ഇറാനും ഇസ്‌റാഈലും കൊമ്പുകോര്‍ക്കുമ്പോള്‍
അരങ്ങൊഴിയും മുന്‍പേ കുളംകലക്കാന്‍ കച്ചകെട്ടിയ ട്രംപ് ഭരണകൂടം, വിദ്വേഷം മുഖമുദ്രയാക്കി ദുര്‍ബല രാജ്യങ്ങളെ യുദ്ധത്തിലേക്ക് തള്ളിവിടുന്ന ഇസ്‌റാഈല്‍, അതിജീവനത്തിനു പ്രയാസപ്പെടുമ്പോഴും എന്നും എതിരാളിയായി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഇറാനുമാണ് ഇപ്പോള്‍ കൊമ്പുകോര്‍ക്കുന്നത്. ഇറാന്‍ ആണവോര്‍ജ ശാസ്ത്രജ്ഞനും ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് അംഗവും പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നത ഗവേഷണവിഭാഗം തലവനുമായിരുന്ന മുഹ്‌സിന്‍ ഫഖ്‌രി സാദിഅ കൊല്ലപ്പെട്ടത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിനടുത്തായി അദ്ദേഹം സഞ്ചരിച്ച കാറിനുനേരെ അത്യന്താധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ ഭീകരാക്രമണം നടത്തുകയായിരുന്നു. അംഗരക്ഷകരുടെ പ്രതിരോധത്തില്‍ നാലു ഭീകരരും കൊല്ലപ്പെടുകയുണ്ടായി. ഇറാന്‍ ആണവപദ്ധതികളുടെ പിന്നിലെ സൂത്രധാരനായ ഇദ്ദേഹം വര്‍ഷങ്ങളായി ഇസ്‌റാഈലിന്റെ നോട്ടപ്പുള്ളിയായിരുന്നു. യുറേനിയം ഉപയോഗിച്ച് ഇറാന്‍ വികസിപ്പിച്ചെടുത്ത ആണവോല്‍പന്നങ്ങള്‍ക്കെല്ലാം നേതൃപദവി വഹിച്ചിരുന്ന ഈ 63കാരന്‍ മിസൈലുകളുടെ തോഴനായും അറിയപ്പെട്ടു. കൊലപാതകത്തിലൂടെ ഇറാന്‍ ആണവപദ്ധതികളുടെ അടിവേരിലാണ് ശത്രുക്കള്‍ കൈവച്ചിരുക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തികച്ചും രാഷ്ട്രീയപരമായി ആസൂത്രണം ചെയ്തിട്ടുള്ള കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്‌റാഈലാണ് വധത്തിന് പിന്നിലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആരോപിച്ചു. ബൈഡന്‍ ഭരണകൂടം അധികാരം ഏറ്റെടുക്കുന്നതോടേ ആണവകരാറിലേക്ക് മടങ്ങിപ്പോകാമെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഉപരോധങ്ങളില്‍നിന്നും രക്ഷപ്പെടാമെന്നും കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായ കൊലപാതകമുണ്ടായത്.
2018ല്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍വച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു മുഹ്‌സിന്‍ ഫഖ്‌രി സാദിഅയുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടി ഈ പേര് ഓര്‍ത്തുവയ്ക്കണമെന്ന് പറഞ്ഞത് ലോകം മറന്നിട്ടില്ല. മൂന്ന് വര്‍ഷമെടുത്തെങ്കിലും അവര്‍ അതു നടപ്പില്ലാക്കുകയായിരുന്നുവെന്നാണ് ഇറാന്‍ കണക്കാക്കുന്നത്. ഇസ്‌റാഈലും പാശ്ചാത്യരാജ്യങ്ങളും ഇറാന്‍ നടത്തുന്ന ആണവ പരീക്ഷണങ്ങളെ തിരശ്ശീലക്ക് പിന്നില്‍ നിന്നുള്ള സൈനികനീക്കമെന്നാണ് വിളിച്ചിരുന്നത്. തന്റെ പരീക്ഷണങ്ങള്‍ക്ക് സ്വയം ഉപകരണമായി മാറിയവന്‍ എന്ന് പാശ്ചാത്യമാധ്യമങ്ങള്‍ പണ്ടുമുതലേ ഇദ്ദേഹത്തെ പരിഹസിച്ചിരുന്നു. ഇറാനില്‍ വളരെ ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന ഇദ്ദേഹത്തെ കൊലപ്പെടുത്തിയതിലൂടെ എതിരാളികള്‍ക്ക് ഇറാനോടുള്ള ശത്രുതയുടെ ആഴം വ്യക്തമാക്കുന്നതാണെന്ന് ഇറാനിയന്‍ പ്രതിരോധവകുപ്പ് മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ ട്വിറ്ററില്‍ ഹൈതമി കുറിച്ചു.
