വര്‍ഷകാലം ദുരിതകാലം; മഴയില്‍ ചെളിക്കുളമായി തലശ്ശേരി-വളവുപാറ റോഡ്
തലശ്ശേരി: തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തിക്ക് മഴ വില്ലനാകാന്‍ സാധ്യത. രണ്ടാഴ്ചയായി ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ ഭാഗികമായി പുനര്‍നിര്‍മിച്ച റോഡ് പലയിടങ്ങളിലും തകര്‍ന്നു. വൈകുന്നേരം നാലുമുതല്‍ രാത്രി എട്ടു വരെ എരഞ്ഞോളി പാലത്തില്‍ പതിവായി ഗതാഗതകുരുക്കും പതിവാണ്. കൂത്തുപറമ്പ് പൂക്കോട് മുതല്‍ എരഞ്ഞോളി പാലം വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ റോഡ് നിര്‍മാണം ഭാഗികമായി പുരോഗമിക്കുന്നുണ്ടെങ്കിലും വര്‍ഷകാലമാവുന്നതോടെ അപകടങ്ങള്‍ക്ക് സാധ്യതയേറുന്നു. കനത്തമഴയില്‍ കഴിഞ്ഞദിവസം എരഞ്ഞോളി ചുങ്കത്തിനടുത്ത് രണ്ട് മീറ്റര്‍ താഴ്ചയില്‍ ബസ് പതിക്കുന്നത് ഒഴിവായത് ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. കരാറുകാരുടെ ഭാഗത്തുനിന്നുള്ള അലംഭാവം സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികള്‍ക്കും തലവേദനയാകും.
മഴ പെയ്ത് റോഡ് പലയിടങ്ങളിലും ചെളിക്കുളമായതോടെ പൂക്കോട് മുതല്‍ എരഞ്ഞോളി പാലം വരെയുള്ള കച്ചവടസ്ഥാപനങ്ങളും മറ്റും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നേരത്തെയുണ്ടായിരുന്ന റോഡ് ആഴത്തില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിച്ചതോടെ റോഡിന്റെ ഇരുഭാഗങ്ങളിലുമായി ഉണ്ടായിരുന്ന ശുദ്ധജല പൈപ്പുകള്‍ മിക്കയിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. കേബിളുകളും പലയിടത്തും മുറിഞ്ഞുകിടപ്പാണ്. വൈകുന്നേരം ഏഴിനു ശേഷം വാഹനങ്ങള്‍ ക്രമം തെറ്റിച്ചാണ് കൂത്തുപറമ്പിലേക്കും കൂത്തുപറമ്പ് ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്കും ഓടുന്നത്. കുഴിച്ചതിനാല്‍ പലയിടങ്ങളിലും പ്രതലത്തില്‍ നിന്നു രണ്ടുമീറ്ററോളം ഉയരത്തിലാണ് റോഡ് ഉള്ളത്.
മെല്ലെപ്പോക്ക് പതിവായതോടെ ഞായറാഴ്ചകളില്‍ റോഡ് പ്രവൃത്തി നടക്കാറുമില്ല. വൈകുന്നേരം ആറോടെ പ്രവൃത്തികള്‍ നിര്‍ത്തുകയും ചെയ്യും. മുഴുവന്‍ സമയം പണി നടന്നിരുന്നെങ്കില്‍ നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം മെയ് 31നകം തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവും രാത്രികാലങ്ങളില്‍ പ്രവൃത്തി നടക്കുന്നത് നിരീക്ഷിക്കുന്നതിനുള്ള മടിയുമാണ് റോഡ് നിര്‍മാണം ഇത്രയേറെ പ്രതിസന്ധിയിലാക്കിയത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണമെന്ന് നാട്ടുകാരും റോഡിന്റെ ഇരുഭാഗങ്ങളിലുമായി കച്ചവടം നടത്തുന്ന വ്യാപാരികളും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."