'പട്ടിണിയില്ലാത്ത ക്ലാസ് മുറികള്‍ക്ക് ' പൂര്‍വവിദ്യാര്‍ഥിയുടെ കൈത്താങ്ങ്
വെള്ളമുണ്ട: പട്ടിണിയില്ലാത്ത ക്ലാസ് മുറികള്‍ എന്ന പി.ടി.എയുടേയും അധ്യാപകരുടേയും ലക്ഷ്യത്തിന് പൂര്‍വവിദ്യാര്‍ഥിയുടെ കൈത്താങ്ങെത്തിയതോടെ വെള്ളമുണ്ട ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ഉച്ചഭക്ഷണം ലഭിക്കും. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാന്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും പ്രവാസിയുമായ മുച്ചിങ്ങല്‍ ജംഷീര്‍ എന്ന യുവാവാണ് സന്നദ്ധനായത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്നതും കൂടുതല്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്നതുമായ വിദ്യാലയമാണ് വെള്ളമുണ്ട ഗവ. മോഡല്‍ ഹൈസ്‌കൂള്‍.
ഈ വര്‍ഷം 8,9,10 ക്ലാസുകളിലായി 1130 കുട്ടികളാണ് വിദ്യാലയത്തിലുള്ളത്. ഇതില്‍ 275 പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. സ്‌കൂളിലെ പല വിദ്യാര്‍ഥികള്‍ക്ക് വിവിധ കാരണങ്ങളാല്‍ ഉച്ച ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവരാണെന്ന് പി.ടി.എ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഭക്ഷണം നല്‍കാന്‍ പി.ടി.എ ശ്രമം ആരംഭിച്ചത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നത്. ഇത് പ്രകാരം സ്‌കൂളിലെ 370 കുട്ടികള്‍ക്കാണ് സ്‌കൂളില്‍ ഉച്ചഭക്ഷണം നല്‍കുന്നത്.
ബാക്കിയുള്ള 760 കുട്ടികള്‍ക്കും കൂടി ഈ അധ്യായന വര്‍ഷം ഉച്ച ഭക്ഷണം നല്‍കണമെങ്കില്‍ മൂന്നു ലക്ഷത്തോളം രൂപ ചെലവു വരും. ഈ തുകയാണ് ജംഷീര്‍ നല്‍കിയത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും എട്ടേനാലിലെ വ്യാപാരിയുമായിരുന്ന പരേതനായ അവ്വോട്ടിയുടെ മകനാണ് ഈ യുവാവ്്്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വച്ച് സുഭിക്ഷം എന്ന് പേരിട്ട സൗജന്യ ഉച്ചഭക്ഷണ പദ്ധതി കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊണ്ട് ജംഷീര്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ടി നാസര്‍ അധ്യക്ഷനായി. പി.ടി.എ ഭാരവാഹികളായ ഇസ്മായില്‍, ഷാജി, കൈപ്പാണി ഇബ്രാഹിം, ബാലന്‍, ഷാഹിന, അധ്യാപകരായ മമ്മു മാസ്റ്റര്‍, അനില്‍കുമാര്‍, ബിനോയ്കുമാര്‍, നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."