നയതന്ത്ര കുരുക്കുകള്‍
അമേരിക്കയില്‍ പുതിയ പ്രസിഡന്റായി വരുന്ന ജോ ബൈഡന്‍ എടുക്കാന്‍ സാധ്യതയുള്ള ഇറാന്‍ അനുകൂല വിദേശനയത്തെ വഴിതിരിക്കാന്‍ സഹായകമാകുന്ന തരത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്നാണ് ഇറാന്‍ അനുകൂല നിരീക്ഷകര്‍ വിലയിരുത്തുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് പദവിയിലിരിക്കുന്ന ട്രംപിന്റെ കാലാവധിയുടെ ഒടുവിലെ മാസങ്ങളില്‍ ഇറാനുമായി യുദ്ധമുണ്ടാക്കുന്നതിനുള്ള സാധ്യതകള്‍ വളരെ വിദൂരമാണ്. എന്നാല്‍ അധികാരം കൈമാറുമ്പോള്‍ കൂടുതല്‍ നയതന്ത്രക്കുരുക്കള്‍ ഉണ്ടാക്കിവയ്ക്കാനാണ് ഇപ്പോള്‍ ട്രംപ് ശ്രമിക്കുന്നത്. ബൈഡനു അധികാരം കൈമാറുമ്പോള്‍ ഈ കുരുക്കുകള്‍ അഴിക്കാന്‍ ഏറെ സമയം വേണ്ടിവരുമെന്നും അതുവഴി ബൈഡന്‍ ഭരണകൂടത്തിനു ഇറാനുമായുള്ള ബന്ധം ക്ലേശകരമാക്കുകയും ചെയ്യുമെന്ന് ട്രംപ് ഭരണകൂടം കണക്കുകൂട്ടുന്നു. മറ്റൊന്ന് ഇറാന്‍ വിഷയത്തില്‍ ട്രംപ് ഭരണകൂടം എടുത്ത നിലപാട് നിലനിര്‍ത്താന്‍ പാകത്തിലുള്ള നടപടിക്രമങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറബ് രാജ്യങ്ങളില്‍ ധൃതിപിടിച്ച് ഓടിനടന്ന് ഉടമ്പടികളുണ്ടാക്കുന്നുമുണ്ട്.
ഇസ്‌റാഈല്‍ ലക്ഷ്യംവയ്ക്കുന്നത്
മധ്യപൂര്‍വേഷ്യ എന്നും കലുഷിതമാക്കി നിര്‍ത്തി മേഖലയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നടപ്പിലാക്കാനാണ് എന്നും ഇസ്‌റാഈല്‍ ശ്രമിച്ചിട്ടുള്ളത്. മൊസാദിന്റെ തലപ്പത്ത് കയറിയിരിക്കുമ്പോള്‍ യോസി കോഹന്‍ എടുത്ത ചില മുന്‍ഗണനാക്രമങ്ങളുണ്ട്. ഹമാസിനെ നിരായുധരാക്കുക, ഇസ്‌റാഈല്‍ എംബസി ജറുസലേമിലേക്ക് മാറ്റുക, ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്രദൗത്യം, അറബ് ആഫ്രിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരിക തുടങ്ങിയവയാണത്.
