ഇത് താന്‍ടാ ബെന്നി പൊലിസ്
''ഹലോ, പൊലിസ് സ്റ്റേഷന്‍''
''അതെ പൊലിസ് സ്റ്റേഷനാണ്.''
''ഇത് പാനൂരില്‍ നിന്നാണ്.''
''പറഞ്ഞോളൂ...''
''സാര്‍ ഇവിടെ ഒരാള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നുണ്ട്.''
ചീറിപ്പായുന്ന ആംബുലന്‍സും പ്രതികള്‍ക്കുവേണ്ടി പരക്കം പായുന്ന പൊലിസും നിരോധനാജ്ഞയും കര്‍ഫ്യൂവും കൊണ്ടുപൊറുതി മുട്ടിയിരുന്ന ജനങ്ങളും. ഇതായിരുന്നു പാനൂര്‍. ഭാര്യയെ വിധവയാക്കിയ, അമ്മയ്ക്കു മകനെ നഷ്ടപ്പെട്ട, സഹോദരിക്കു സഹോദരനെ നഷ്ടപ്പെട്ട, മക്കള്‍ക്ക് അച്ഛനില്ലാതായ നാട്.. അതായിരുന്നു ഒരുകാലത്ത് പാനൂര്‍. കണ്ണീര്‍തുള്ളികള്‍ക്കുമേല്‍ രാഷ്ട്രീയം കെട്ടിപ്പടുത്തവരുടെ നാടായിരുന്നു അത്.
മനുഷ്യര്‍ തമ്മില്‍ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ പോരടിച്ചു തമ്മില്‍ ആയുധങ്ങളുമായി മുറവിളി കൂട്ടിയിരുന്ന കണ്ണൂരിലെ പാനൂര്‍. നാടെവിടെയെന്നു ചോദിച്ചാല്‍ കണ്ണൂരെന്നു പറയുമ്പോള്‍ പാനൂരാണോയെന്നു ഭീതിയോടെ തിരിച്ചുചോദിച്ചിരുന്ന കാലം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനിറങ്ങിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കുനേരെയും ബോംബുകള്‍ വന്നുവീണ നാടായിരുന്നു അത്.
2005ല്‍ പാനൂര്‍ പൊലിസ് സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടറായി പേരാമ്പ്ര സ്വദേശി വി.വി ബെന്നി ചുമതലയേറ്റു. പാനൂരിലെ രാഷ്ട്രീയസാഹചര്യത്തെ കുറിച്ചു കൃത്യമായി പഠിച്ചും, കൊലപാതക രാഷ്ട്രീയത്തിനും ആക്രമണങ്ങള്‍ക്കും പേരുകേട്ട ഇവിടത്തെ യുവാക്കളെ കുറിച്ചു നന്നായി മനസിലാക്കിയുമാണ് എസ്.ഐ ബെന്നിയുടെ വരവ്.
നാട്ടില്‍ പുതിയൊരു മാറ്റത്തിനു തുടക്കമിടുകയായിരുന്നു ബെന്നി. യുവതലമുറയെ വിദ്യാഭ്യാസത്തിലൂടെ കൃത്യമായ വഴികളിലേക്കു തിരിച്ചുവിടാനായിരുന്നു പദ്ധതി. നാടിന്റെ സംരക്ഷണം ഏറ്റെടുക്കുന്നതോടൊപ്പം ഇടവേളകളില്‍ നാട്ടിലെ യുവതലമുറയ്ക്ക് പി.എസ്.സി കോച്ചിങ് അടക്കമുള്ള പരിശീലനങ്ങള്‍ നല്‍കിത്തുടങ്ങി. കൊലപാതകസംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ യുവാക്കളും വിദ്യാര്‍ഥികളുമാണു കാര്യമായും പ്രതിപ്പട്ടികയില്‍ വരുന്നതെന്നു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു നീക്കത്തിനു തുടക്കമിട്ടത്. യുവതലമുറയെ നാടിന് ഉപകാരപ്പെടുന്നവരാക്കി മാറ്റാന്‍ പുതിയ ആശയവുമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കര്‍മനിരതനായി.
ഒരു വീട്ടില്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ എന്ന ലക്ഷ്യവുമായി 'ഇന്‍സൈറ്റ് ' എന്ന പേരില്‍ ഒരു സ്വപ്നപദ്ധതിക്കും തുടക്കമിട്ടു. പദ്ധതി പ്രവര്‍ത്തനമാരംഭിച്ചതോടെ ആവേശത്തോടെയാണ് ഇതിനെ യുവജനങ്ങള്‍ നെഞ്ചേറ്റിയത്. ഒരേസമയം സര്‍ക്കിള്‍ പരിധിയിലെ ഇരുപതു കേന്ദ്രങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളും യുവതി യുവാക്കളും ഉള്‍പ്പെടെ ആയിരത്തി അഞ്ഞൂറിലധികം പേര്‍ തുടക്കത്തില്‍ തന്നെ പദ്ധതിയുടെ ഭാഗമായി. വിവിധ മത്സര പരീക്ഷകളിലേക്കു പ്രാപ്തരാക്കുന്നതോടൊപ്പം കൃത്യമായ ലക്ഷ്യബോധം വളര്‍ത്തിയെടുക്കുക കൂടിയാണ് 'ഇന്‍സൈറ്റി'ലൂടെ ലക്ഷ്യമിട്ടത്. തികച്ചും ജനകീയപങ്കാളിത്തത്തോടെയാണു പദ്ധതി നടപ്പാക്കിയത്.
