കഞ്ചാവ്, അനധികൃത മദ്യക്കടത്ത്: ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 300 കേസുകള്‍
മാനന്തവാടി: ബാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും എക്‌സൈസ് വകുപ്പ് അനധികൃത മദ്യവില്‍പ്പനക്കും മദ്യ നിര്‍മാണത്തിനുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ അന്യ സംസ്ഥാനത്ത് നിന്നുമുള്ള ഇവയുടെ വരവ് ജില്ലയിലേക്ക് വര്‍ധിച്ചു. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തത് 300 ലധികം കേസുകളാണ്. മാനന്തവാടി സര്‍ക്കിള്‍ ഓഫിസ്, റെയ്ഞ്ച് ഓഫിസ്, തോല്‍പ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രമാണിത്.
കര്‍ണാടക, തമിഴ്‌നാട്് അതിര്‍ത്തിയായ സുല്‍ത്താന്‍ ബത്തേരിയിലെ കണക്കുകള്‍ കൂടിയാവുമ്പോള്‍ ഇത് ഇരട്ടിയിലധികമാവും. 177 അബ്കാരി കേസുകളും 33 കഞ്ചാവ് കേസുകളുമാണ് ഈ ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് 100 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കിലോ കണക്കിന് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടുകയും ചെയ്തു. അബ്കാരി കേസുകളില്‍ 480 ലിറ്റര്‍ കര്‍ണാടക വിദേശമദ്യവും, അനധികൃതമായി വില്‍പന നടത്തിയ 500 ലിറ്റര്‍ വിദേശമദ്യവും 1130 ലിറ്റര്‍ വാഷും, 25 ലിറ്റര്‍ ചാരായവും, എം.എന്‍.ഡി.എ നിയമപ്രകാരം 24 ലിറ്റര്‍ അരിഷ്ടവും പരിശോധനക്കിടെ പിടികൂടിയിട്ടുണ്ട്. 33 എന്‍.ഡി.പി.എസ് കേസുകളിലായി 32 കിലോയോളം കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി.
യുവാക്കളാണ് കഞ്ചാവ് കടത്തിന് പിന്നിലെന്നതിന് പ്രധാന തെളിവാണ് ഈ കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബൈക്കുകളുടെ എണ്ണം വ്യക്തമാക്കുന്നത്. 12 ബൈക്കുകളാണ് ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ബൈരകുപ്പയിലും, കുട്ടത്തും നിരവധി ബൈക്കുകളിലെത്തുന്ന സംഘം കഞ്ചാവ് ചെറു പൊതികളിലാക്കി ഹെല്‍മറ്റിനുള്ളിലും ഷോക്‌സിനുള്ളിലും ഒളിപ്പിച്ചാണ് കടത്തുന്നത്. ഇതിനാല്‍ തന്നെ ബൈക്കുകളില്‍ എത്തുന്നവര്‍ ചെക്ക് പോസ്റ്റുകളിലെ പരിശോധനകളില്‍ പലപ്പോഴും രക്ഷപ്പെടുകയാണ് ചെയ്യുന്നത്. പ്രധാനമായും കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈരകുപ്പയിലെത്തിക്കുന്ന കഞ്ചാവ് ഇവിടെ വെച്ചാണ് വിതരണക്കാര്‍ക്ക് നല്‍കുന്നത്. ഊടുവഴികളിലൂടെ തല ചുമടായും അല്ലാതെയും ഇവ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പന നടത്തുകയാണ് ചെയ്യുന്നത്. പിടികൂടുന്ന കേസുകളേക്കാള്‍ മുന്നിരട്ടിയിലധികമാണ് കഞ്ചാവുമായും അനധികൃത മദ്യ കടത്തുമായും പിടികൂടാന്‍ കഴിയാതെ പോകുന്ന കേസുകള്‍. വാഹന പരിശോധന കര്‍ശനമാക്കിയും അല്ലാതെയും കേസുകള്‍ വര്‍ധിച്ച് വരുന്നുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വാഹനം ഇല്ലാത്തതുമാണ് എക്‌സൈസ് വകുപ്പിന് തലവേദനയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."