ഇറാനെയും ഷിയാക്കളേയും ഉയര്‍ത്തിയാണ് പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴിക്ക് നിര്‍ത്തിയിരുന്നത്. ഇറാന്‍ ഉയര്‍ത്തി സയണിസ്റ്റുകളേയും സൗഊദിയേയും സന്തോഷിപ്പിക്കാനുള്ള തന്ത്രമാണിപ്പോള്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി ഇസ്‌റാഈല്‍ ഇറാനെ പ്രകോപിപ്പിക്കുക മാത്രമല്ല ബൈഡന്‍ അഡ്മിനിസ്‌ട്രേഷനു ഇറാന്‍ ഒരു തലവേദനയായി നിലനിര്‍ത്തുക കൂടിയാണ്.
നേരത്തെ നെതന്യാഹു ഒബാമ ഭരണകൂടവുമായി ചേര്‍ന്ന് നടപ്പിലാക്കിയ സൈബര്‍ ആക്രമണങ്ങളും തെരഞ്ഞുപിടിച്ച് നടത്തുന്ന കൊലപാതകങ്ങളും ട്രംപ് ഭരണകൂടവുമായി ചേര്‍ന്നും നടപ്പിലാക്കുന്നതില്‍ ഇസ്‌റാഈല്‍ നൈരന്തര്യം നിലനിര്‍ത്തി. ഇറാന്‍ ഖുദുസ് സേനയുടെ തലവനുമായിരുന്ന കാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തി മാസങ്ങള്‍ കഴിയും മുന്‍പാണ് മുഹ്‌സിന്‍ ഫഖ്‌രി സാദിഅയെ വകവരുത്തുന്നുന്നത്. 2010-12 കാലയളവിലേതുള്‍പ്പെടെ ഇത് അഞ്ചാമത്തെ ശാസ്ത്രജ്ഞനെയാണ് കൊലപ്പെടുത്തുന്നത്. മുഹസിനെ കൊലപ്പെടുത്തിയത് ഇസ്‌റാഈലാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആണവമേഖലയെ ലക്ഷ്യമിട്ട് തന്ത്രപ്രധാനമായ പലനീക്കങ്ങളും മേഖലയില്‍ ഇസ്‌റാഈല്‍ നടത്തിയിരുന്നു. എന്നാല്‍ ഇറാനുമായി ഒരു യുദ്ധത്തിലൂടെ ഒരിക്കലും ഏറ്റുമുട്ടരുതെന്നാണ് ഇസ്‌റാഈലും ആഗ്രഹിക്കുന്നത്. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളേയും തങ്ങളുടെ പാട്ടിലാക്കുന്നതുവരെ ഇറാനു കുഴപ്പക്കാരന്റെ കുപ്പായം നല്‍കുകയാണ്. മേഖലയിലെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇന്നോളം ഇസ്‌റാഈല്‍ അതില്‍ മുന്നേറുകയാണ്.
ഇറാന്‍ തിരിച്ചടിക്കുമോ
പെട്ടെന്ന് തിരിച്ചടിച്ചാല്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ സാരമായ വിള്ളലുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇറാന്‍ സംയമനം പാലിക്കുമെന്നാണ് പൊതുവേ കരുതുന്നത്. നേരിട്ടുള്ള ഒരാക്രമണത്തേക്കാള്‍ നയതന്ത്രയുദ്ധമായിരിക്കും നടപ്പിലാക്കുകയെന്നാണ് നിരീക്ഷകപക്ഷം. ആണവശാസ്ത്രജ്ഞന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവര്‍ക്ക് വ്യക്തമായ ശിക്ഷ നല്‍കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഇയും തിരിച്ചടിക്കാന്‍ തിടുക്കം കാണിക്കില്ലെന്നും അത് മറ്റൊരു കെണിയാകാത്ത തരത്തിലാകുമെന്നും ഇറാന്‍ പ്രസിഡന്റ് റൂഹാനിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിലൂടെ ഇറാനിന്റെ ആണവ പദ്ധതികള്‍ തടയിടാമെന്ന് ആരും കരുതേണ്ടതില്ലെന്നും റൂഹാനി പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇറാനിലെ ആണവോര്‍ജ കേന്ദ്രങ്ങളില്‍ നടത്തുന്ന എല്ലാ സൂക്ഷ്മ പരിശോധനകളും ഉടന്‍ നിര്‍ത്തലാക്കണമെന്നാണ് ഇറാന്‍ പാര്‍ലമെന്റിന്റെ ആവശ്യം. എന്നാല്‍ എത്രയും പെട്ടെന്ന് തിരിച്ചടിക്കണമെന്ന ഇറാനിലെ പൊതുജനങ്ങളുടെ ആവശ്യത്തെ അടക്കിനിര്‍ത്താനുള്ള മാധ്യമപ്രചാരണങ്ങളാണ് ഇപ്പോള്‍ ഇറാന്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത് എന്ന നിരീക്ഷണവുമുണ്ട്.
