ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു; പി.ടി.എ സമരത്തിലേക്ക്
തൊടുപുഴ: കോടിക്കുളം ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജുമെന്റും പി.ടി.എ കമ്മിറ്റിയും തമ്മില്‍ വിവിധ പ്രശ്‌നങ്ങളെച്ചൊല്ലി മാസങ്ങളായി തുടരുന്ന തര്‍ക്കം പുതിയ വഴിത്തിരിവിലേയ്ക്ക്. മാനേജുമെന്റിന്റെ അപ്രീതിക്കു പാത്രമായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് ജെ. കാപ്പനെ സസ്‌പെന്റ് ചെയ്തതായി പുതുതായി ചുമതലയേറ്റ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, പ്രിന്‍സിപ്പലിനെ പുറത്താക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് പി.ടി.എ ഭാരവാഹികളും മറ്റൊരു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പലിനും രക്ഷിതാക്കള്‍ക്കുമെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 29ന് കോടിക്കുളത്ത് പ്രതിഷേധയോഗവും ജൂണ്‍ ഒന്നിന് സ്‌കൂളിലേക്ക് മാര്‍ച്ചും നടത്തുമെന്ന് പി.ടി.എ ഭാരവാഹികള്‍ അറിയിച്ചു. ഇരുകൂട്ടരും അയവില്ലാത്ത നിലപാട് സ്വീകരിക്കുന്നത് സ്‌കൂളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്നു വിലയിരുത്തപ്പെടുന്നു.
സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരേ സാമ്പത്തികക്രമക്കേട് അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണു ട്രസ്റ്റ് അംഗങ്ങള്‍ ഉന്നയിച്ചത്. ഇത്രയും കാലം സ്‌കൂളിനെ മികച്ച നിലയില്‍ നയിച്ച അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെ പോലും ട്രസ്റ്റ് ഭാരവാഹികള്‍ സംശയത്തിന്റെ മള്‍മുനയില്‍ നിര്‍ത്തി. സാമ്പത്തിക താല്‍പര്യം മാത്രമാണ് ട്രസ്റ്റിനുള്ളതെന്ന് പി.ടി.എ ഭാരവാഹികള്‍ പറയുന്നു.
ഒരു വിദ്യാര്‍ഥിയില്‍ നിന്നും പ്രതിവര്‍ഷം 1500 രൂപ അധികമായി ഈടാക്കിയത് ചോദ്യം ചെയ്തതോടെയാണ് മാനേജുമെന്റ് പ്രതികാര നടപടിക്കു തുനിഞ്ഞിറങ്ങിയത്. എന്നാല്‍, ഇക്കാര്യങ്ങള്‍ മാനേജുമെന്റ് നിഷേധിച്ചു. അധ്യാപകര്‍ക്കു ശമ്പള കുടിശികയുണ്ടെന്ന പി.ടി.എയുടെ ആരോപണം ശരിയല്ലെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
പ്രിന്‍സിപ്പാലിനെ മുന്‍നിര്‍ത്തിയാണു രക്ഷിതാക്കള്‍ ഈ സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കുന്നതെന്നും അദ്ദേഹത്തെ സ്‌കൂളില്‍ നിന്നു നീക്കം ചെയ്യില്ലെന്നു മാനേജുമെന്റ് ഉറപ്പു നല്‍കിയിരുന്നതാണെന്നും പി.ടി.എ പറയുന്നു. പ്രിന്‍സിപ്പാലിനെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്ന മാനേജുമെന്റ് എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു ട്രസ്റ്റ് അംഗങ്ങളുടെ മറുപടി.
ആവര്‍ത്തിച്ചുള്ള ചോദ്യത്തിനൊടുവിലാണ് ഇന്നലെ രാവിലെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് പൊടുന്നനെ അവിടെ എത്തിയ ഒരു പ്രൊമോട്ടര്‍ വ്യക്തമാക്കിയത്. ഇക്കാര്യം ആദ്യം മറച്ചു വെച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. സ്‌കൂളില്‍ പുതുതായി ഒരു വൈസ് പ്രിന്‍സിപ്പലിനെയും മാനേജരെയും നിയമിച്ചതായും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
പതിനഞ്ചു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന് ആധാരമായ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു അഭിഭാഷകന്റെ നേതൃത്വത്തിലുള്ള നാലംഗ കമ്മിഷനെ നിയോഗിക്കുമെന്നും അവര്‍ അറിയിച്ചു.
പി.ടി.എയെ പ്രതിനിധീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി .എസ് .സിദ്ധാര്‍ഥന്‍, പി.ടി.എ പ്രസിഡന്റ് അന്‍സാര്‍ അഹമ്മദ്, എക്‌സിക്യൂട്ടീവംഗം ആര്‍. അരുണ്‍ എന്നിവരും മാനേജുമെന്റിനെ പ്രതിനിധീകരിച്ച് മാനേജിങ് ട്രസ്റ്റി ജോജോ ജോസഫ്, സെക്രട്ടറി സാബു മാത്യു, ട്രഷറര്‍ അരുണ്‍ .ജെ. തുറയ്ക്കല്‍, പ്രമോട്ടര്‍ സാന്റി മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."