ചികിത്സാ ധനസഹായം വാങ്ങിതരാമെന്ന് പറഞ്ഞ് വയോധികയുടെ മാല കവര്‍ന്നു
ചാലക്കുടി: ബസ് കാത്ത് നില്‍ക്കുകയായിരുന്ന വയോധികയെ ചികിത്സാ ധനസഹായം വാങ്ങിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവ് മൂന്ന് പവന്റെ സ്വര്‍ണമാലയുമായി കടന്നു.
പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. അമ്പഴക്കാട് സ്വദേശിനിയായ ത്രേസ്യമായുടെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ചാലക്കുടിയിലെ ബന്ധുവീട്ടില്‍ പോയി തിരികെ അമ്പഴക്കാടിലേക്ക് പോകാനായി പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു ഇവര്‍.
ബസ് കാത്ത് നില്‍ക്കുന്നതിനിടെ കുശലാന്വേഷണവുമായി ഒരു ചെറുപ്പക്കാരന്‍ അടുത്ത് കൂടി. എന്താ ഇങ്ങനെ വിഷമിച്ച് നില്‍ക്കുന്നതെന്ന് യുവാവ് ചോദിച്ചതോടെ വയോധിക വീട്ടുവിശേഷങ്ങള്‍ പറഞ്ഞ് തുടങ്ങി. ഭര്‍ത്താവിന് അസുഖമാണെന്നും ഓപ്പറേഷന് വലിയ തുക വേണ്ടിവരുമെന്നും മറ്റും ഇവര്‍ യുവാവിനോട് പറഞ്ഞു. പണത്തിന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ടെന്നും ഇവിടടുത്തുള്ള പ്രവാസികളുടെ ഓഫിസില്‍ ചികിത്സ ചെലവിനുള്ള സഹായം നല്‍കുന്നുണ്ടെന്നും യുവാവ് അറിയിച്ചു.
നാലായിരത്തിയഞ്ഞൂറ് പൂര കൊടുത്ത് പേര് രജിസ്റ്റര്‍ ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ ചികിത്സാ സഹായം ലഭ്യമാകുമെന്നും യുവാവ് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇപ്പോള്‍ കൈയില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ മാല പണയം വച്ച് തല്‍കാലം പണമടക്കാമെന്ന് ചികിത്സാ സഹായം ലഭിക്കുമ്പോള്‍ മാല തിരികെയെടുക്കാമെന്നും യുവാവ് നിര്‍ദേശിച്ചു.
ഇതനുസരിച്ച് മാല പണയം വയ്ക്കാനായി വയോധിക സ്വര്‍ണമാല ഊരി യുവാവിനെ ഏല്‍പ്പിച്ചു. രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെ വയോധിക കരച്ചില്‍ തുടങ്ങി. യാത്രക്കാര്‍ വിവരം തിരക്കിയപ്പോഴാണ് കബളിപ്പിച്ച വിവരം അറിഞ്ഞത്. തുടര്‍ന്ന് ചാലക്കുടി പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."