പോരാട്ടം കര്‍ഷകരുടെ ഉത്സവമാവുമ്പോള്‍
ഡല്‍ഹിയിലെ കര്‍ഷകസമരം അതിന്റെ സര്‍ഗാത്മകതകൊണ്ട് പുതിയൊരു സമരപാഠം ഇന്ത്യക്കാര്‍ക്കു നല്‍കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുള്ള സമരമായിട്ടും ഇവിടെയുള്ള അച്ചടക്കം അത്ഭുതകരമാണ്. ദിവസം ഇത്രയായിട്ടും യാതൊരു തളര്‍ച്ചയും സമരത്തിനുണ്ടായില്ല. കര്‍ഷക സമരത്തിന് ഇങ്ങനെ ഒരു മാനം കൈവരിക്കാനായത് സിക്കുകാര്‍ ഈ സമരത്തിന് നേതൃത്വം കൊടുക്കുന്നതുകൊണ്ടാണ്. സിക്കു സമുദായത്തിന്റെ ആത്മവീര്യവും ഒത്തൊരുമയും എക്കാലത്തും പ്രശംസനീയമായിരുന്നു. മണ്ണിനോടുള്ള അവരുടെ സ്‌നേഹം അപാരമാണ്.
സിക്കുകാര്‍ പഞ്ചാബിലൊതുങ്ങുന്ന ഒരു കാര്‍ഷികസമൂഹമാണെന്ന് നമ്മള്‍ കരുതുന്നുവെങ്കില്‍ തെറ്റി. പല രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്ന ആഗോള സമൂഹമാണ് സിക്കുകാരുടേത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിന്തുണയൊക്കെ ഈ സമരത്തിന് ലഭിച്ചതിന്റെ കാരണവും അതാണ്. കാനഡയിലായാലും ബ്രിട്ടനിലായാലും അമേരിക്കയിലായാലും അവിടങ്ങളിലെ പ്രബല സമൂഹമാണവര്‍. ഒരേസമയം കൃഷിയിലും കച്ചവടത്തിലും വ്യവസായത്തിലും വിജയംകൊയ്തവര്‍. കുടിയേറിയ രാജ്യങ്ങളിലൊന്നും അവര്‍ അസ്തിത്വം പണയം വെച്ചില്ല. അവരുടെ മതപരവും ആത്മീയവുമായ പാരമ്പര്യം കൈവിടാതെയാണ് സിക്ക് സമൂഹം ആധുനികതയിലേയ്ക്ക് മുന്നേറിയത്. ഗുരുപരമ്പരകളെ അവര്‍ മാനിച്ചു. അവരില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു. സിക്കുകാരിലെ പുതിയ തലമുറപോലും അവരുടെ വേഷത്തെച്ചൊല്ലി അഭിമാനിക്കുന്നതിന്റെ കാരണം പാരമ്പര്യം കൈവിടാത്തതുകൊണ്ടാണ്. സേനകളില്‍പോലും ഈ വേഷം ഒരവകാശമായി അവര്‍ സ്ഥാപിച്ചെടുത്തു. വിശക്കുന്നവന് ആഹാരം കൊടുക്കുകയെന്നത് ഒരു പുണ്യകര്‍മ്മമായി മുസല്‍മാന്‍മാരെപ്പോലെ സിക്കുകാരും കരുതുന്നു. പ്രായം കുറഞ്ഞ മതമായതുകൊണ്ടാവണം ഇസ്‌ലാമില്‍നിന്ന് ഒത്തിരി നല്ലപാഠങ്ങള്‍ അവര്‍ സിക്കുമതത്തിലേയ്ക്ക് സ്വീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ സൂഫി പാരമ്പര്യത്തോട് വലിയ ആദരവായിരുന്നു ഗുരനാനാക്കിന്. ഗുരുദ്വാരകള്‍ സന്ദര്‍ശിച്ച അനുഭവം മറക്കാന്‍ പറ്റില്ല എനിയ്ക്ക്. മുഖ്യ അതിഥികളെ മഞ്ഞനിറമുള്ള ഷാള്‍കൊണ്ട് പുതപ്പിച്ചാണ് സ്വീകരിക്കുക. ആവോളം റൊട്ടിയും സബ്ജിയും കഴിച്ചേ മടങ്ങാന്‍ അനുവദിക്കൂ.
ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ കാലത്ത് സാമ്രാജ്യത്വപക്ഷ രാജ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ സിക്കുകാര്‍ ബ്രിട്ടനെതിരേ പോരാടി. ഗദ്ദര്‍ പാര്‍ട്ടിയുടെ രൂപീകരണ പശ്ചാത്തലമതാണ്. അറബിയില്‍നിന്ന് ഉര്‍ദുവിലേയ്ക്ക് ചേക്കേറിയ പദമാണ് ഗദ്ദര്‍. വിപ്ലവം, കലാപം എന്നൊക്കെ അര്‍ഥം പറയാം. 1931ല്‍ അസ്റ്റോറിയയിലെ ഒറിഗോണിലാണ് ഈ പ്രസ്ഥാനം രൂപപ്പെടുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രീകരിച്ച് അവര്‍ വിപ്ലവ പത്രം പ്രസിദ്ധീകരിച്ചു. പിന്നീട് 1914ല്‍ ആണ് നേതാക്കള്‍ ഇന്ത്യയിലേക്കു മടങ്ങുന്നതും കോളണിവിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. ബാബാ സോഹന്‍ സിങ് ബക്‌നയായിരുന്നു ഗദ്ദര്‍ പാര്‍ട്ടിയുടെ ആദ്യത്തെ പ്രസിഡന്റ്. ദീര്‍ഘകാലം അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇങ്ങ് കോയമ്പത്തൂര്‍ ജയിലില്‍ വരെ അദ്ദേഹം കിടന്നിട്ടുണ്ട്. കര്‍ത്താര്‍ സിങ് സരഭ ഈ പ്രസ്ഥാനത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ട പോരാളിയായിരുന്നു. അതുതന്നെ പതിനഞ്ചാം വയസില്‍. പിന്നീട് നാലു വര്‍ഷമേ ആ കൗമാരക്കാരന് ഗദ്ദര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയുള്ളൂ. 1915ല്‍ ഇന്നത്തെ പാകിസ്താനിലെ ലാഹോറില്‍ വെച്ച് തൂക്കിലേറ്റപ്പെട്ടു. ഈ ബ്രിട്ടിഷ് വിരുദ്ധ പോരാളി സിക്കുകാരുടെ എക്കാലത്തേയും ഹീറോയാണ്.
തന്റെ നാല്‍പതാം വയസില്‍ ബ്രിട്ടനില്‍ വെച്ച് തൂക്കിലേറ്റപ്പെട്ട ഉദ്ദം സിങ് മറ്റൊരു ഇതിഹാസമാണ്. റാം മുഹമ്മദ് സിങ് ആസാദ് എന്ന് അദ്ദേഹം സ്വയം സ്വീകരിച്ച പേരാണ്. മഹത്തായ സമന്വയം ഒരു പേരിലൂടെ അവതരിപ്പിക്കുകയായിരുന്നു ഉദ്ദം സിങ്. അദ്ദേഹത്തിന്റെ സിരകളിലോടിയ രക്തത്തിന്റെ ചൂട് പഞ്ചാബികള്‍ക്കും ഇന്ത്യാക്കാര്‍ക്കും മറക്കാനാവുമോ. ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ജനറല്‍ ഡയറിനെ ബ്രിട്ടനില്‍ ചെന്ന് വെടിവച്ചുകൊല്ലുകയായിരുന്നു ഉദ്ദം സിങ്. ബ്രിട്ടനില്‍ പോയി എന്‍ജിനീയറുടെ ജോലി സ്വീകരിച്ചതുപോലും കൂട്ടക്കുരുതി നടത്തിയ ഡയറിനോടുള്ള പകവീട്ടാന്‍ വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ വിചാരണ വേളയിലുള്ള പ്രസംഗം ആത്മവിശ്വാസത്തിന്റേയും സമരവീര്യത്തിന്റേയും താപം നമ്മെ ഇന്നും ബോധ്യപ്പെടുത്തും. ഭഗത് സിങ് ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ എക്കാലത്തേയും ലോകമാതൃകയാണ്. സിക്ക് സമുദായത്തില്‍ നിന്ന് ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. ആ പാരമ്പര്യം പിന്തുടരുന്ന പഞ്ചാബിലെ കര്‍ഷകര്‍ ഒരു സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ അതങ്ങനെ പരാജയപ്പെടാന്‍ പാടില്ല. പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് ഒരു ഉയിര്‍പ്പും സാധ്യമാവില്ല. ഫാസിസത്തിന്റേയും ഏകാധിപത്യത്തിന്റേയും കുളമ്പടിപ്പാടില്‍ നാം എന്നന്നേക്കുമായി അമര്‍ന്നുപോവും.
