സാലറി ചലഞ്ച്; വിസമ്മതിച്ചവരുടെ ലിസ്റ്റ് പുറത്തുവിട്ട് കൊച്ചി സിറ്റി പൊലിസ്
കൊച്ചി: സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ ലിസ്റ്റ് കൊച്ചി സിറ്റി പൊലിസ് പുറത്തുവിട്ടു. വിസമ്മതം അറിയിച്ച 573 പേരുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. കമ്മിഷണറുടെ ഓഫിസില്‍നിന്ന് അറുപതോളം സ്റ്റേഷനുകളിലേക്കാണ് ലിസ്റ്റയച്ചത്.
നിര്‍ബന്ധപൂര്‍വം ശമ്പളം ആവശ്യപ്പെടാന്‍ പാടില്ലെന്ന നിര്‍ദേശം നിലനില്‍ക്കേയാണ് സാലറി ചലഞ്ചില്‍ വിസമ്മതം പ്രകടിപ്പിച്ചവരുടെ ലിസ്റ്റ് തയാറാക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലിസ്റ്റ് പുറത്തുവിട്ടതില്‍ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. വിസമ്മതപത്രം നല്‍കിയവരുടെ ശമ്പളം ഒരുതരത്തിലും റദ്ദ് ചെയ്യാതിരിക്കാനും എന്തെങ്കിലും കാരണവശാല്‍ ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിനുമാണ് ഇത്തരത്തില്‍ ലിസ്റ്റ് സ്റ്റേഷനുകളിലേക്കു നല്‍കിയതെന്നാണ് അധികൃതര്‍ പറയുന്നത്.
വിസമ്മതം അറിയിച്ച ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ അവര്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു മുന്‍പ് അറിയിക്കണമെന്നും പട്ടികയോടൊപ്പം നിര്‍ദേശിച്ചിരുന്നു.
ഓഖി ദുരന്തമുണ്ടായ സമയത്ത് ശമ്പള വിഹിതം നല്കാന് സമ്മതം അറിയിക്കാതിരുന്ന 33 പേരുടെ വേതനം പിടിച്ചിരുന്നു. ക്ലറിക്കല്‍ തെറ്റുകൊണ്ടാണ് ഇതു സംഭവിച്ചത്. ഒടുവില്‍ ബില്‍ സെക്ഷനില്‍ ഇരുന്ന നാലു ഉദ്യോഗസ്ഥരുടെ കൈയില്‍നിന്ന് ഈ തുക പിടിക്കുകയാണുണ്ടായതെന്നും അധികൃതര്‍ വിശദീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."