നമ്പിനാരായണന്റെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തില്‍: സിബി മാത്യൂസ്
.
തിരുവനന്തപുരം: ചാരക്കേസില്‍ നമ്പിനാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ ഡി.ജി.പി സിബി മാത്യൂസ്.
സുപ്രിം കോടതി നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചതിന് ശേഷം ആദ്യമായാണ് സിബി മാത്യൂസ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. സിബി മാത്യൂസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണത്തിന് സുപ്രിം കോടതി റിട്ട. ജസ്റ്റിസ് ജയിന്‍ അധ്യക്ഷനായ സമിതി അന്വേഷണം ആരംഭിക്കാനിരിക്കെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
മറിയം റഷീദ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ 1994 നവംബര്‍ ഒന്നിനാണ് നമ്പി നാരായണന്‍ സ്വയം വിരമിക്കലിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഇത്ര തിടുക്കത്തില്‍ വിരമിക്കാന്‍ പ്രേരിപ്പിച്ചത് എന്താണ്. കേസ് നടക്കുമ്പോള്‍ നമ്പി നാരായണന്‍ കുര്യന്‍ കളത്തില്‍ എന്ന റെയില്‍വേ കോണ്‍ട്രാക്ടറുടെ പേരിലുള്ള ലാന്റ് ഫോണ്‍ സ്വന്തം വീട്ടില്‍ ഉപയോഗിച്ചിരുന്നു.
അന്ന് അദ്ദേഹത്തിന്റെ ഫോണ്‍ ബില്‍ ഭീമമായിരുന്നു. 44,498 രൂപയ്ക്കാണ് അദ്ദേഹം 1994ല്‍ ഐ.എസ്.ഡി കോളുകള്‍ വിളിച്ചത്. ഐ.എസ്.ആര്‍.ഒ പോലുള്ള സ്ഥാപനത്തില്‍ അതീവ ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്തിന് വേണ്ടിയാണ് ഇത്രയും ഐ.എസ്.ഡി കോളുകള്‍ വിളിച്ചിരുന്നതെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഈ ഫോണ്‍ ബില്ലുകള്‍ പൊലിസിന്റെ കൈയിലുണ്ട്. എന്നാല്‍ സി.ബി.ഐ ഈ തെളിവുകളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നും സിബി മാത്യൂസ് പറഞ്ഞു.
അതീവരഹസ്യ സ്വഭാവമുള്ള ഗവേഷണസ്ഥാപനമായ ഐ.എസ്.ആര്‍.ഒയിലെ ഉയര്‍ന്ന ശാസ്ത്രജ്ഞന്മാര്‍ മാലി ദ്വീപില്‍നിന്നുള്ള രണ്ട് വനിതകളുമായി പലപ്പോഴും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ ആരോപിക്കപ്പെടുന്നതുപോലെ അമേരിക്കന്‍ ചാരസംഘടനയുടെ ഗൂഢാലോചന ഇതിനു പിന്നില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ കേസ് ഒന്നരവര്‍ഷം അന്വേഷിച്ച സി.ബി.ഐയ്ക്ക് അങ്ങനെയൊരു ഗൂഢാലോചന കണ്ടെത്താന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും സിബി മാത്യൂസ് ചോദിച്ചു.
നമ്പി നാരായണന്റെ അറസ്റ്റിന് പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നെന്ന വാദത്തേയും അദ്ദേഹം തള്ളി. സംസ്ഥാന പൊലിസിലേയും കേന്ദ്ര ഇന്റലിജന്‍സിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു നമ്പി നാരായണന്റെ അറസ്റ്റ്. അറസ്റ്റിന്റെ പേരില്‍ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.
നമ്പി നാരായണന് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ആരോപണ വിധേയരായ സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ചു പിടിയ്ക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."