ഷഹീന്‍ബാഗ് സമരം നടക്കുമ്പോള്‍ സംഘ്പരിവാറുകാര്‍ക്ക് സമരഭൂമിയിലേയ്ക്ക് നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാന്‍ കഴിഞ്ഞു. എന്നാല്‍ സിക്കുകാരുടെ സമരമുഖത്ത് ഇതൊന്നും സാധ്യമല്ല. അവരുടെ പ്രതിരോധ സംവിധാനം അത്രയ്ക്ക് കുറ്റമറ്റതാണ്. അശ്വാരൂഢരായ പോരാളികള്‍ സദാ റോന്ത് ചുറ്റുന്നു. നൂറ്റാണ്ടുകള്‍കൊണ്ട് സിദ്ധിച്ച ഗറില്ലാ സമരമുറകള്‍ കെടാതെ സൂക്ഷിക്കുന്നവരാണവര്‍. 1598ല്‍ ഗുരു ഗോബിന്ദ് സിങ്ങിന്റെ കാലത്താണ് സിഖ് ഖല്‍സ എന്ന സൈന്യം രൂപപ്പെടുന്നത്. പിന്നീട് എന്നും പ്രതിരോധത്തിനും പോരാട്ടത്തിനുമായി ആ സൈന്യം സിക്കുകാര്‍ക്ക് ഒപ്പമുണ്ടായിരുന്നു. പരമ്പരാഗത വേഷങ്ങളോടെ അവര്‍ ഈ സമരത്തെയും കാക്കുന്നു. ലക്ഷക്കണക്കിനു മനുഷ്യര്‍ക്ക് ആഹാരം നല്‍കുന്ന സംവിധാനം അത്ഭുതം തന്നെയാണ്. ഈ കൊടുംതണുപ്പുകാലത്തും ട്രാക്റ്ററുകള്‍ വീടാക്കി വൃദ്ധന്‍മാരായ കര്‍ഷകര്‍വരെ സമരമുഖത്ത് ജീവിക്കുന്നു. ഗുരുദ്വാരകളില്‍ നിന്ന് സമരമുഖത്തേയ്ക്ക് ഭക്ഷണമെത്തിക്കുന്നു. സമരത്തില്‍ പങ്കെടുക്കുന്ന മുസ്‌ലിംകള്‍ നിസ്‌കരിക്കുമ്പോള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ആരോഗ്യ പരിപാലനത്തിന് സിക്ക് മെഡിക്കല്‍ സംഘത്തിന്റെ സഹായം എപ്പോഴുമുണ്ട്. സമരം ഒരു സാംസ്‌കാരികോത്സവം തന്നെയായി മാറുകയാണിവിടെ. തെരുവുനാടകങ്ങള്‍, നൃത്തങ്ങള്‍ ഒക്കെ അരങ്ങേറുന്നു. രാഷ്ട്രീയം സര്‍ഗാത്മകമാവുമ്പോള്‍ മുദ്രാവാക്യങ്ങള്‍ കവിതയാവുന്നു എന്ന് കേട്ടിട്ടില്ലേ? ഇവിടെ അതാണ് സംഭവിക്കുന്നത്.
വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നല്ലൊരു ഗ്രന്ഥശാലയും പ്രവര്‍ത്തിക്കുന്നു. സിക്ക് സമൂഹത്തിലെ സെലിബ്രിറ്റികളായ ഗായകരും സിനിമാ നടന്മാരും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, സമരമുഖത്ത് സേവനം ചെയ്യുകയാണവര്‍. ബഹുമതികള്‍ വാങ്ങിക്കൂട്ടിയവര്‍ അതെല്ലാം തിരിച്ചുകൊടുക്കാനായി ഡല്‍ഹിയിലേക്കു വരുന്നു. ഇവരൊന്നും രാഷ്ട്രസ്‌നേഹികളല്ല എന്നതാണ് ബി.ജെ.പിക്കാരുടെ വാദം. ഇതുകേട്ടാല്‍ ചിരിവരും. ആരാണ് പറയുന്നതെന്നോര്‍ക്കണം. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടിഷ് അനുകൂലികളായി സമരനായകരെ ഒറ്റിക്കൊടുത്തവരുടെ പ്രസ്ഥാനമാണ്, കര്‍ത്താര്‍ സിങ്ങിന്റേയും ഉദ്ദം സിങ്ങിന്റേയും ഭഗത് സിങ്ങിന്റേയും ചോരയെ നോക്കി രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. സിക്കുസമുദായം ശരിക്കുമുണര്‍ന്നാല്‍ അവരെ വെല്ലുവിളിക്കാനുള്ള ശക്തിയൊന്നും സംഘ്പരിവാറിന് ഉണ്ടാവില്ല.
നരേന്ദ്ര മോദിയുടെ ഒരു പ്രസ്താവന മാധ്യമങ്ങളിലൂടെ നാമെല്ലാം അറിഞ്ഞല്ലൊ. പഴയ നിയമങ്ങള്‍കൊണ്ട് പുതിയ കാലത്തെ അഭിസംബോധന ചെയ്യാന്‍ പറ്റില്ല എന്നോ മറ്റോ ആണല്ലൊ അദ്ദേഹം പറഞ്ഞത്. അതിന് തിരിച്ച് ഒരുപാട് മറുപടികളുണ്ട്. ഗൂഗിളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തിടത്തോളം കാലം റൊട്ടിയും സബ്ജിയും പഴയനിയമം തന്നെയാണ് സാര്‍. അങ്ങയുടെ വിശപ്പു മാറ്റാനും ആ പഴയ നിയമം തന്നെ വേണം സാര്‍. അത് കര്‍ഷകന്റെ വിയര്‍പ്പും ചോരയും കൊണ്ട് എഴുതിയ നിയമമാണു സാര്‍. അങ്ങും സംഘ്പരിവാറും പ്രയോഗിക്കുന്ന വംശീയ പ്രത്യയശാസ്ത്രത്തിന്റെ നിയമസംഹിതയ്ക്ക് എത്രപഴക്കമുണ്ടാവും സാര്‍. ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രമുണ്ടാക്കിയ ന്യായീകരണത്തിന് എത്ര പഴക്കം കാണും സാര്‍? മനുസ്മൃതിയെന്ന ജീര്‍ണിച്ച് ദുര്‍ഗന്ധം പരത്തുന്ന ആ പഴയം നിയമം വലിച്ചെറിയാന്‍ സംഘ്പരിവാറിനെ ഉപദേശിക്കാമോ സാര്‍? എം.എസ് ഗോള്‍വാള്‍ക്കര്‍ എന്ന, പ്രാകൃത ബ്രാഹ്മണ്യത്തെ അലങ്കാരമായികൊണ്ടു നടക്കുന്ന മനുഷ്യന്റെ പേര് ആധുനിക ശാസ്ത്ര, സാങ്കേതിക സ്ഥാപനത്തിന് ചാര്‍ത്തിക്കൊടുക്കുന്ന പഴയ പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞിട്ടു പോരേ സാര്‍ പുതിയ നിയമങ്ങളെക്കുറിച്ച് സംസാരിക്കല്‍. നെഹ്‌റു സ്വപ്നം കണ്ട ഭാരതത്തെ എത്ര നൂറ്റാണ്ടിന്റെ പിറികിലേക്കാണ് സാര്‍ അങ്ങ് കൊണ്ടുപോയത്?
ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു കാര്യം തിരിച്ചറിഞ്ഞാല്‍ കൊള്ളാം. ഈ കര്‍ഷകസമരം തോല്‍ക്കാന്‍ പാടില്ല. തോറ്റാല്‍ കാലത്തിന്റെ ചവറ്റുകുട്ടയില്‍പോലും നിങ്ങള്‍ക്ക് സ്ഥാനമുണ്ടാവില്ല. ഇത് കര്‍ഷകന്റെ മാത്രം സമരമല്ല. അഭിമാനികളായ ഓരോ ഭാരതീയന്റേയും സമരമാണ്. നമുക്ക് വിജയിച്ചേ മതിയാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."