'ഇന്‍സൈറ്റ് ' എന്ന ആശയം സി.ഐ വി.വി ബെന്നി മുന്നോട്ടുവച്ചപ്പോള്‍ പാനൂര്‍ ജനത ഇരുകൈയും നീട്ടിസ്വീകരിച്ചു. റിട്ടയേഡ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരികയും ചെയ്തു. മണിക്കൂറിനു പ്രതിഫലം വാങ്ങി പി.എസ്.സി കോച്ചിങ് സെന്ററുകളില്‍ ജോലി ചെയ്യുന്നവര്‍ യാതൊരു പ്രതിഫലവും വാങ്ങാതെ പദ്ധതിയുടെ ഭാഗമായി.
തലശ്ശേരി എ.എസ്.പി ചൈത്രാ തെരേസാ ജോണ്‍ ഉള്‍പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും പങ്കാളികളായ ചടങ്ങില്‍ മണ്ഡലം എം.എല്‍.എയും മന്ത്രിയുമായ കെ.കെ ശൈലജയാണു പദ്ധതി നാടിനു സമര്‍പ്പിച്ചത്. പദ്ധതിയുടെ ഭാഗമായ ഇരുപത് കേന്ദ്രങ്ങളിലേക്കും വിദ്യാര്‍ഥികളെ മത്സര പരീക്ഷയ്ക്കു പ്രാപ്തരാക്കാന്‍ ആവശ്യമായ ആനുകാലികങ്ങള്‍ ഒരു വര്‍ഷത്തേക്കുള്ളതു നല്‍കാന്‍ തയാറായി ഖത്തറിലെ സഫാരി ഗ്രൂപ്പ് മുന്നോട്ടുവന്ന. ജൂലൈ ഒന്നിന് ഇരുപത് കേന്ദ്രങ്ങളിലും ക്ലാസുകള്‍ ആരംഭിച്ചു. എല്ലായിടത്തും സി.ഐ ബെന്നി നേരിട്ടു സന്ദര്‍ശനം നടത്തി പദ്ധതിയുടെ മേല്‍നോട്ടം വഹിച്ചു.
വിദ്യാലയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, മദ്‌റസാ ഹാളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. പന്ന്യന്നൂര്‍ നിറം സാംസ്‌കാരിക കേന്ദ്രം ഒരുക്കിയ കേന്ദ്രത്തിലാണ് ഏറ്റവും കൂടുതല്‍ പഠിതാക്കളെത്തിയത്. 120 പേരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. വിദ്യാര്‍ഥികളുടെ സൗകര്യം കണക്കിലെടുത്ത് ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍ നടക്കുന്നത്. മൂന്നു മണിക്കൂര്‍ വീതം ക്ലാസുകള്‍ നല്‍കുകയാണു ലക്ഷ്യം.
പാനൂര്‍ പൊലിസ് സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐയായി 2005ല്‍ ചുമതലയേറ്റ് ഔദ്യോഗിക ജീവിതമാരംഭിച്ച ബെന്നി 2007 ഒക്ടോബര്‍ വരെ ഇവിടെ എസ്.ഐ ആയി തുടര്‍ന്നു. ഇടക്കാലത്ത് ഇവിടെനിന്നു സ്ഥലം മാറിപ്പോയെങ്കിലും പിന്നീട് പാനൂരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ 2008 ജനുവരിയില്‍ ആഭ്യന്തര വകുപ്പ് ബെന്നിയെ വീണ്ടും പാനൂരിലേക്കു തിരിച്ചയച്ചു.
2009ല്‍ വീണ്ടും പാനൂരിനോടു വിടപറഞ്ഞ ഇദ്ദേഹം 2014 മാര്‍ച്ച് മാസത്തില്‍ സി.ഐയായി വീണ്ടും പാനൂരിലെത്തി. 2015 മെയ് മാസംവരെ സി.ഐയായി പാനൂരില്‍ തുടര്‍ന്നു. തുടര്‍ന്നു യാതൊരുവിധ ആരോപണങ്ങള്‍ക്കും ഇടനല്‍കാതെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് പാനൂരില്‍നിന്ന് ബെന്നി പടിയിറങ്ങിയത്. 2017 നവംബര്‍ മാസത്തില്‍ ഒരിടവേളയ്ക്കുശേഷം പാനൂരിന്റെ രാഷ്ടീയാന്തരീക്ഷം വീണ്ടും കലുഷിതമായപ്പോള്‍ ആഭ്യന്തര വകുപ്പിനു മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല. തൃശൂര്‍ കണ്‍ട്രോള്‍ റൂം സി.ഐയായിരുന്ന വി.വി ബെന്നിയെ വീണ്ടും പാനൂര്‍ സി.ഐയായി നിയമിച്ചു.
ഇതിനകം ആറു വര്‍ഷത്തോളം പാനൂരില്‍ പ്രവര്‍ത്തിച്ച നാടിന്റെ മുക്കും മൂലയും ഒരുപോലെ സുപരിചിതമാണ്. കൃത്യമായ ഇടപെടലിലൂടെ പാനൂരില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ ബെന്നിക്കു കഴിഞ്ഞിരുന്നു. ചെറിയ അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ അതു വ്യാപിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലിസ് സാന്നിധ്യം ഉറപ്പുവരുത്തി ശക്തമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിനായി. സംഘര്‍ഷ മേഖലകളിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും മദ്‌റസകളുടെയും ശ്രീനാരായണ മഠങ്ങളുടെയും വാര്‍ഷികാഘോഷം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുത്ത് യുവതലമുറയ്ക്കിടയില്‍ ജാഗ്രത പഠിപ്പിക്കാനും അദ്ദേഹം തയാറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."