നീര്‍ച്ചാലില്‍ പിടിയിലായത് കവര്‍ച്ചാ സംഘം
ബദിയഡുക്ക: കഴിഞ്ഞ ദിവസം പുലര്‍ച്ചെ നീര്‍ച്ചാലില്‍നിന്നു പിടിയിലായ കവര്‍ച്ച സംഘത്തെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ബദിയഡുക്ക പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികള്‍ക്കു കൂടുതല്‍ കേസുകളില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുക്കുന്നത്. തൃക്കരിപ്പൂര്‍ ഉദിനൂരിലെ താമസക്കാരനും ചിറ്റാരിക്കല്‍ സ്വദേശിയുമായ മണി എന്ന തുരുത്തി മഠത്തില്‍ മണി എന്ന ജീപ്പ് മണി (50), കുമാര മംഗലത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും കൊല്ലം സ്വദേശിയുമായ രാജീവന്‍ (52)എന്നിവരെ കസ്റ്റഡിയില്‍ കിട്ടാനാണ് പൊലിസ് കോടതിയെ സമീപിക്കുന്നത്.
നീര്‍ച്ചാലില്‍ അടഞ്ഞു കിടക്കുന്ന ചന്ദന ഫാക്ടറിയില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും വാനുമായി അറസ്റ്റിലായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ബാറഡുക്കയിലെ ശ്രീധരഷെട്ടി ഓടി പോയിരുന്നു. വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താന്‍ ഇയാളെ പൊലിസിന് കഴിഞ്ഞിട്ടില്ല.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ശ്രീധര ഷെട്ടിയും മണിയും നേരത്തെ വാഹന മോഷണ കേസുകളില്‍ പ്രതികളാണ്. ശ്രീധര ഷെട്ടിക്കെതിരേ ലോക്കപ്പ് ചാട്ടത്തിനും കേസുണ്ടായിരുന്നു. മൂവരും ഒത്തുകൂടുകയും വാഹനമോഷണത്തിന് പകരം ചെറിയ കവര്‍ച്ചകള്‍ നടത്തി വരികയാണെന്നും പൊലിസ് സംശയിക്കുന്നു.
ഈ മാസം 25ന് മാന്യയിലെ രാധകൃഷ്ണ ഭട്ടിന്റെ മോട്ടര്‍ റിപ്പയറിങ് കടയില്‍ നിന്ന് അഞ്ചു മോട്ടോറുകള്‍ മോഷ്ടിച്ചത് ഇപ്പോള്‍ അറസ്റ്റിലായ സംഘമാണെന്ന് പൊലിസ് പറഞ്ഞു. മോട്ടറുകള്‍ മംഗളുരുവിലെ ആക്രികടയില്‍ വില്‍പന നടത്തിയതായി പ്രതികള്‍ പൊലിസിനു മൊഴി നല്‍കി.
അറസ്റ്റിലായ രാജീവന്‍ വിഗ്രഹ മോഷ്ടവാണെന്നും വിഗ്രഹം തങ്കച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈയാള്‍ തലക്ലായി, കുതിരപ്പാടി, കാഞ്ഞങ്ങാട് കുന്നുമേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു വിഗ്രഹം കവര്‍ന്ന കേസിലെ പ്രതിയാണെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തുമ്പുണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് പൊലിസ് സംഘം.
2016ല്‍ കുമാരമംഗലത്തെ വീട്ടമ്മയെ ആക്രമിച്ചു കവര്‍ച്ചക്കു ശ്രമിച്ച കേസിലും പ്രതികള്‍ക്ക് ബന്ധം ഉണ്ടൊയെന്ന് അന്വേഷിക്കുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."