നിലമ്പൂര്‍-നഞ്ചന്‍കോട്-മൈസൂര്‍ റെയില്‍പാത കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണം: മുസ്ലിംലീഗ്
മലപ്പുറം: നിലമ്പൂര്‍-നഞ്ചന്‍കോട്-മൈസൂര്‍ റെയില്‍പാത സ്ഥാപിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തകസമിതിയോഗം ആവശ്യപ്പെട്ടു. റെയില്‍പാത സ്ഥാപിക്കുന്നതിനാവശ്യമായ സര്‍വേ നടത്താന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കാര്യമായ നടപടികളൊന്നും നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അനേകായിരം യാത്രികരുടെ ചിരകാല അഭിലാഷമായ റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണം. വിഷയത്തില്‍ ജനങ്ങള്‍ പ്രക്ഷോഭം നടത്തിവരികയാണ്. റെയില്‍പാതയുടെ നിര്‍മാണത്തിന് വേണ്ടി ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇരുസര്‍ക്കാറുകളും തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും തീരദേശങ്ങളില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, അഷ്റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം.കെ ബാവ, പി സൈതലവി മാസ്റ്റര്‍, എം.എ ഖാദര്‍, സലീം കുരുവമ്പലം സംസാരിച്ചു.
അഡ്വ. നാലകത്ത് സൂപ്പി, എം.സി മുഹമ്മദ് ഹാജി, അഡ്വ. എം റഹ്മത്തുല്ല, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, കുറുക്കോളി മൊയ്തീന്, അബ്ദുറഹ്മാന് രണ്ടത്താണി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."