അതേസമയം തങ്ങളുടെ ന്യൂക്ലിയര്‍ പദ്ധതികളെല്ലാം സമാധാനപരമാണെന്നും വിനാശകരമായ ആവശ്യത്തിനുള്ളതെല്ലെന്നും ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. എന്നിട്ടും ആണവോര്‍ജ ശാസ്ത്രജ്ഞന്മാരെ തുടരെത്തുടരെ കൊലചെയ്യുന്നത് പ്രകോപനം സൃഷ്ട്ടിച്ച് സംഘര്‍ഷങ്ങളിലേക്ക് എടുത്ത് ചാടിക്കാനാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. മധ്യപൗരസ്ത്യ ദേശത്ത് ഇസ്‌റാഈല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൂതന്മാരുള്ളത് ഇറാനിലാണ്. 30,000ല്‍ അധികം ജൂതന്മാരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇറാന്‍ ഭരണകൂടം ആരോപിക്കുന്നതുപോലെ ഇസ്‌റാഈലാണ് കൊലക്ക് പിന്നിലെങ്കില്‍ ഇറാനിലുള്ള ഇസ്‌റാഈലികളും അമേരിക്കന്‍ പൗരന്മാരും സുരക്ഷിതരായി ജീവിക്കുന്നതെങ്ങനെയെന്ന മറുചോദ്യമുണ്ടാകാം. ഐ.എസ് ഉയര്‍ന്നുവന്ന സമയത്ത് ഇരുരാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാനമായ ചില നീക്കുപോക്കുകള്‍ നടക്കുന്നതായി നേരെത്തെ ആരോപണവുമുണ്ടായിരുന്നു. ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്ന ചിലരും ഇത്തരത്തിലുള്ള ബാന്ധവത്തെ ചോദ്യം ചെയ്തിട്ടുണ്ട്. കൂപ്പുകുത്തുന്ന രാജ്യത്തിന്റെ സമ്പദ്ഘടനയെ ശരിപ്പെടുത്തുന്നതിന് പകരം വിദേശനയങ്ങള്‍ മിനുസപ്പെടുത്തുന്നതില്‍ കാലം കഴിക്കാനാണു നിലവിലെ ഭരണകൂടം ശ്രമിക്കുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
സഊദി - ഇസ്‌റാഈല്‍ കൂടിക്കാഴ്ച
സഊദിയും ഇസ്‌റാഈലും തമ്മില്‍ കഴിഞ്ഞ ഞായറാഴ്ച സഊദിയിലെ തബൂക്ക് പ്രവിശ്യക്കടുത്ത് ഒരു രഹസ്യകൂടിക്കാഴ്ച നടത്തുകയുണ്ടായി. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോവും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെ മേധാവി യോസി കോഹനും ഈ അതീവ രഹസ്യമായ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
സഊദി വെളിപ്പെടുത്താത്തതിനാല്‍ അറബ് മാധ്യമങ്ങള്‍ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും അന്താരാഷ്ട്രമാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. ഇരുരാജ്യങ്ങളുടേയും പൊതുശത്രുവായ ഇറാനെ അടക്കിനിര്‍ത്താനുള്ള പദ്ധതികളാണ് പ്രാധാനമായ ചര്‍ച്ചയായത് എന്നാണ് ഇസ്‌റാഈല്‍ പുറത്ത് പറഞ്ഞതെങ്കിലും യു.