ശബരിമല: സംഘ്പരിവാറില്‍ കടുത്ത ഭിന്നത; വെട്ടിലായി ബി.ജെ.പി
മലപ്പുറം: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന സുപ്രിംകോടതി വിധിയില്‍ സംഘ്പരിവാറില്‍ കടുത്ത ഭിന്നത. വിധിയെ ആര്‍.എസ്.എസ് അനുകൂലിക്കുമ്പോള്‍ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള മറ്റു സംഘ്പരിവാര്‍ സംഘടനകള്‍ എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വ്യക്തമായ നിലപാടു സ്വീകരിക്കാനാവാത്ത അവസ്ഥയിലാണ് ബി.ജെ.പി.
പ്രായഭേദം കണക്കിലെടുക്കാതെ അയ്യപ്പ ഭക്തരായ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന നിലപാട് വിധിക്കു മുന്‍പു തന്നെ ആര്‍.എസ്.എസ് സ്വീകരിച്ചിരുന്നു. വിധി വന്ന ശേഷം ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹക് പി.ഗോപാലന്‍കുട്ടി ഈ നിലപാട് ആവര്‍ത്തിച്ചിട്ടുമുണ്ട്. സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ള ചില പ്രമുഖ ബി.ജെ.പി നേതാക്കളും ഈ നിലപാടിനൊപ്പമാണ്.
എന്നാല്‍ വിധിക്കെതിരേ വി.എച്ച്.പി രംഗത്തു വന്നിട്ടുണ്ട്. വിധിക്കു ശേഷം പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ബജ്‌റംഗ്ദള്‍ നേരത്തെ തന്നെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു.
അവര്‍ ആ നിലപാടു തുടരുന്നതായാണ് സൂചന. ഇതിനു പുറമെ സംഘ്പരിവാറിന്റെ ഭാഗമല്ലാത്ത ഹിന്ദുത്വ കക്ഷിയായ ശിവസേനയും അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍, കേരള ബ്രാഹ്മണ മഹാസഭ, വിശ്വകര്‍മ മഹാസഭ തുടങ്ങിയ സാമുദായിക സംഘടനകളും വിധിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. വിധിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായ ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തിട്ടുമുണ്ട്.
സംഘ്പരിവാറിനുള്ളില്‍ നിന്നും ഹൈന്ദവ സമൂഹത്തില്‍ നിന്നും സമ്മിശ്ര പ്രതികരണമുണ്ടായ സാഹചര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാനാവാതെ വലയുകയാണ് ബി.ജെ.പി നേതൃത്വം. വിധിപ്പകര്‍പ്പു കിട്ടിയ ശേഷം പാര്‍ട്ടി നിലപാടു വ്യക്തമാക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. എന്നാല്‍ അതത്ര എളുപ്പമാവില്ല. ഹൈന്ദവ സമൂഹത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കു പലവട്ടം ചിന്തിക്കേണ്ടി വരും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ എന്തു നിലപാടെടുത്താലും തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക നേതൃത്വത്തെ അലട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."