ഓവുചാലില്‍ വെള്ളത്തിനൊപ്പം മാലിന്യങ്ങളും
കമ്പളക്കാട്: ടൗണിലെ ഓവുചാലില്‍ നിന്നുള്ള വെള്ളത്തിനൊപ്പം മറ്റ് മാലിന്യങ്ങളും ഒഴുക്കി വിടുന്നത് ഒരു പ്രദേശത്തെ താമസക്കാരെ മൊത്തത്തില്‍ ദുരിതത്തിലാക്കുന്നു. കണിയാമ്പറ്റ പഞ്ചായത്തിലെ 11, 12 വാര്‍ഡുകളിലെ താമസക്കാരാണ് കമ്പളക്കാട് ടൗണില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഒഴുകിവരുന്നതിനാല്‍ ദുരിതത്തിലായിരിക്കുന്നത്. ഓവുചാലിലൂടെ മഴവെള്ളത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും റബറടക്കമുള്ള പാഴ്‌വസ്തുക്കളും കക്കൂസ് മാലിന്യവും ഇതിലൂടെ യഥേഷ്ടം ഒഴുകുകയാണ്.
ഇത് പ്രദേശത്തെ 200ലധികം വരുന്ന കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിയടകമുള്ള ആളുകള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ഓവുചാലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രദേശത്തുകാര്‍ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഓവുചാലിന്റെ പല ഭാഗങ്ങളിലും അനധികൃത കയ്യേറ്റം നടന്നിട്ടുണ്ടെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത്. ടൗണില്‍ നിന്ന് ഓയിലടക്കമുള്ള അസംസ്‌കൃത പദാര്‍ഥങ്ങള്‍ ഓവുചാലിലൂടെ ഒഴുക്കി വിടുന്നതിനാല്‍ പ്രദേശത്തെ വയലുകളെല്ലാം തരിശായി കിടക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ മികച്ച രീതിയില്‍ നെല്‍കൃഷിയടക്കം ചെയ്ത വയലുകളാണിവ. പ്രദേശത്ത് കൊതുകു ശല്ല്യവും പകര്‍ച്ച വ്യാധികളും ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വിട്ടുമാറാത്ത പനി, ചുമ, ചൊറിച്ചില്‍ തുടങ്ങിയവ കൊണ്ടും പ്രദേശത്തുകാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.
ഇതിന് ശാശ്വത പരിഹാരം എന്ന നിലയില്‍ പഞ്ചായത്തും മറ്റ് അധികാരികളും മുന്‍കയ്യെടുത്ത് ഓവുചാല്‍ കയ്യേറ്റം നടത്തിയ സ്ഥലങ്ങളില്‍ ഇവ പൊളിപ്പിച്ച് ഓവുചാല്‍ പുനര്‍ നിര്‍മിക്കണം. ഒപ്പം കക്കൂസ് മാലിന്യങ്ങളടക്കം ഇതിലൂടെ തുറന്നുവിടുന്നതിനെതിരെ നടപടിയെടുക്കണം. ഓയില്‍, പ്ലാസ്റ്റിക്, റബര്‍ തുടങ്ങിയ ഓവുചാലിലൂടെ ഒഴുക്കി വിടുന്നതിനെയും തടയിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2007-2009 കാലത്താണ് പി.ഡബ്ല്യു.ഡി ആറു ലക്ഷം രൂപ ചിലവിട്ട് ഇവിടെ ഓവുചാല്‍ നിര്‍മിച്ചത്. അതിന് ശേഷം പലയിടത്തും കയ്യേറ്റങ്ങളടക്കം നടന്നിട്ടുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഓവുചാലിന് മുകളില്‍ സ്ലാബിടാനായി അഞ്ചുലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു.
ഇതിന്റെ ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായതാണ്. എന്നാല്‍ കരാറുകാരന് ഇതുവരെ പ്രവര്‍ത്തി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഇതിലും അനുകൂലമായ നടപടിയുണ്ടാകണമെന്ന് ആര്‍.ഡി.ഒക്ക് പ്രദേശത്തെ ഉസ്താദ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അനുകൂല നടപടിയുണ്ടായില്ലെങ്കില പ്രത്യക്ഷ സമരങ്ങളിലേക്ക് ഇറങ്ങാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."