കരള്‍ രോഗം ബാധിച്ച പിഞ്ചുകുഞ്ഞിനായി സ്വകാര്യബസിന്റെ കാരുണ്യയാത്ര
കാക്കനാട്: കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിനായി കാരുണ്യയാത്ര നടത്തി. തേവര കല്ലറക്കല്‍ വീട്ടില്‍ ഓട്ടോ ഡ്രൈവര്‍ വര്‍ഗീസിന്റെയും എലിസബത്തിന്റെയും രണ്ടാമത്തെ മകള്‍ ആന്‍മരിയ(ഒരു വയസ്)യുടെ ചികിത്സയ്ക്കു വേണ്ടി കാക്കനാട് -ഫോര്‍ട്ടുകൊച്ചി റൂട്ടിലെ 'ഷാന' ബസാണ് രണ്ടുദിവസം സര്‍വീസ് നടത്തിയത്. യാത്രക്കാരും ബസ് ഉടമയും തൊഴിലാളികളും ഒരേമനസോടെ സഹായിച്ചതോടെ അരലക്ഷത്തിലധികം രൂപ സ്വരൂപിക്കാനായി.
ആന്‍മരിയ ജനിച്ച് മൂന്നാം മാസം മുതല്‍ കണ്ണില്‍ മഞ്ഞപ്പിന്റെ രൂപത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതോടൊയാണ് മാതാപിതാക്കള്‍ ചികിത്സതേടിയത്. കരളില്‍ പിത്തം കട്ടപിടിച്ചതാണ് രോഗത്തിന് കാരണമെന്നും ഇതിന് പരിഹാരമായി കരള്‍ മാറ്റി വയ്ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കരള്‍ പകത്ത് നല്‍കാന്‍ കുട്ടിയുടെ മാതാവ് തയ്യാറായെങ്കിലും ശസ്ത്രക്രിയക്ക് മാത്രം 15 ലക്ഷം രൂപയോളം ചെലവ് വരും. ഭീമമായ ഈ തുക കണ്ടെത്തുന്നതിനായി സുമനസുകളുടെ സഹായം തേടുകയെന്നതായിരുന്നു ആ കുടുംബത്തിനു മുന്നിലുള്ള ഏക ആശ്രയം.
സംഭവമറിഞ്ഞ് കാക്കനാട് ഇടച്ചിറയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാന അബ്ദു തന്റെ ഉടമസ്ഥയിലുള്ള ഷാന ബസുകള്‍ കുട്ടിയുടെ ചികിത്സാര്‍ഥം സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന വര്‍ഗീസ് കുട്ടിയുടെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയത്. പലപ്പോഴും തീവ്രപരിചരണ വിഭാഗത്തിലും വാര്‍ഡിലുമായി ചികിത്സ തേടുന്ന കുട്ടിയെ പരിചരിക്കാന്‍ ഭാര്യമാത്രമാണ് ഉള്ളത്. പേട്ടയിലുള്ള വാടക വീട്ടിലാണ് വൃദ്ധമാതാവടങ്ങുന്ന വര്‍ഗീസിന്റെ കുടുംബം താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."