രണ്ടാംവിള നെല്‍കൃഷിക്കായി ചേരാമംഗലം ഹെഡ് ഷട്ടര്‍ ഒക്ടോബര്‍ 10ന് തുറക്കും
ആലത്തൂര്‍: രണ്ടാം വിള നെല്‍കൃഷി ഇറക്കുന്നതിനായി ചേരാമംഗലം ഹെഡ് ഷട്ടര്‍ ഒക്ടോബര്‍ 10 ന് തുറക്കാന്‍ പി.എ. സി യോഗം തീരുമാനിച്ചു.
രണ്ടാം വിള നെല്‍കൃഷിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയോജക മണ്ഡലം സമഗ്ര കാര്‍ഷിക പദ്ധതി നിറ വിളിച്ച യോഗത്തിലാണ് ഷട്ടര്‍ തുറക്കാന്‍ ധാരണയായത്.
ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ഗംഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മേലാര്‍കോട്, എരിമയൂര്‍, കാവശ്ശേരി പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, പാടശേഖര സമിതി സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന ഗായത്രിപ്പുഴയിലേക്ക് തുറക്കുന്ന ഷട്ടറിന്റെ പണികള്‍ ഒക്ടോബര്‍ പത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശ്ശേരി പഞ്ചായത്തുകളിലെ മെയിന്‍ കനാലുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാനും മെയിന്‍ കനാലിലെ 24, 25 സ്ലൂയിസ്, 16 ബ്രാഞ്ച് റഗുലേറ്റര്‍ റിപ്പയര്‍ വര്‍ക്കുകള്‍ ജലവിതരണത്തിനു മുന്നോടിയായും പൂര്‍ത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ചുള്ളിയാര്‍, മീങ്കര ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളം ഉള്ളതിനാല്‍ ചേരാമംഗലം അണയിലേക്ക് വെള്ളം എത്തുമെന്ന് ഇറിഗേഷന്‍ വിഭാഗം യോഗത്തെ അറിയിച്ചു.
ജലവിതരണ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 10 ന് ശേഷം സമയബന്ധിതമായി ഞാറ്റടി തയ്യാറാക്കുന്നതിനും ആയക്കെട്ട് പ്രദേശം മുഴുവന്‍ ഏകീകൃത കൃഷി മുറകള്‍ അനുവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."