വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക്; ആശയക്കുഴപ്പം തീരാതെ യു.ഡി.എഫ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കുമായി ബന്ധപ്പെട്ട് യു.ഡി.എഫിനുള്ളില്‍ ആശയക്കുഴപ്പം തുടരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഇന്നു നടക്കാനിരിക്കേ ഇതുസംബന്ധിച്ച് ഒറ്റ അഭിപ്രായം രൂപപ്പെടുത്താന്‍ ഇതുവരെയും യു.ഡി.എഫിനായിട്ടില്ല. വ്യത്യസ്ത പ്രതികരണങ്ങളാണ് നേതാക്കള്‍ ഇപ്പോഴും നടത്തുന്നത്. നേതാക്കളുടെ വിപരീത നിലപാട് ചര്‍ച്ചയായതോടെ പ്രശ്‌നങ്ങള്‍ക്കുകാരണം മാധ്യമങ്ങളാണെന്ന വിശദീകരണമാണ് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ നല്‍കിയത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു സഖ്യവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പല വേദികളിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റും എം.പിയുമായ കെ.മുരളീധരന്‍ നീക്കുപോക്കുണ്ടെന്ന് തുറന്നുപറഞ്ഞു.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്ക് ഉണ്ടായിട്ടുണ്ടെന്ന് മുരളീധരന്‍ ഇന്നലെയും ആവര്‍ത്തിച്ചു. മുരളീധരന്റെ നിലപാടിനെ പിന്തുണയ്ക്കുകയാണ് യുഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ചെയ്തത്. നീക്കുപോക്ക് അദ്ദേഹം കഴിഞ്ഞദിവസം പരസ്യമാക്കിയിരുന്നു. എന്നാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് കെ.പി.സി.സി അധ്യക്ഷനാണെന്നും മുന്നണിക്കുപുറത്ത് ആരുമായും ബന്ധമില്ലെന്നുമായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.
യു.ഡി.എഫിനുള്ളിലെ ആശയക്കുഴപ്പം ചര്‍ച്ചയായതോടെ താന്‍ പറഞ്ഞത് യു.ഡി.എഫിന്റെ കാര്യമാണെന്നും മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും പറഞ്ഞത് കോണ്‍ഗ്രസിന്റെ കാര്യമാണെന്നും വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നത് മാധ്യമപ്രവര്‍ത്തകരാണെന്നും വിശദീകരിച്ച് തലയൂരാനാണ് യു.ഡി.എഫ് കണ്‍വീനര്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."