പട്ടയഭൂമി നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയാറാവണം: സണ്ണി ജോസഫ് എം.എല്‍.എ
ഇരിട്ടി: പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് സ്ഥലം വിലകൊടുത്തു വാങ്ങി രജിസ്റ്റര്‍ ചെയ്ത് ആധാരം കൈവശം സൂക്ഷിക്കുന്ന കര്‍ഷകരും പട്ടയം പുതുതായി ലഭിച്ചവരും തമ്മിലുള്ള ഭൂമിയുമായി ബന്ധപ്പെട്ടുള്ള നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ചും പട്ടയം ലഭിക്കാത്തവര്‍ക്ക് അത് നല്‍കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നിയമസഭയില്‍ അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. അയ്യങ്കുന്ന് വില്ലേജിലെ തുടിമരം, എടപ്പുഴ, ആറളം വില്ലേജിലെ അമ്പലക്കണ്ടി, കൊട്ടിയൂര്‍ വില്ലേജിലെ പൊട്ടന്‍തോട്, അമ്പായത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് എം.എല്‍.എ ആവശ്യപ്പെട്ടത്. കണ്ണൂര്‍ ജില്ലയിലെ ആറളം വില്ലേജില്‍ അമ്പലക്കണ്ടി പ്രദേശത്ത് മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതും റി.സര്‍വേ 238ല്‍പ്പെട്ടതുമായ 134,03 ഏക്കര്‍ ഭൂമിയിലെ കൈവശക്കാര്‍ക്കും അയ്യങ്കുന്ന് വില്ലേജിലെ തുടിമരം-എടപ്പുഴ ഭാഗത്ത് പ്രോ.സര്‍വേ നമ്പര്‍ 1293ല്‍പ്പെട്ട മിച്ചഭൂമി കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ 48 കൈവശക്കാര്‍ക്കും പട്ടയം അനുവദിക്കുന്നതിനായുള്ള നടപടികള്‍ കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണലില്‍ നടന്നു വരുന്നു. കൊട്ടിയൂര്‍ വില്ലേജിലെ പൊട്ടന്‍തോട് പ്രദേശത്ത് സര്‍വേ നമ്പര്‍ 2357 മുതല്‍ 2370 വരെയുള്ള മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമിയിലെ ഏകദേശം 125 കൈവശക്കാരില്‍ മിക്കവര്‍ക്കും പട്ടയം നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നു താത്കാലികമായി ഭൂനികുതി സ്വീകരിച്ചു വരുന്നു. കൊട്ടിയൂര്‍ വില്ലേജിലെ അമ്പായത്തോട് പ്രദേശത്ത് പ്രോ.സര്‍വ്വേ നമ്പര്‍ 1222ല്‍ പ്പെട്ടതും റസര്‍വ്വ് വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നതുമായ 25 ഏക്കറോളം ഭൂമി 95 വ്യക്തികള്‍ കയ്യേറിയിട്ടുണ്ട്. ഈ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം നടത്തുന്നതിനായി റവന്യൂ, വനം വകുപ്പുകള്‍ സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഭൂമിക്ക് പട്ടയം അനുവദിക്കുകയോ നികുതി സ്വീകരിക്കുകയോ ചെയ്തിട്ടില്ലായെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ മറുപടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."