മറ്റു ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതിനു മുന്‍പ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ഗ്രൂപ്പുകളുടെ ആവശ്യം പരിഗണിച്ച് സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. കോര്‍കമ്മിറ്റി യോഗത്തിന്റെയും സംസ്ഥാന നേതാക്കളുടേയും യോഗത്തില്‍ ഉണ്ടായ അഭിപ്രായഭിന്നത കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ അധ്യക്ഷന്‍ അമിത് ഷായെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേരുന്നത്.
സംസ്ഥാനത്ത് സംഘടനക്കുള്ളിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മതി സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് എന്ന വികാരം ഉയര്‍ന്നതിനെ തുടര്‍ന്ന് എറണാകുളം യോഗത്തില്‍ ഒരു തീരുമാനവുമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
രാമന്‍പിള്ളക്കും പി.പി മുകുന്ദനുമൊപ്പം പാര്‍ട്ടിയില്‍നിന്നു പുറത്തുപോയ ചിലരെ സംസ്ഥാന ഭാരവാഹി സ്ഥാനത്തേക്ക് കൊണ്ടുവന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്. ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കിയില്ലെന്ന അഭിപ്രായം കേന്ദ്ര നേതൃത്വവും പ്രകടിപ്പിച്ചു. ഗ്രൂപ്പുകളെ പങ്കെടുപ്പിക്കാതെ സ്വന്തം നിലയില്‍ തീരുമാനങ്ങളെടുത്തു മുന്നോട്ടുപോകുന്നതും ശ്രീധരന്‍പിള്ളക്ക് തിരിച്ചടിയായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഹരിച്ച ശേഷമേ ഒഴിച്ചിട്ടിരിക്കുന്ന സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളേയും സംസ്ഥാന കമ്മിറ്റിയേയും തെരഞ്ഞെടുക്കൂ.
അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ മത്സരിപ്പിക്കുന്ന കാര്യം ബി.ജെ.പി. നേതൃത്വം ചര്‍ച്ച ചെയ്തു തുടങ്ങി. തിരുവനന്തപുരത്ത് വിജയിക്കേണ്ടതുണ്ടെന്നും ശശി തരൂരിനെതിരേ ശക്തനായ സ്ഥാനാര്‍ഥിതന്നെ വേണമെന്നതും നിര്‍മല സീതാരാമനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകമാണ്. സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷമേ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ പൂര്‍ണമായ ചര്‍ച്ച നടക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."