സര്‍ക്കാര്‍ അനാസ്ഥ: തവനൂര്‍ വൃദ്ധമന്ദിരം പ്രതിസന്ധിയില്‍
കെ.പി ഖമറുല്‍ ഇസ്‌ലാം
കുറ്റിപ്പുറം: സന്തോഷം നിറഞ്ഞ ജീവിതത്തില്‍നിന്ന് ഏകാന്തതയുടെ ചുമരുകള്‍ക്കുളളില്‍ തളക്കപ്പെട്ട് കഴിയുന്ന ഒട്ടനവധി പേരാണ് തവനൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലുള്ളത്.
ഇവിടെയും മോശമായ അവസ്ഥകളിലൂടെയാണ് ഈ വയോജനങ്ങള്‍ ജീവിതം തള്ളി നീക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തവനൂരിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികളുടെ മരണത്തോടെ പുറത്ത് വന്നത്. കൃത്യമായ ചികിത്സയോ മരുന്നോ പരിചരണമോ കിട്ടാത്ത അവസ്ഥയിലാണ് വയോധികരായ ജനങ്ങള്‍.
84ഓളം അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേരാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മരണമടഞ്ഞത്. മരണത്തില്‍ അസ്വഭാവികതയില്ലെന്നും മറ്റും അധികൃതര്‍ വ്യക്തമാക്കുമ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ സംശയത്തില്‍ നിഴല്‍ പൂര്‍ണമായും നീങ്ങിയിട്ടില്ല. ഇനിയുള്ള 80 പേരില്‍ 18 പേര്‍ കിടപ്പിലാണ്. ഇവരെ പരിചരിക്കാനും മറ്റും ആവശ്യമായ ജീവനക്കാര്‍ ഇവിടെ ഇല്ലാത്തത് വയോജനതയുടെ അവസ്ഥ ഗുരുതരമാക്കുന്നു.
ഡോക്ടറും സ്റ്റാഫ് നഴ്‌സുമടക്കം മിനിമം പത്ത് പേരെങ്കിലും കേന്ദ്രത്തില്‍ വേണം. പക്ഷേ, ഇവിടെ ആകെ അഞ്ചുപേരാണുള്ളത്. കൂടാതെ ക്ലീനിങ് ജീവനക്കാരില്ലാത്തത് ശുചീകരണ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. കിടപ്പിലായ രോഗികളെ പരിചരിക്കാന്‍ മതിയായ സൗകര്യങ്ങളുടെ കുറവും ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രിയില്‍ എത്തിച്ചാല്‍ അവരെ പരിചരിക്കാന്‍ ജീവനക്കാര്‍ ഇല്ലാത്തതിനാലും മറ്റുള്ള അന്തേവാസികളുടെ സഹായം തേടേണ്ട അസ്ഥയാണ്.
മാസത്തില്‍ ഒരു തവണ മാത്രമാണ് ഡോക്ടര്‍മാര്‍ കേന്ദ്രത്തിലെത്തുന്നത്. സര്‍ക്കാര്‍ അധീനതയിലുള്ള സംസ്ഥാനത്തെ മികച്ച വൃദ്ധമന്ദിരം സര്‍ക്കാരിന്റെ അനാസ്ഥ മൂലം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."