മണലൂര്‍ സബ്ട്രഷറി മാറ്റം ഇനിയും യാഥാര്‍ഥ്യമായില്ല
അന്തിക്കാട്: മണലൂര്‍ സബ്ട്രഷറി മാറ്റം ഇനിയും യാഥാര്‍ഥ്യമാകാത്തത് പെന്‍ഷന്‍കാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ദുരിതമായി.
പത്തു വര്‍ഷം മുന്‍പ് മണലൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം താല്‍ക്കാലികമായിട്ടാണ് ട്രഷറി പ്രവര്‍ത്തനമാരംഭിച്ചത്. കാഞ്ഞാണി ബസ് സ്റ്റാന്‍ഡില്‍ മണലൂര്‍ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ ട്രഷറി അവിടേക്കു മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ട്രഷറിക്കായി അധികൃതര്‍ കെട്ടിടത്തിന്റെ രണ്ടാം നില തിരഞ്ഞെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. രണ്ടാം നിലയില്‍ ട്രഷറി തുടങ്ങിയാല്‍ സുരക്ഷിതത്വഭീഷണി ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ അധികൃതര്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
ഇതോടെ ട്രഷറിയുടെ പ്രവര്‍ത്തനം പഴയ കെട്ടിടത്തില്‍ തന്നെ തുടരുകയായിരുന്നു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ട്രഷറി തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ പഞ്ചായത്തധികൃതരുടെ ഭാഗത്തു നിന്നു ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. മണലൂര്‍ പഞ്ചായത്തോഫിസ് കെട്ടിടത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയിലെത്താന്‍ പെന്‍ഷന്‍കാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് രണ്ടു ബസുകളില്‍ കയറേണ്ട അവസ്ഥയാണ്.
അല്ലെങ്കില്‍ കാഞ്ഞാണി സെന്ററില്‍ നിന്നും ഓട്ടോ വിളിച്ച് ട്രഷറിയിലെത്തണം. കാഞ്ഞാണി സെന്ററിലെ പഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് ട്രഷറി മാറ്റിയാല്‍ ഈ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ സാധിക്കും.
അന്തിക്കാട്, മണലൂര്‍, താന്ന്യം, മുല്ലശ്ശേരി പഞ്ചായത്തുകളിലെ നൂറുകണക്കിന് പെന്‍ഷന്‍കാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ ശമ്പളവും പെന്‍ഷനും വാങ്ങുന്നത് മണലൂര്‍ സബ് ട്രഷറിയില്‍ നിന്നാണ്. കൂടാതെ മറ്റു ആവശ്യങ്ങള്‍ക്കായി സമീപവാസികള്‍ ആശ്രയിക്കുന്നതും ഈ ട്രഷറിയെ തന്നെയാണ്.
ആയതിനാല്‍ മണലൂര്‍ സബ്ട്രഷറി ആവശ്യത്തിനു സൗകര്യങ്ങളില്ലാത്ത നിലവിലെ കെട്ടിട്ടത്തില്‍ നിന്നും മാറ്റി കാഞ്ഞാണി ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കണമെന്ന ആവശ്വം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."