എ.ഇയുടെ പാതയില്‍ ഇസ്‌റാഈല്‍ നയതന്ത്രബന്ധത്തിന് സഊദിയെ പാട്ടിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു മുന്‍ സി.ഐ.എ മേധാവി കൂടിയായ മൈക് പോംപിയോയുമായി ചേര്‍ന്ന് നടത്തിയ ഈ കൂടിക്കാഴ്ച. ഔദ്യോഗിക നയതന്ത്രബന്ധത്തിനു മുന്‍പ് സഊദിയും ഇസ്‌റാഈലും തമ്മിലുള്ള ആദ്യ പൊതുസമാഗമമായി ഗണിക്കുന്ന ഈ കൂടിക്കാഴ്ചയെ അചിന്തനീയമെന്നാണ് ഇസ്‌റാഈല്‍ വിശേഷിപ്പിച്ചത്. എന്തായാലും യു.എ.ഇയും ബഹ്‌റൈനും സുദാനുമൊക്കെ പരസ്യമായ ബന്ധം സ്ഥാപിച്ച സ്ഥിതിക്ക് സഊദിയുമായുള്ള ബന്ധത്തിനു ഇനി അധികം ദൂരമുണ്ടാവില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാഖിലെ എര്‍ബില്‍ നഗരം ജാഗ്രതയിലാണ്. നേരത്തെ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിനു പകരം വീട്ടിയത് ഇവിടെയായിരുന്നു.
പിരിമുറുക്കങ്ങള്‍ക്കും സങ്കീര്‍ണതകള്‍ക്കുമിടയിലും ഇറാനെ സംബന്ധിച്ചേടത്തോളം വരുംനാളുകള്‍ വളരെ നിര്‍ണായകമാണ്. ഒരേസമയം തങ്ങളെ അസ്ഥിരമാക്കാന്‍ പണിയെടുക്കുന്നവരെ തന്ത്രപരമായി നേരിടണം. പടിപടിയായെങ്കിലും ഉപരോധങ്ങള്‍ നീങ്ങിയില്ലെങ്കില്‍ ബാഹ്യശക്തികള്‍ക്കൊപ്പം ആന്തരിക സമ്മര്‍ദങ്ങളേയും നേരിടേണ്ട അവസ്ഥയാണിപ്പോള്‍.
രക്തം തിളച്ച് നില്‍ക്കുന്ന ജനതയെ വിഭാഗീയതയുടെ കാര്‍ഡിറക്കിയാണ് എന്നും ഇറാന്‍ ഭരണകൂടം വിശ്വസിപ്പിച്ചു കൂടെ നിര്‍ത്തുന്നത്. വിഭാഗീയതയുടെ കനലെരിച്ച് കൊണ്ടാണ് ഇറാന്‍ മധ്യപൂര്‍വദേശത്തെ അതിന്റെ സ്വാധീന വലയങ്ങള്‍ വ്യാപിപ്പിച്ചത്. അറബ് ചേരിയെ നിലക്ക് നിര്‍ത്തുന്നതിനു വേണ്ടി നേരത്തെ ഇറാനിലെ ജൂതലോബിയുമായി നിശബ്ദ കൂട്ടുകെട്ടുകളുണ്ടാക്കിയിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ ഇസ്‌റാഈലും അറബ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം അത്തരം കൂട്ടുകെട്ടുകളിലും വലിയ വെല്ലുവിളിയായി മാറിയേക്കും. എന്തൊക്കെയായിരുന്നാലും ഏതുവിധേനയും ബൈഡന്‍ ഭരണകൂടം തന്റെ തെരഞ്ഞെടുപ്പിനു മുന്‍പ് ഇറാനുമായി ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച ലോലമായ വിദേശനയത്തിനായി കാത്തിരുന്നാല്‍ ഇറാനു മുന്നോട്ടുള്ള വഴികള്‍ എളുപ്പമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."